ഇസ്‌ലാമിക ബാങ്കിങ്ങ് ഇന്ത്യയില്‍ സാധ്യമല്ല - കേന്ദ്ര സര്‍ക്കാര്‍

Posted on: 10 Sep 2010



കൊച്ചി: ഇസ്‌ലാമിക ബാങ്കിങ്ങ്, ബാങ്കിങ്ങിതര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് ഇന്ത്യയില്‍ നിലവിലുള്ള നിയമമനുസരിച്ച് പ്രവര്‍ത്തിക്കാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.

കെ.എസ്.ഐ.ഡി.സിയുടെ സഹകരണത്തോടെ അല്‍ബരാഖ ഫിനാന്‍ഷ്യല്‍ സര്‍വീസസ് രാജ്യത്ത് ഇസ്‌ലാമിക ബാങ്കിങ് സ്ഥാപനം ആരംഭിക്കുന്നതിനെതിരെ വടക്കന്‍ പറവൂര്‍ സ്വദേശി ആര്‍.വി. ബാബു നല്‍കിയ ഹര്‍ജിയില്‍ കേന്ദ്ര ധനമന്ത്രാലയത്തിലെ അണ്ടര്‍ സെക്രട്ടറി എം.എം. ദവ്‌ളയാണ് കേന്ദ്രനിലപാട് വ്യക്തമാക്കുന്നത്.

റിസര്‍വ് ബാങ്ക് നിയമം, ബാങ്കിങ് നിയന്ത്രണ നിയമം എന്നിവയ്ക്കനുസൃതമായാണ് രാജ്യത്ത് ബാങ്കിങ്ങ്, ബാങ്കിങ്ങിതര സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. റിസര്‍വ് ബാങ്കിന്റെ മേല്‍നോട്ടത്തിലും നിയന്ത്രണത്തിലുമേ ഇവയ്ക്ക് പ്രവര്‍ത്തിക്കാനാവൂ. ഇന്ത്യന്‍ ബാങ്കുകള്‍ക്കും മറ്റും ഇന്ത്യയില്‍ മാത്രമല്ല വിദേശ ശാഖകളിലും ഇസ്‌ലാമിക ബാങ്ക് പ്രവര്‍ത്തനം നിയമപരമായി സാധ്യമല്ല. കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ ഈ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. കത്തിടപാടുകളിലും ഇക്കാര്യം അറിയിച്ചിട്ടുണ്ട്. ബാങ്കിങ്ങിതര ധനകാര്യങ്ങള്‍ക്കും ഈ വ്യവസ്ഥ ബാധകമാണ്.

ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് നിക്ഷേപം സ്വീകരിച്ചോ, അല്ലാതെയോ പ്രവര്‍ത്തിക്കാം. 1999 മുതല്‍ നിക്ഷേപം സ്വീകരിക്കാത്ത ബാങ്കിതര ധനകാര്യസ്ഥാപനങ്ങള്‍ രജിസ്റ്റര്‍ ചെയ്തുവരുന്നുണ്ട്. റിസര്‍വ് ബാങ്കിന്റെ നിര്‍ദേശത്തിനും നിയമവ്യവസ്ഥയ്ക്കും അനുസൃതമായേ ഇവയ്‌ക്കെല്ലാം തന്നെ പ്രവര്‍ത്തിക്കാനാവൂ എന്നാണ് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുള്ളത്.

സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള കെ.എസ്.ഐ.ഡി.സി.യില്‍ നിന്ന് ഒരുകോടിയിലേറെ രൂപയുടെ മൂലധനം ലഭ്യമാക്കി അല്‍ബറാഖ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഇസ്‌ലാമിക ബാങ്കിങ് സ്ഥാപനം തുടങ്ങുന്നതിനെയാണ് ഹര്‍ജിയില്‍ ചോദ്യം ചെയ്യുന്നത്. ഇതുമായി കേന്ദ്രസര്‍ക്കാരിന് ബന്ധമൊന്നുമില്ലെങ്കിലും കോടതി ആവശ്യപ്പെട്ടത് പ്രകാരം വിശദീകരണം നല്‍കുകയാണെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നുണ്ട്.

2009 ഒക്‌ടോബര്‍ 14-നാണ് കെ.എസ്.ഐ.ഡി.സി.യുടെ പങ്കാളിത്തത്തോടെ ഒരു സ്വകാര്യ സ്ഥാപനം ഇസ്‌ലാമിക ബാങ്കിങ് സംരംഭം തുടങ്ങാനുള്ള ശുപാര്‍ശയുമായി സര്‍ക്കാര്‍ ഉത്തറവിറങ്ങിയത്. ഇത് രാജ്യത്തെ മതനിരപേക്ഷതാ തത്വത്തിന് എതിരാണെന്ന് ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടുന്നു. വസ്തു ഇടപാടുകള്‍ നടത്തുന്ന ഈ സ്ഥാപനം ഇത്തരം ഇടപാടുകള്‍ക്ക് മതസ്വഭാവം കൈവരാന്‍ ഇടവരുത്തുമെന്നും പരാതിയുണ്ട്.

ഡോ.സുബ്രഹ്മണ്യന്‍ സ്വാമിയും ഇസ്‌ലാമിക ബാങ്കിങ്ങിനെതിരെ ഹര്‍ജിയുമായി നേരത്തെ കോടതിയിലെത്തിയിരുന്നു. ഹര്‍ജി പരിഗണിച്ച കോടതി ഇതുസംബന്ധിച്ച തുടര്‍ നടപടി തടഞ്ഞിട്ടുണ്ട്.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/