ബാങ്ക് തട്ടിപ്പ്: അബ്ദുള്‍ അസീസ് ജുഡീഷ്യല്‍ കസ്റ്റഡിയില്‍
Posted on: 07 Sep 2010
ബാംഗ്ലൂര്‍: ബാങ്ക് തട്ടിപ്പ് കേസില്‍ സി.ബി.ഐ അറസ്റ്റ് ചെയ്ത പി.ഡി.പി. നയരൂപവത്കരണ ചെയര്‍മാന്‍ സി.കെ. അബ്ദുള്‍ അസീസിനെ മധുര സി.ബി.ഐ. പ്രത്യേക കോടതി സപ്തംബര്‍ 16 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. മധുര കോടതിയില്‍ ചൊവ്വാഴ്ച അബ്ദുല്‍ അസീസിനുവേണ്ടി ജാമ്യഹര്‍ജി നല്കുമെന്ന് അഭിഭാഷകന്‍ അക്ബര്‍ അലി അറിയിച്ചു.
ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് മഹാരാഷ്ട്ര എന്നീ ബാങ്കുകളുടെ മുംബൈ ശാഖയില്‍ നിന്ന് ഡി.ഡി. ബുക്കുകള്‍ തട്ടിയെടുത്ത് 98 ലക്ഷം രൂപ കൈക്കലാക്കിയെന്ന കേസിലാണ് ചെന്നൈയില്‍ നിന്നെത്തിയ സി.ബി.ഐ. സംഘം ബാംഗ്ലൂരില്‍ നിന്ന് സി.കെ. അബ്ദുള്‍ അസീസിനെ അറസ്റ്റ് ചെയ്തത്. 17 വര്‍ഷത്തിന് ശേഷമായിരുന്നു അറസ്റ്റ്.
ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ പ്രതിയായ അബ്ദുന്നാസര്‍ മഅദനിക്ക് വേണ്ടി നിയമനടപടികള്‍ക്ക് നേതൃത്വം നല്കാന്‍ എത്തിയപ്പോഴാണ് പിടിയിലായത്.
1993-ല്‍ നടന്ന തട്ടിപ്പില്‍ മൊത്തം ഒമ്പത് പ്രതികളായിരുന്നു. ഇതില്‍ ആറ് പേര്‍ ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയിട്ടുണ്ട്. അസീസടക്കം മൂന്ന് പേരെ 2008-ല്‍ മധുര പ്രത്യേക കോടതി പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ചിരുന്നു.
ഇനി പിടികിട്ടാനുള്ള രണ്ട് പേര്‍ മുംബൈ സ്വദേശികളാണ്.
Tags: Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam