മഅദനിക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കര്‍ണാടക ഹൈക്കോടതി
Posted on: 10 Sep 2010
പി.സുനില്‍കുമാര്‍
ബാംഗ്ലൂര്‍: ബാംഗ്ലൂര്‍ സേ്ഫാടനക്കേസില്‍ കുറ്റപത്രം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പി.ഡി.പി. ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅദനി നല്‍കിയ ഹര്‍ജി കര്‍ണാടക ഹൈക്കോടതി തള്ളി. സാക്ഷിമൊഴികളില്‍ നിന്ന് മഅദനിക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്ന് കോടതി നിരീക്ഷിച്ചു. അന്വേഷണത്തിലിരിക്കുന്ന കേസില്‍ ഇടപെടാന്‍ ആഗ്രഹിക്കുന്നില്ലെന്നു വ്യക്തമാക്കിക്കൊണ്ടാണ് ജസ്റ്റിസ് സുഭാഷ് ബി. ആദി ഹര്‍ജി തള്ളിയത്.
ബാംഗ്ലൂര്‍ സേ്ഫാടനക്കേസ് സംബന്ധിച്ച് അന്വേഷണം നടന്നുവരികയാണ്. കൂടുതല്‍ തെളിവുകള്‍ ശേഖരിക്കേണ്ടതുണ്ട്. ഇതൊരു ചെറിയ കേസായി കാണാന്‍ കഴിയില്ല. അതിനാല്‍ ക്രിമിനല്‍ നടപടിക്രമം 482-ാം വകുപ്പ് പ്രകാരം മഅദനിക്കെതിരെയുള്ള കുറ്റപത്രം തള്ളാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.
മഅദനിക്കെതിരെ പബ്ലിക് പ്രോസിക്യൂട്ടര്‍ നല്‍കിയ തെളിവുകള്‍ കോടതി അംഗീകരിക്കുകയായിരുന്നു. ബാംഗ്ലൂര്‍ സേ്ഫാടനത്തിന് മുമ്പും ശേഷവും തടിയന്റവിട നസീര്‍ മഅദനിയുമായി ബന്ധപ്പെട്ട ഫോണ്‍ നമ്പറുകള്‍ കേസിനെ ബലപ്പെടുത്തുന്നതായി കോടതി നിരീക്ഷിച്ചു. നസീറിന് മഅദനിയുമായി ബന്ധമുണ്ടെന്ന് തെളിയിക്കുന്നതിനായി 2007 ഡിസംബര്‍ മുതല്‍ 2008 ആഗസ്ത് വരെയുള്ള ഫോണ്‍ വിശദാംശങ്ങള്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. കേരളത്തിലെ രാഷ്ട്രീയ നേതാവായ മഅദനിയുടെ പൊതുജീവിതം തകര്‍ക്കാന്‍ ഉദ്ദേശിച്ചുകൊണ്ട് ചില തത്പരകക്ഷികള്‍ കെട്ടിച്ചമച്ചതാണ് കേസെന്ന വാദം കോടതി മുഖവിലയ്‌ക്കെടുത്തില്ല. രാഷ്ട്രീയ നേതാവ് എന്നത് ഇത്തരമൊരു കേസിനെ ബാധിക്കുന്ന ഘടകമല്ലെന്നും ദേശദ്രോഹ കുറ്റമാണ് മഅദനിക്കെതിരെ ചുമത്തിയിരിക്കുന്നതെന്നും കോടതി നിരീക്ഷിച്ചു.
247-ഓളം സാക്ഷികളുടെ മൊഴികള്‍ പരിശോധിച്ച കോടതി, തുടരന്വേഷണത്തില്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാന്‍ കഴിഞ്ഞേക്കുമെന്നും അഭിപ്രായപ്പെട്ടു.
വ്യക്തമായ തെളിവുകളില്ലാതെയാണ് മഅദനിക്കെതിരെ കേസെടുത്തതെന്നും നിയമവിരുദ്ധപ്രവര്‍ത്തനം തടയല്‍ 45ഡി പ്രകാരമുള്ള നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് പ്രതിപ്പട്ടികയില്‍ ചേര്‍ത്തതെന്നുമാണ് മഅദനി ഹര്‍ജിയില്‍ പ്രധാനമായി ചൂണ്ടിക്കാട്ടിയത്. എന്നാല്‍, നിയമവിരുദ്ധപ്രവര്‍ത്തനം തടയല്‍നിയമം സംബന്ധിച്ച ഒരു പരാമര്‍ശവും ഉത്തരവില്‍ ഉണ്ടായില്ല.
ബാംഗ്ലൂര്‍ സേ്ഫാടനക്കേസിലെ ഒന്നുമുതല്‍ നാലുവരെ പ്രതികള്‍ക്ക് മഅദനിയുമായി ബന്ധമുള്ളതിന്റെ തെളിവുകള്‍ പ്രോസിക്യൂട്ടര്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇതു കണക്കിലെടുത്ത കോടതി, കേസിലെ മറ്റു പ്രതികളുമായി മഅദനിക്ക് പ്രഥമദൃഷ്ട്യാ ബന്ധമുണ്ടെന്നും അന്വേഷണത്തിലൂടെ ഇതുസംബന്ധിച്ച് കൂടുതല്‍ തെളിവുകള്‍ നേടാന്‍ കഴിഞ്ഞേക്കുമെന്നും അതിനാല്‍ അന്വേഷണത്തില്‍ ഇടപെടാന്‍ ആഗ്രഹിക്കുന്നില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കി. അറസ്റ്റിലായ ആഗസ്ത് 17-നാണ് ക്രിമിനല്‍ നടപടിക്രമം 482-ാം വകുപ്പ് നല്കുന്ന വിവേചനാധികാരം ഉപയോഗിച്ച് കുറ്റപത്രം തള്ളണമെന്നാവശ്യപ്പെട്ട് മഅദനി കര്‍ണാടക ഹൈക്കോടതിയില്‍ ഹര്‍ജി നല്കിയത്.
ആഗസ്ത് 18-ന് വാദം പൂര്‍ത്തിയായതിനെത്തുടര്‍ന്ന് വിധി പറയാനായി ജസ്റ്റിസ് സുഭാഷ് ബി. ആദി ഹര്‍ജി മാറ്റിവെക്കുകയായിരുന്നു.
മഅദനിക്കുവേണ്ടി അഭിഭാഷകരായ പി.ഉസ്മാന്‍, രവി വി. നായിക് എന്നിവരാണ് ഹാജരായത്. ഉത്തരവിന്റെ പകര്‍പ്പ് കിട്ടിയശേഷം സുപ്രീംകോടതിയെ സമീപിക്കുന്ന കാര്യം ആലോചിക്കുമെന്ന് അഡ്വ. പി.ഉസ്മാന്‍ അറിയിച്ചു.
ആഗസ്ത് 17-ന് അറസ്റ്റിലായ മഅദനി ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. അതിനിടെ അതിവേഗ സെഷന്‍സ് കോടതിയില്‍ മഅദനി നല്കിയ ജാമ്യഹര്‍ജിയില്‍ തിങ്കളാഴ്ച വിധിപറയും. ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി ചൊവ്വാഴ്ച അവസാനിക്കും. 2008 ജൂലായ് 25-നുണ്ടായ ബാംഗ്ലൂര്‍ സേ്ഫാടനപരമ്പരക്കേസില്‍ 31-ാം പ്രതിയാണ് അബ്ദുന്നാസര്‍ മഅദനി.