മണിച്ചന്‍ കേസ്: അന്വേഷണോദ്യോഗസ്ഥന്‍ ഹാജരാകണമെന്ന നിര്‍ദേശം തള്ളി

Posted on: 07 Sep 2010



ന്യൂഡല്‍ഹി: കല്ലുവാതുക്കല്‍ മദ്യദുരന്തക്കേസില്‍ ലഭിച്ച ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് മണിച്ചന്‍ സുപ്രീംകോടതിയില്‍ നല്‍കിയ അപ്പീല്‍ പരിഗണിക്കുമ്പോള്‍ അന്വേഷണോദ്യോഗസ്ഥനോ കൊല്ലത്ത് വിചരണക്കോടതിയില്‍ കേസ് നടത്തിയ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറോ ഹാജരാകണമെന്ന നിര്‍ദേശം അഡ്വക്കേറ്റ് ജനറല്‍ തള്ളി. സംസ്ഥാന സര്‍ക്കാറിന്റെ സുപ്രീംകോടതിയിലെ അഭിഭാഷകന്‍ ആര്‍. സതീഷ് മുന്നോട്ടുവെച്ച നിര്‍ദേശമാണ് തള്ളിയത്.

271 സാക്ഷികളും ആയിരത്തിലേറെ രേഖകളുമുള്ള കേസിന്റെ ഗൗരവം കണക്കിലെടുത്താണ് അന്വേഷണോദ്യോഗസ്ഥന്‍ എ.ഡി.ജി.പി. സിബി മാത്യൂസോ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറോ കേസ് പരിഗണിക്കുമ്പോള്‍ സുപ്രീംകോടതിയില്‍ ഹാജരാകുന്നത് നന്നായിരിക്കുമെന്ന് നിര്‍ദേശിച്ചത്. അപ്പീല്‍ പരിഗണിക്കുന്ന ഘട്ടത്തില്‍ കോടതിയുടെ സംശയങ്ങള്‍ അപ്പപ്പോള്‍തന്നെ തീര്‍ത്തുപോകുന്നതിന് രണ്ടുപേരില്‍ ആരുടെയെങ്കിലും സാന്നിധ്യം ഗുണം ചെയ്യുമായിരുന്നു. ജസ്റ്റിസുമാരായ വി.എസ്. സിര്‍പുര്‍ക്കര്‍, സിറിയക് ജോസഫ് എന്നിവരുടെ ബെഞ്ച് കേസ് ആദ്യം പരിഗണിച്ചപ്പോള്‍, ജയലിലില്‍ കിടക്കവേ മണിച്ചന്‍ ആരെയെങ്കിലും കൊല്ലാന്‍ ഗൂഢാലോചന നടത്തിയതിന് കേസുണ്ടായിരുന്നോ എന്നു ചോദിച്ചിരുന്നു. അറിയില്ലെന്ന് സംസ്ഥാനസര്‍ക്കാറിന്റെ അഭിഭാഷകന്‍ മറുപടി പറഞ്ഞത് വിവാദമായിരുന്നു. സിബി മാത്യൂസിനെ കൊലപ്പെടുത്താന്‍ ഗുഢാലോചന നടത്തിയതിന് നാലു കൊല്ലത്തെ ശിക്ഷ ലഭിച്ചത് ഹൈക്കോടതിയില്‍ മണിച്ചന്‍ ചോദ്യം ചെയ്തിരിക്കെയാണ് ഇത്തരത്തിലുള്ള മറുപടി. തൊട്ടടുത്ത ആഴ്ച കേസെടുത്തപ്പോഴും ഈ ചോദ്യം കോടതി ആവര്‍ത്തിച്ചു. അന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ ഹാജരാകാത്തതിനെ കോടതി വിമര്‍ശിച്ചിരുന്നു. കേസിന്റെ അന്തിമവാദത്തിനിടയില്‍ ഇത്തരത്തിലുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കുന്നതിനാണ് അന്വേഷണോദ്യോഗസ്ഥനെയോ പ്രോസിക്യൂട്ടറെയോ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് ആര്‍. സതീഷ് സംസ്ഥാന സര്‍ക്കാറിനു കത്തയച്ചത്.

കൃത്യമായ വിവരങ്ങള്‍ കൈയിലില്ലാതെ കോടതിയുടെ ചോദ്യങ്ങള്‍ക്ക് പെട്ടെന്നു മറുപടി പറയാന്‍ കഴിയാത്ത സാഹചര്യമാണുള്ളതെന്നും കത്തില്‍ പറയുന്നു.

സുപ്രീം കോടതി സെക്രട്ടറി ജനറല്‍ മുഖേന അയച്ച കത്ത് ആഭ്യന്തരവകുപ്പില്‍നിന്ന് അഡ്വക്കേറ്റ് ജനറലിനു തീരുമാനത്തിനായി അയച്ചുകൊടുത്തു. എന്നാല്‍ അന്വേഷണോദ്യോഗസ്ഥനെയോ സ്‌പെഷല്‍ പ്രോസിക്യൂട്ടറെയോ അയയേ്ക്കണ്ടതില്ലെന്ന് അഡ്വക്കേറ്റ് ജനറല്‍ മറുപടി നല്‍കി. ആവശ്യമെങ്കില്‍ അവര്‍ക്ക് ടെലിഫോണില്‍ സര്‍ക്കാര്‍ അഭിഭാഷകനെ ബന്ധപ്പെടാമെന്ന നിര്‍ദേശത്തോടെ അദ്ദേഹത്തിന്റെ ഡല്‍ഹിയിലെ ടെലിഫോണ്‍ നമ്പറുകളും നല്‍കുകയായിരുന്നു.

10 കൊല്ലം പൂര്‍ത്തിയാക്കിയ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്നവരെ മോചിപ്പിക്കാന്‍ അടുത്തിടെ സംസ്ഥാന സര്‍ക്കാര്‍ നീക്കം നടത്തിയിരുന്നു. ഇതിന്റെ കൂട്ടത്തില്‍ മണിച്ചനെയും മോചിപ്പിക്കാന്‍ ആലോചിച്ചിരുന്നു. എന്നാല്‍ 31 പേരുടെ മരണത്തിനിടയാക്കിയ വിഷമദ്യദുരന്തവുമായി ബന്ധപ്പെട്ട കേസില്‍ വിചാരണക്കോടതി വധശിക്ഷയ്ക്കു വിധിക്കുകയും പിന്നീട് ഹൈക്കോടതി ജീവപര്യന്തമാക്കി കുറയ്ക്കുകയും ചെയ്ത പ്രതിയെ മോചിപ്പിക്കുന്നത് വിവാദങ്ങള്‍ക്കു വഴിവെക്കുമെന്നുകണ്ട് തീരുമാനം മാറ്റുകയായിരുന്നു.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/