സംസ്ഥാന ലോട്ടറി പുനഃസ്ഥാപിക്കാന്‍ സമരം നടത്തും - ഐ.എന്‍.ടി.യു.സി
Posted on: 10 Sep 2010
കൊച്ചി: സംസ്ഥാന ലോട്ടറി പഴയ രീതിയില്‍ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് സമരം നടത്തുമെന്ന് ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍.ചന്ദ്രശേഖരന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ഇതിന്റെ ഭാഗമായി 18ന് ഓള്‍ കേരള ലോട്ടറി ഏജന്റ്‌സ് ആന്‍ഡ് സെല്ലേഴ്‌സ് കോണ്‍ഗ്രസിന്റെ (ഐഎന്‍ടിയുസി) നേതൃത്വത്തില്‍ ജില്ലാ ആസ്ഥാനങ്ങളില്‍ കരിങ്കൊടി പ്രകടനവും ഉപവാസ സമരവും നടത്തും. തുടര്‍ന്ന് 25ന് സെക്രട്ടേറിയറ്റ് മാര്‍ച്ചും പിക്കറ്റിങ്ങും സംഘടിപ്പിക്കും.
നാലരവര്‍ഷം ലോട്ടറി മാഫിയയ്ക്ക് ഒത്താശചെയ്ത ധനമന്ത്രി പ്രതികാരബുദ്ധിയോടെ കേരളാ ലോട്ടറിയെ നശിപ്പിക്കാന്‍ ശ്രമിക്കുകയാണ്. 2.5 ലക്ഷം വരുന്ന തൊഴിലാളികളെ വഴിയാധാരമാക്കാന്‍ അനുവദിക്കില്ല. ലോട്ടറിക്കേസ്സുകളില്‍ തുടര്‍ച്ചയായി സര്‍ക്കാര്‍ തോല്‍ക്കുന്നത് മനപ്പൂര്‍വമാണെന്നും ചന്ദ്രശേഖരന്‍ കുറ്റപ്പെടുത്തി. ഐഎന്‍ടിയുസി ജന. സെക്രട്ടറി അഡ്വ. കെ.പി. ഹരിദാസ്, ഓള്‍ കേരള ലോട്ടറി ഏജന്റ്‌സ് ആന്‍ഡ് സെല്ലേഴ്‌സ് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഫിലിപ്പ് ജോസഫ്, ജോസഫ് ആന്റണി എന്നിവരും പത്രസമ്മേളനത്തില്‍ സംബന്ധിച്ചു.