റെയില്‍പ്പാളത്തില്‍ കല്ലിട്ട സംഭവം: നാലു ബിഹാറികള്‍ അറസ്റ്റില്‍

Posted on: 10 Sep 2010



ചെന്നൈ: റെയില്‍പ്പാളത്തില്‍ കല്ലുകളിട്ട് ട്രെയിന്‍ അട്ടിമറിക്കു ശ്രമിച്ച ബിഹാര്‍ സ്വദേശികളായ നാലുപേര്‍ അറസ്റ്റില്‍. മാര്‍ക്കോസ് (19), മഞേ്ജാജ് (22), ബിജെസ് യാദവ് (23), റുത്തല്‍ യാദവ് (45) എന്നിവരാണ് അറസ്റ്റിലായത്. പുങ്കമ്പടിയിലെ കോഴി വളര്‍ത്തു കേന്ദ്രത്തിലെ തൊഴിലാളികളാണ് ഇവര്‍. ഈറോഡില്‍ നിന്ന് അങ്കമാലിയ്ക്കുള്ള ചരക്കുതീവണ്ടി പോകുന്ന പാളത്തില്‍ ഇവര്‍ കല്ലിട്ടു. കല്ലിനു മുകളില്‍ കൂടി ട്രെയിന്‍ കയറി ഇറങ്ങി. ചരക്കു തീവണ്ടിയുടെ ലോക്കോ പൈലറ്റ് ശരവണന്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. സംഭവം നടന്നതിനു സമീപം നാലുപേര്‍ നില്‍ക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതായി ഡ്രൈവര്‍ പോലീസിനോടു പറഞ്ഞു. ഉടന്‍ സ്ഥലത്തെത്തിയ പോലീസ് നാലുപേരെയും കസ്റ്റഡിയില്‍ എടുക്കുകയായിരുന്നുവെന്ന് ഐ.ജി. ശിവനദി പറഞ്ഞു.

പോലീസ് ചോദ്യം ചെയ്തപ്പോള്‍ വെറുതെ രസത്തിന് പാളത്തില്‍ കല്ലുവെച്ചതാണെന്നാണ് ഇവര്‍ നല്‍കിയ വിശദീകരണം. ഇതേ ഭാഗത്ത് പാളത്തില്‍ കല്ലിട്ട ആറു സംഭവങ്ങള്‍ തുടര്‍ച്ചയായി ഉണ്ടായിട്ടുണ്ട്. മുന്‍ സംഭവങ്ങളില്‍ ഇവര്‍ക്കു പങ്കുണ്ടോയെന്നറിയാന്‍ പോലീസ് ഇവരെ ചോദ്യം ചെയ്തുവരികയാണ്.

ഈറോഡ്- അങ്കമാലി ചരക്കുവണ്ടിവരുമ്പോള്‍ 10 മീറ്റര്‍ അകലത്തിലായി രണ്ടിടത്താണ് വ്യാഴാഴ്ച രാവിലെ 6.10ന് കല്ലുകള്‍ വെച്ചത്. സംഭവസ്ഥലം ഈറോഡ് പോലീസ് സൂപ്രണ്ട് ടി.ജയചന്ദ്രന്‍ ഉള്‍പ്പെടെയുള്ള സംഘം പരിശോധിച്ചു.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/