കടലിടുക്കില്‍ കടല്‍ക്കൊള്ളക്കാരെ ഐ.എന്‍.എസ്. ഡല്‍ഹി തടഞ്ഞു
Posted on: 07 Sep 2010
മുംബൈ: സൊമാലിയന്‍ കടല്‍ക്കൊള്ളക്കാരുടെ അക്രമണത്തില്‍നിന്ന് 12 മര്‍ച്ചന്റ് ഷിപ്പുകളെ ഇന്ത്യന്‍ നാവികസേനയുടെ 'ഐ.എന്‍.എസ്. ഡല്‍ഹി' രക്ഷപ്പെടുത്തി. ഏദന്‍ കടലിടുക്കില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. 12 മര്‍ച്ചന്റ് ഷിപ്പുകള്‍ക്ക് അകമ്പടിയായി പോകുകയായിരുന്നു ഐ.എന്‍.എസ്. ഡല്‍ഹി. ഇതിനിടയിലാണ് ഈ കപ്പലുകളെ ലക്ഷ്യംവെച്ച് അതിവേഗത്തില്‍ ഒരു ബോട്ട് വരുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍തന്നെ ഈ വിവരം ചരക്ക് കപ്പലുകള്‍ക്ക് കൈമാറിയശേഷം കടല്‍ക്കൊള്ളക്കാരുടെ ബോട്ടിനെ തടയുകയായിരുന്നു. ബോട്ട് നിര്‍ത്താന്‍ നിരവധി തവണ ഐ.എന്‍.എസ്. ഡല്‍ഹി നിര്‍ദേശം നല്‍കിയിട്ടും അതു കൂട്ടാക്കാതെ മുന്നോട്ടു കുതിച്ച കടല്‍ക്കൊള്ളക്കാരെ ഐ.എന്‍.എസ്. ഡല്‍ഹി നേരിടുകയായിരുന്നു. ഹെലികോപ്റ്ററില്‍ രംഗങ്ങള്‍ വീക്ഷിച്ചശേഷം കൊള്ളക്കാരുടെ ബോട്ടിലേക്ക് നാവികസേനാ കമാന്‍ഡോകള്‍ കടന്നുകയറുകയായിരുന്നു. ബോട്ടില്‍ ഒട്ടേറെ ആയുധങ്ങള്‍ ഉണ്ടായിരുന്നു. ഏഴ് സൊമാലിയക്കാരും ഒരു യെമന്‍കാരനുമാണ് ബോട്ടിലുണ്ടായിരുന്നത്. ആയുധങ്ങള്‍ മുഴുവന്‍ എടുത്തുമാറ്റിയ നാവിക കമാന്‍ോഡാകള്‍ ബോട്ടിലുണ്ടായിരുന്ന അധിക ഇന്ധനവും നശിപ്പിച്ചുകളഞ്ഞ ശേഷമാണ് അവരെ വിട്ടയച്ചത്.
ഈ പ്രദേശത്ത് കടല്‍ക്കൊള്ള വര്‍ധിച്ച സാഹചര്യത്തില്‍ 2008 ഒക്ടോബര്‍ മുതലാണ് ഇന്ത്യന്‍ നാവികസേന ഇവിടെ ചരക്കുകപ്പലുകള്‍ക്ക് അകമ്പടി സേവിക്കാന്‍ ആരംഭിച്ചത്. തുടക്കത്തില്‍ ഐ.എന്‍.എസ്. മൈസൂര്‍ ആയിരുന്നു നിയോഗിക്കപ്പെട്ടത്. 1200ഓളം ചരക്ക് കപ്പലുകളെ സുരക്ഷിതമായി ഇതുവഴി ഇന്ത്യന്‍ നാവികസേന ഇതുവരെ കടത്തിവിട്ടതായി നാവികസേനാ വക്താവ് അറിയിച്ചു. ഇത് 16-ാമത്തെ കടല്‍ക്കൊള്ളയാണ് സേന തടയുന്നത്.
Tags: Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam