മഅദനിയെ മക്കള്‍ സന്ദര്‍ശിച്ചു

Posted on: 07 Sep 2010


പി.സുനില്‍കുമാര്‍



കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് അഭിഭാഷകന്‍


ബാംഗ്ലൂര്‍: ബാംഗ്ലൂര്‍ സേ്ഫാടനക്കേസില്‍ മഅദനിയെ പ്രതിപ്പട്ടികയില്‍ ചേര്‍ത്തത് രാഷ്ട്രീയപ്രേരിതമാണെന്നും കുറ്റപത്രത്തില്‍ ആരോപിക്കപ്പെടുന്നവ തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്നും മഅദനിയുടെ അഭിഭാഷകന്‍ പി. ഉസ്മാന്‍ ജാമ്യ ഹര്‍ജി പരിഗണിക്കുന്ന ബാംഗ്ലൂര്‍ അതിവേഗ സെഷന്‍സ് കോടതിയില്‍ ബോധിപ്പിച്ചു.

പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിച്ച രേഖകളില്‍ കുറ്റങ്ങള്‍ തെളിയിക്കുന്നതിനുള്ള വ്യക്തമായ രേഖകള്‍ ഹാജരാക്കാന്‍ കഴിഞ്ഞിട്ടില്ല. ബാംഗ്ലൂര്‍ സേ്ഫാടനവുമായി ബന്ധപ്പെട്ട് അന്വേഷണസംഘം തുടക്കത്തില്‍ കോടതിയില്‍ സമര്‍പ്പിച്ച രണ്ട് കുറ്റപത്രങ്ങളിലും മഅദനിയുടെ പേര് പരാമര്‍ശിച്ചിട്ടില്ല. ബാംഗ്ലൂര്‍ സേ്ഫാടനക്കേസില്‍ നേരത്തേ സാക്ഷിയായി ഉള്‍പ്പെടുത്തപ്പെട്ട മഅദനിയെ പിന്നീട് പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയതിന് പിന്നില്‍ ഗൂഢലക്ഷ്യങ്ങളുണ്ട്. സാക്ഷിയെ വ്യക്തമായ തെളിവുകളില്ലാതെ പ്രതിയാക്കുകവഴി യഥാര്‍ഥ പ്രതികള്‍ രക്ഷപ്പെടാനുള്ള അവസരമാണ് ഒരുക്കുന്നത്- അദ്ദേഹം പറഞ്ഞു.

കൊട്ടാരക്കര താലൂക്ക് ആസ്​പത്രി, തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍നിന്ന് മഅദനിക്ക് നല്കിയ മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍, കേരളത്തിന് പുറത്ത് മഅദനി നടത്തിയ യാത്രകള്‍ എന്നിവ സംബന്ധിച്ചുള്ള കേരള സര്‍ക്കാറിന്റെ റിപ്പോര്‍ട്ട്, മഅദനിയുടെ ഫോട്ടോകള്‍ എന്നിവ അദ്ദേഹം കോടതിയില്‍ സമര്‍പ്പിച്ചു.

ജാമ്യത്തിനുവേണ്ടി ഏത് കര്‍ശനവ്യവസ്ഥയും പാലിക്കാമെന്നും പാസ്‌പോര്‍ട്ട് കേരള സര്‍ക്കാറിന് സമര്‍പ്പിക്കാമെന്നും മഅദനി കോടതിയെ അറിയിച്ചു. തുടര്‍ന്ന് പ്രോസിക്യൂഷന്‍ വാദത്തിനായി അതിവേഗ സെഷന്‍സ് ജഡ്ജി ശ്രീകാന്ത് വട്ടാവതി ഹര്‍ജി ചൊവ്വാഴ്ചത്തേക്ക് മാറ്റി.

അതിനിടെ, മഅദനിയുടെ മക്കളായ ഉമ്മര്‍, അയൂബ് എന്നിവര്‍ തിങ്കളാഴ്ച രാവിലെ ബാംഗ്ലൂര്‍ പരപ്പന അഗ്രഹാര ജയിലിലെത്തി അദ്ദേഹത്തെ കണ്ടു. അഭിഭാഷകരോടൊപ്പമാണ് ഇരുവരും മഅദനിയെ കാണാനെത്തിയത്.
ബാംഗ്ലൂര്‍ സേ്ഫാടനം ആസൂത്രണം ചെയ്യുന്നതിനായി കുടകിലെ ലക്കേരി എസ്റ്റേറ്റില്‍ ഒന്നാംപ്രതി തടിയന്റവിട നസീര്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ മഅദനി പങ്കെടുത്തെന്ന പ്രോസിക്യൂഷന്‍ വാദം ഖണ്ഡിക്കുന്നതിനുള്ള തെളിവുകള്‍ മഅദനിയുടെ അഭിഭാഷകന്‍ പി. ഉസ്മാന്‍ രണ്ട് മണിക്കൂര്‍ നീണ്ട വാദത്തില്‍ നിരത്തി.

