അധ്യാപകനെ പിരിച്ചുവിട്ടത് ക്രൈസ്തവ വിരുദ്ധം, അധാര്‍മികം - കൃഷ്ണയ്യര്‍

Posted on: 08 Sep 2010



കൊച്ചി: അധ്യാപകനായ ടി.ജെ.ജോസഫിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ട ന്യൂമാന്‍ കോളേജ് മാനേജ്‌മെന്റ് നടപടി ക്രൈസ്തവ വിരുദ്ധവും ധാര്‍മിക-സദാചാര മൂല്യങ്ങളെ ലംഘിക്കുന്നതുമാണെന്ന് ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ പ്രതികരിച്ചു.

ഭ്രാന്തന്‍ മുസ്‌ലിം ഗ്രൂപ്പിന്റെ കൈകളില്‍ അമര്‍ന്ന് കളിച്ചിട്ടുള്ള ക്രിസ്ത്യന്‍ മാനേജ്‌മെന്റ് മനുഷ്യത്വവും ക്രിസ്തു പ്രചരിപ്പിച്ച സാര്‍വദേശീയ സ്‌നേഹവും മൈത്രിയും അനുകമ്പയും ശത്രുവായ അയല്‍ക്കാരനെ സ്‌നേഹിക്കാനുള്ള മഹത്തായ സന്ദേശവുമാണ് ലംഘിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. ക്രിസ്തുവിന്റെതുപോലുള്ള മാനുഷിക സന്ദേശം ഒരു പ്രവാചകനും നല്‍കിയിട്ടില്ല.

അധ്യാപകന്റെ കൈപ്പത്തി മൃഗീയമായി വെട്ടിനീക്കപ്പെട്ട സംഭവം രാഷ്ട്രത്തെ ഭയചകിതമാക്കിയിട്ടുണ്ടെങ്കില്‍, ഈ ക്രൂരകൃത്യത്തെ തോല്‍പ്പിക്കുന്ന രീതിയിലാണ് അധ്യാപകനെ പിരിച്ചുവിട്ടുകൊണ്ടുള്ള ക്രൈസ്തവ വിരുദ്ധ പ്രവൃത്തി ചെയ്തിട്ടുള്ളത്. ക്രിസ്തുവിനെത്തന്നെ സ്തബ്ധനാക്കുന്ന ക്രൂരമായ നടപടിയാണിത്.

ഈ ക്രൈസ്തവ വിരുദ്ധ നടപടിക്ക് കോളേജ് മാനേജ്‌മെന്റ് മാപ്പു പറയണം.

അധ്യാപകനെ തിരിച്ചെടുക്കുക. മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് മാനേജ്‌മെന്റ് ക്രിസ്തുവിന്റെ അനുയായി ആയിരിക്കുക. മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി അപ്പീലില്‍ മാനുഷിക മൂല്യങ്ങള്‍ പകര്‍ന്ന് നല്‍കുമെന്നാണ് തന്റെ പ്രത്യാശ. കാടത്തത്തിന് ഇരയായ അധ്യാപകനെ തിരിച്ചെടുക്കുക, കര്‍ദ്ദിനാള്‍ ന്യൂമാന്റെയും കുരിശിന്റെ ദൈവികത്വത്തിന്റെയും പേരില്‍ അങ്ങനെയുള്ള നടപടി വിദ്യാഭ്യാസ മാനേജ്‌മെന്റിനെയും സമൂഹത്തെയും ബോധവല്‍ക്കരിക്കുമെന്ന് ജസ്റ്റിസ് കൃഷ്ണയ്യര്‍ പറഞ്ഞു. കോളേജ് മാനേജ്‌മെന്റ് ക്രിസ്തുവിന്റെ അനുയായിയും മാന്യനുമായിരിക്കണം. അതാണ് ഏറ്റവും മികച്ച വിദ്യയും സംസ്‌കാരവുമെന്ന് കൃഷ്ണയ്യര്‍ ഓര്‍മിപ്പിച്ചു.
Related News
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/