
ന്യൂഡല്‍ഹി: നയരൂപവത്കരണത്തില്‍ നീതിപീഠം ഇടപെടാതിരിക്കുന്നതാണ് അഭികാമ്യമെന്ന് പ്രധാനമത്രി ഡോ. മന്‍മോഹന്‍സിങ് പറഞ്ഞു. തിങ്കളാഴ്ച തന്റെ വസതിയില്‍ പത്രാധിപന്മാരുമായി ആശയവിനിമയം നടത്തവേ, ഭക്ഷ്യധാന്യങ്ങള്‍ പാവപ്പെട്ടവര്‍ക്ക് സൗജന്യമായി വിതരണംചെയ്യണമെന്ന സുപ്രിംകോടതി ഉത്തരവിനെക്കുറിച്ചുയര്‍ന്ന ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഉത്തരവിനു പിന്നിലെ സദുദ്ദേശ്യത്തെ അംഗികരിക്കുന്നുവെന്നു പറഞ്ഞ പ്രധാനമന്ത്രി, ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള 37 ശതമാനം ജനങ്ങള്‍ക്ക് എങ്ങനെ സൗജന്യമായി ധാന്യങ്ങള്‍ നല്കാനാവുമെന്നു ചോദിച്ചു.
കേന്ദ്രമന്ത്രിസഭയില്‍ യുവാക്കള്‍ക്ക് കൂടുതല്‍ അവസരം നല്കുമെന്ന് മന്‍മോഹന്‍സിങ് സൂചിപ്പിച്ചു. നവംബര്‍ ഏഴിന് ആരംഭിക്കുന്ന പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിനു മുമ്പ് കേന്ദ്രമന്ത്രിസഭ പുനസംഘടിപ്പിക്കുന്നതിനെപ്പറ്റി ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.
പ്രധാനമന്ത്രിപദം ഒഴിയാനോ രാഷ്ട്രീയത്തില്‍നിന്നു വിരമിക്കാനോ ഉദ്ദേശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കോണ്‍ഗ്രസ് പാര്‍ട്ടിയും സര്‍ക്കാറും തമ്മില്‍ അഭിപ്രായഭിന്നത നിലനില്ക്കുന്നുവെന്ന വാദങ്ങള്‍ പ്രധാനമന്ത്രി പൂര്‍ണമായും നിരാകരിച്ചു. വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉയരുന്നത് അഭിപ്രായവ്യത്യാസമായി കണക്കാക്കാനാവില്ല. കോണ്‍ഗ്രസ് പാര്‍ട്ടി വലിയ ജനകീയ പ്രസ്ഥാനമാണ്. അതിനുള്ളില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉയരുക സ്വാഭാവികമാണ്-പ്രധാനമന്ത്രി പറഞ്ഞു.
''തന്റെ മന്ത്രിസഭയ്ക്ക്ജവഹര്‍ലാല്‍ നെഹ്രുവിന്റെ നേതൃത്വത്തിലുള്ള ആദ്യ മന്ത്രിസഭയേക്കാള്‍ കെട്ടുറപ്പുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. നെഹ്രുവും സര്‍ദാര്‍ പട്ടേലും തമ്മില്‍ അന്ന് സ്ഥിരമായി കുറിപ്പുകള്‍ കൈമാറുമായിരുന്നു. ഇന്ദിരാഗാന്ധിയുടെ മന്ത്രിസഭയില്‍ ഇന്ദിരയും മൊറാര്‍ജിദേശായിയും തമ്മില്‍ അഭിപ്രായ ഭിന്നതകള്‍ നിലനിന്നിരുന്നു. ഇന്ദിരാഗാന്ധിയുടെ സമയത്താണ് കേണ്‍ഗ്രസ്സില്‍ ചന്ദ്രശേഖറിന്റെ നേതൃത്വത്തില്‍ ഒരുസംഘം യുവതുര്‍ക്കികള്‍ രംഗത്തുവന്നത്'' -പ്രധാനമന്ത്രി പറഞ്ഞു.
മന്ത്രിസഭയിലെ സഹപ്രവര്‍ത്തകരോട് വായ മൂടിക്കെട്ടാന്‍ പറയാനാവില്ല. മന്ത്രിസഭാംഗങ്ങള്‍ പൂര്‍ണ പിന്തുണ നല്‍കുന്നുണ്ട്.
മന്‍മോഹന്‍ സര്‍ക്കാര്‍ രാഹുല്‍ഗാന്ധിക്കുവേണ്ടി അരങ്ങൊരുക്കുകയാണെന്ന് കൂടിക്കാഴ്ചയില്‍ ഒരു പത്രാധിപര്‍ അഭിപ്രായപ്പെട്ടുപ്പോള്‍ 'രാഷ്ട്രീയം മത്സരാധിഷ്ഠിതമായ കളിയാണെ'ന്നായിരുന്നു ചിരിച്ചുകൊണ്ടുള്ള പ്രധാനമന്ത്രിയുടെ മറുപടി.
മാവോവാദി പ്രശ്‌നവും കശ്മീരിലെ പ്രശ്‌നവും ബാബറി മസ്ജിദ് കേസിലെ വരാനിരിക്കുന്ന കോടതിവിധിയുമായിരിക്കും വരുംദിനങ്ങളില്‍ രാജ്യത്തിന്റെ രാഷ്ട്രീയ സ്ഥിതിയില്‍ നിര്‍ണായകമായ സ്വാധീനം ചെലുത്തുകയെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
മാവോവാദി പ്രശ്‌നം നേരിടുന്നതില്‍ ആഭ്യന്തരമന്ത്രി പി. ചിദംബരത്തിന്റെ നയസമീപനങ്ങളെ പ്രധാനമന്ത്രി ശക്തമായി പിന്താങ്ങി.
കശ്മീരിലെ സ്ഥിതിഗതികള്‍ ഗൗരവതരമാണെന്ന് സമ്മതിച്ച പ്രധാനമന്ത്രി ഇക്കാര്യത്തില്‍ പൊടുന്നനെ പരിഹാരം പ്രതീക്ഷിക്കേണ്ടതില്ലെന്നും പറഞ്ഞു.
രാജ്യത്ത് സമ്പന്നരും ദരിദ്രരും ഉള്ള രണ്ട് ഇന്ത്യകള്‍ നിലനില്‍ക്കുന്നുവെന്ന കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാഹുല്‍ഗാന്ധിയുടെ അഭിപ്രായത്തോട് പ്രധാനമന്ത്രി യോജിച്ചു.