കുടകിലെ ക്യാമ്പില്‍ മഅദനി പങ്കെടുത്തതിന് തെളിവ് നല്കിയ റഫീഖിനെ സുപ്രധാന സാക്ഷിയാക്കിയ പ്രോസിക്യൂഷന്‍ നടപടിയേയും മഅദനിയുടെ അഭിഭാഷകന്‍ എതിര്‍ത്തു. സുപ്രധാന സാക്ഷിയാക്കണമെങ്കില്‍ മൊഴിയില്‍ സ്ഥിരത വേണമെന്നും റഫീഖിന്റെ കാര്യത്തില്‍ ഇതില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ബാംഗ്ലൂര്‍ സേ്ഫാടനത്തിന് ശേഷം 2008 ഡിസംബര്‍ മൂന്നിനും 2009 ഫിബ്രവരി 26-നും നല്കിയ റഫീഖിന്റെ മൊഴിയില്‍ മഅദനിയെക്കറുറിച്ച് പരാമര്‍ശമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പിന്നീട് മഅദനിയുടെ ഫോട്ടോകള്‍ കാണിച്ച് എതിര്‍മൊഴി വാങ്ങുകയായിരുന്നെന്നും അദ്ദേഹം വാദിച്ചു.

കേരളത്തില്‍ മഅദനിക്ക് ബി. കാറ്റഗറി സുരക്ഷയുള്ളതിനാല്‍ യാത്രാരേഖകള്‍ കേരള പോലീസിന്റെ കൈവശമുണ്ട്. ഈ രേഖകള്‍ കര്‍ണാടക പോലീസ് വിശ്വസിക്കുന്നില്ലെങ്കില്‍ സുരക്ഷാ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാന്‍ പോലീസ് തയ്യാറാകണം.
കേരള പോലീസില്‍ നിന്ന് മഅദനിയുടെ യാത്രാരേഖകള്‍ മാത്രമാണ് അന്വേഷണ സംഘം ആവശ്യപ്പെട്ടത്. എന്നാല്‍ മഅദനി കോയമ്പത്തൂര്‍ ജയിലില്‍ നിന്ന് മോചിതനായതിനുശേഷം വിദേശത്തേക്ക് ഉള്‍പ്പെടെ നടത്തിയ യാത്രകളുടെ വിവരങ്ങള്‍ കേരള പോലീസിന്റെ പക്കലുണ്ട്. ഇവ പരിശോധിക്കാന്‍ അന്വേഷണ സംഘം തയ്യാറായിട്ടില്ല.

2007 ആഗസ്ത് ഒന്ന് മുതല്‍ 2010 ജൂണ്‍ 25 വരെ മഅദനി നടത്തിയ എല്ലാ യാത്രകളുടെയും വിവരങ്ങള്‍ തുടര്‍ന്ന് മഅദനിയുടെ അഭിഭാഷകന്‍ കോടതിയില്‍ ഹാജരാക്കി. അംഗവൈകല്യമുള്ള മഅദനിക്ക് ഒട്ടേറെ അസുഖങ്ങളുണ്ട്. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന പരപ്പന അഗ്രഹാര ജയിലില്‍ വിദഗ്ദ്ധ ചികിത്സ ലഭിക്കുന്നതിന് തടസ്സങ്ങളുണ്ട്. ഇക്കാര്യം കണക്കിലെടുത്ത് മഅദനിയെ ജയദേവ ആസ്​പത്രിയില്‍ പ്രവേശിപ്പിക്കാന്‍ ഉത്തരവുണ്ടാകണമെന്നും അഡ്വ. ഉസ്മാന്‍ കോടതിയില്‍ ബോധിപ്പിച്ചു.
അതിനിടെ, മഅദനിയുടെ സുരക്ഷാ ഉദ്യോഗസ്ഥരെ അടുത്തുതന്നെ ചോദ്യം ചെയ്യുമെന്ന് അന്വേഷണസംഘം കോടതിക്ക് പുറത്ത് മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചു.
Related News
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/