കോട്ടയ്ക്കല്‍: മലപ്പുറം ജില്ലയില്‍ വിഷക്കള്ള് കുടിച്ച് മരിച്ചവരുടെ എണ്ണം 24 ആയി ഉയര്‍ന്നു. മദ്യദുരന്തത്തെത്തുടര്‍ന്ന് ജില്ലയിലെ ഉയര്‍ന്ന രണ്ട് എകൈ്‌സസ് ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തു. ഒരാളെ സ്ഥലംമാറ്റി. മലപ്പുറം എകൈ്‌സസ് ഡെപ്യൂട്ടി കമ്മീഷണര്‍ കെ.ആര്‍. ജയന്‍, കുറ്റിപ്പുറം അസിസ്റ്റന്റ് എകൈ്‌സസ് കമ്മീഷണര്‍ മുഹമ്മദ് റഷീദ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.
മലപ്പുറം ജില്ലയുടെ ചുമതലയുള്ള ജോയന്റ് എകൈ്‌സസ് കമ്മീഷണര്‍ വി.ടി. ദേവസ്യയെ തിരുവനന്തപുരം എകൈ്‌സസ് കമ്മീഷണറേറ്റിലേക്കാണ് സ്ഥലംമാറ്റിയത്. പകരം ഇന്റേണല്‍ ഓഡിറ്റ് വിഭാഗത്തിലെ ജോയന്റ് കമ്മീഷണര്‍ എച്ച്. റഹീമിന് ഉത്തരമേഖലയുടെ ചുമതല നല്‍കി.
തിങ്കളാഴ്ച രാത്രിയും ചൊവ്വാഴ്ച കാലത്തുമായാണ് അഞ്ചുപേര്‍ കൂടി മരിച്ചത്. ഇവരില്‍ ഒരാള്‍ തമിഴ്‌നാട് സ്വദേശിയും മറ്റൊരാള്‍ ആന്ധ്രപ്രദേശുകാരനുമാണ്.
തിരുനാവായ വാവൂര്‍ക്കുന്ന് കല്ലിങ്ങപ്പറമ്പില്‍ ചാത്തന്‍(53), വാണിയമ്പലം മരുതുങ്ങല്‍ കുന്നുമ്മല്‍ രാജന്‍(58), പേരശ്ശനൂര്‍ കൊപ്പറമ്പത്ത് ബാലകൃഷ്ണന്‍(42), ആന്ധ്ര സ്വദേശി നാഗരാജന്‍, തമിഴ്‌നാട് ഒട്ടന്‍ഛത്രം ആശാരിത്തെരുവില്‍ രവിചന്ദ്രന്‍(47) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി പേരശ്ശനൂര്‍ ചാത്തപ്പറമ്പില്‍ ഗോപാലന്‍ (40) മരിച്ചിരുന്നു.
ചാത്തന്‍ തിരുനാവായയിലെ ഷാപ്പില്‍ നിന്നും ബാലകൃഷ്ണന്‍ പേരശ്ശനൂരില്‍ നിന്നും നാഗരാജന്‍ കുറ്റിപ്പുറത്തുനിന്നും രവിചന്ദ്രനും രാജനും വാണിയമ്പലം ഷാപ്പില്‍നിന്നുമായിരുന്നു മദ്യപിച്ചത്. ക്ഷുഭിതരായ നാട്ടുകാര്‍ തിരുനാവായ, തിരൂര്‍ വീരഞ്ചിറ, പുല്ലൂര് എന്നിവിടങ്ങളിലെ കള്ളുഷാപ്പുകള്‍ ചൊവ്വാഴ്ച തകര്‍ത്ത് തീവെച്ചു.
മദ്യദുരന്തത്തെത്തുടര്‍ന്ന് അധികൃതര്‍ പ്രഖ്യാപിച്ച മുന്‍കരുതലുകളും പരിശോധനകളുമെല്ലാം പ്രഹസനമാക്കി. തിങ്കളാഴ്ചയും പ്രവര്‍ത്തിച്ച തിരുനാവായ ഷാപ്പില്‍നിന്ന് രാവിലെ മദ്യപിച്ചതിനുശേഷമാണ് ചാത്തന് അസ്വാസ്ഥ്യം തുടങ്ങിയത്. തുടര്‍ന്ന് കൊടക്കലിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. നില വഷളായതുമൂലം രാത്രി കോഴിക്കോട് മെഡിക്കല്‍കോളേജ് ആസ്പത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. വാണിയമ്പലം സ്വദേശി രാജനും മെഡിക്കല്‍ കോളേജ് ആസ്പത്രിയിലാണ് മരിച്ചത്.
വാണിയമ്പലത്തെ വാര്‍പ്പുതൊഴിലാളിയായ തമിഴ്‌നാട് ഒട്ടന്‍ഛത്രം സ്വദേശി രവിചന്ദ്രന്‍ നാട്ടിലേക്ക് ട്രെയിനില്‍ പോകുംവഴി ഒലവക്കോടുവെച്ച് അവശനായതിനെത്തുടര്‍ന്ന് അവിടെ ആസ്പത്രിയില്‍ ചികിത്സ തേടിയെങ്കിലും ഫലമുണ്ടായില്ല.തിരൂര്‍ താലൂക്ക് ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ചെറുപറമ്പില്‍ അയ്യപ്പന്റെ(48) നില ഗുരുതരമാണ്. തിങ്കളാഴ്ച തിരുനാവായയില്‍ നിന്ന് മദ്യപിച്ച ധാരാളം പേര്‍ നേരിട്ട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ചികിത്സ തേടിയിട്ടുമുണ്ട്. മഞ്ചേരി ജനറല്‍ ആസ്പത്രിയില്‍ 26 പേര്‍ നിരീക്ഷണത്തിലും ഒരാള്‍ ചികിത്സയിലുമുണ്ട്.