ബൊഗെറ്റ: കൊളംബിയക്കാരന്‍ എഡ്വേഡ് നീന്യോ ഹെര്‍ണാണ്ടസിന് വയസ്സ് 24 ആയി. പക്ഷേ, ഉയരം 70 സെ.മീ. മാത്രം; തൂക്കം വെറും 10 കിലോയും. ലോകത്ത് ജീവിച്ചിരിക്കുന്ന ഏറ്റവും പൊക്കം കുറഞ്ഞ മനുഷ്യന്‍ എന്ന ഗിന്നസ് റെക്കോഡിനുടമയാണ് നീന്യോ. നൃത്തവും അഭിനയവും ജീവിതോപാധിയാക്കിയ നീന്യോ തന്റെ പുതിയ സ്ഥാനലബ്ധിയില്‍ ആഹ്ലാദവാനാണ്.
ജനിക്കുമ്പോള്‍ 30 സെന്റീമീറ്ററായിരുന്നു നീന്യോയുടെ ഉയരം. പിന്നെ ഇത്രയും വര്‍ഷം കൊണ്ട് വളര്‍ന്നത് 40 സെന്റീമീറ്റര്‍ മാത്രം. മകന്റെ ഈ വളര്‍ച്ചാവൈകല്യത്തിന്റെ കാരണം ബൊഗെറ്റയിലെ ഡോക്ടര്‍മാര്‍ ഒരിക്കലും തന്നോട് വിശദീകരിച്ചിട്ടില്ലെന്ന് അമ്മ നോയെമി പറയുന്നു. ദേശീയ സര്‍വകലാശാലയിലെ ഡോക്ടര്‍മാര്‍ മൂന്നുവയസ്സുവരെ ഹെര്‍ണാണ്ടസിന്റെ ശാരീരിക പ്രത്യേകതയെപ്പറ്റി പഠിച്ചു. പിന്നീട് അവര്‍ക്ക് അതില്‍ താത്പര്യം കുറഞ്ഞെന്ന് നോയെമി പറയുന്നു. ഹെര്‍ണാണ്ടസിന്റെ ഇളയ സഹോദരന്‍ പതിനൊന്നു വയസ്സുള്ള മിഗ്വെല്‍ ആംഗെലിന് 93 സെന്റീമീറ്റര്‍ മാത്രമാണ് ഉയരം.
ലോകത്തിലെ ഏറ്റവും ചെറിയ മനുഷ്യന്‍ എന്ന ഗിന്നസ് റെക്കോഡ് ചൈനക്കാരനായ ഹി പിങ്‌പോങ്ങിന്റെ പേരിലായിരുന്നു. ഹെര്‍ണാണ്ടസിനേക്കാള്‍ നാലു സെന്റീമീറ്റര്‍ ഉയരം കൂടുതലുണ്ടായിരുന്ന പിങ്‌പോങ് മാര്‍ച്ചില്‍ മരിച്ചു.
ഹെര്‍ണാണ്ടസിന് തന്റെ പുതിയ സ്ഥാനം അധികകാലം വെച്ചുകൊണ്ടിരിക്കാനാവില്ല. ഒക്ടോബറില്‍ 18 വയസ്സു പൂര്‍ത്തിയാകുന്ന നേപ്പാള്‍ സ്വദേശി ഖഗേന്ദ്രഥാപ്പ മാഗര്‍ ഈ റെക്കോഡ് സ്വന്തമാക്കുമെന്നാണ് കരുതുന്നത്. ലോകത്തെ ഇത്തിരിക്കുഞ്ഞന്‍ കൗമാരക്കാരനായി അറിയപ്പെടുന്ന ഖഗേന്ദ്രയുടെ ഉയരം ഇപ്പോള്‍ വെറും 56 സെന്റീമീറ്ററാണ്. എന്നാല്‍, ഈ വിഭാഗത്തിലെ ഗിന്നസ് റെക്കോഡ് ഇന്ത്യക്കാരനായ ഗുല്‍മുഹമ്മദിന്റെ പേരിലാണ്- 57 സെന്റീമീറ്ററാണ് ഗുലിന്റെ ഉയരം.
ആളുകള്‍ എപ്പോഴും തൊടുകയും എടുത്തുപൊക്കുകയും ചെയ്യുന്നു എന്നതാണ് പുതിയ ഗിന്നസ് റെക്കോഡ് ഉടമ നീന്യോയുടെ പരിഭവം. എട്ടാം ക്ലാസില്‍ സ്‌കൂള്‍ വിട്ട ഹെര്‍ണ്ടാണ്ടസ് ഇപ്പോള്‍ ഒരു സിനിമയില്‍ മയക്കുമരുന്നു വില്പനക്കാരന്റെ വേഷം അഭിനയിച്ചുവരികയാണ്.