മഴ: യമുനയിലെ ജലനിരപ്പ് ഉയര്‍ന്നു

Posted on: 07 Sep 2010



ന്യൂഡല്‍ഹി: നഗരത്തിന്റെ പല ഭാഗങ്ങളിലും തിങ്കളാഴ്ച കാലത്ത് കനത്ത മഴ പെയ്തു. പലയിടങ്ങളിലും ഗതാഗതസ്തംഭനമുണ്ടായി. കോമണ്‍വെല്‍ത്ത് ഗെയിംസ് തയ്യാറെടുപ്പുകളെ മഴ ബാധിക്കുന്നുണ്ട്. ഞായറാഴ്ച രാവിലെ ഏഴരയ്ക്കും തിങ്കളാഴ്ച രാവിലെ എട്ടരയ്ക്കും ഇടയില്‍ 18 മില്ലിമീറ്റര്‍ മഴ പെയ്തു. മഴമൂലം നഗരത്തിന്റെ പല ഭാഗങ്ങളിലും വെള്ളക്കെട്ടുണ്ടായി. നിരവധി സ്ഥലങ്ങളില്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. ഐ.ടി.ഒ., ആശ്രം ചൗക്ക്, മഥുര റോഡ്, ബദര്‍പുര്‍, നിസാമുദ്ദീന്‍, ഗ്രീന്‍ പാര്‍ക്ക്, ലക്ഷ്മീനഗര്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് ഗതാഗതസ്തംഭനം ഉണ്ടായത്. ബദര്‍പുര്‍ ബോര്‍ഡര്‍, വികാസ്മാര്‍ഗ്, കൊണാട്ട്‌പ്ലേസ്, സൗത്ത് എക്‌സ്റ്റന്‍ഷന്‍, ധൗളക്കുവ, കരോള്‍ബാഗ്, മെഹ്‌റോളി എന്നിവിടങ്ങളിലും വെള്ളക്കെട്ടുമൂലം വാഹനങ്ങള്‍ വളരെ പതുക്കെയാണ് ഓടിയത്.തുടര്‍ച്ചയായ മഴ കാരണം യമുനയിലെ ജലനിരപ്പ് ഉയര്‍ന്നു. അപകടനിലയ്ക്കടുത്താണ് ഇപ്പോള്‍ ജലനിരപ്പ്. തിങ്കളാഴ്ച ജലനിരപ്പ് 204.83 മീറ്ററായി ഉയര്‍ന്നു. 205 ആണ് അപകടനില. ആഗസ്ത് 25-ന് യമുനയിലെ ജലനിരപ്പ് 205.92-ലെത്തിയിരുന്നു.
കഴിഞ്ഞ ദിവസം ഹരിയാണ 47,000 ക്യുസെക്‌സ് വെള്ളം തുറന്നുവിട്ടിട്ടുണ്ട്. ഇതോടെ യമുനാനദി അപകടനിരയ്ക്ക് മേലെ ഒഴുകുമെന്നാണ് കരുതുന്നത്. നിരവധി കുടുംബങ്ങളെ യമുനാതീരത്ത് നിന്ന് ഈയിടെ മാറ്റിപ്പാര്‍പ്പിച്ചിരുന്നു. ഡല്‍ഹിയില്‍ ഇക്കുറി റെക്കോഡ് മഴയാണ് പെയ്തത്. വെള്ളക്കെട്ടും ഗതാഗതസ്തംഭനവും നഗരവാസികള്‍ക്ക് വിനാശകരമായി.







Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/