പി.കെ.ബിജുവിനെ അയോഗ്യനാക്കാനുള്ള ഹര്‍ജി തള്ളി

Posted on: 07 Sep 2010



ന്യൂഡല്‍ഹി: ആലത്തൂര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്ന് പി.കെ. ബിജു വിജയിച്ചത് ചോദ്യംചെയ്ത് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി.

ബിജുവിനെ അയോഗ്യനാക്കാന്‍ ആവശ്യമായ തെളിവുകള്‍ ഹാജരാക്കാന്‍ ഹര്‍ജിക്കാര്‍ക്ക് കഴിഞ്ഞിട്ടില്ലെന്ന് ജസ്റ്റിസുമാരായ ജെ.എം. പഞ്ചാള്‍, ഗ്യാന്‍ സുധ മിശ്ര എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. ഹര്‍ജിക്കാര്‍ക്കുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ നാഗേശ്വര റാവു ബിജുവിനു അമ്മയുടെ ജാതി (പുലയ) അവകാശപ്പെടാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി. മിശ്രവിവാഹങ്ങളില്‍ സാധാരണഗതിയില്‍ മക്കള്‍ക്ക് അച്ഛന്റെ ജാതിയാണ് ലഭിക്കേണ്ടതെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്.

ബിജു പുലയ സമുദായത്തിലാണ് പഠിച്ചതും വളര്‍ന്നതുമെന്ന രേഖകളും സാക്ഷിമൊഴികളും ഹൈക്കോടതി പരിഗണിച്ചത് സുപ്രീംകോടതി ശരിവെച്ചു. 2008-ല്‍ മതം മാറിയത് അധികമായെടുത്ത കരുതലാണെന്ന ഹൈക്കോടതിയുടെ കണ്ടെത്തലും സുപ്രീംകോടതി ശരിവെച്ചിട്ടുണ്ട്. പുലയ സമുദായവും ചേരമരും വ്യത്യസ്തമാണെന്ന് തെളിയിക്കാന്‍ ഹര്‍ജിക്കാര്‍ക്കു കഴിഞ്ഞിട്ടില്ലെന്നും കോടതി വ്യക്തമാക്കി.

ആലത്തൂര്‍ മണ്ഡലത്തിലെ അഡാട്ട് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് പി.എ. ശേഖരനാണ് ഹര്‍ജി ഫയല്‍ ചെയ്തത്. അച്ഛന്‍ ക്രിസ്ത്യാനിയാണെങ്കിലും ബിജുവിന്റെ എസ്.എസ്.എല്‍.സി. ബുക്കില്‍ അമ്മയുടെ ജാതിയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍, എസ്.എസ്. എല്‍.സി. ബുക്ക് പ്രാഥമിക രേഖയല്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ടെന്ന് ഹര്‍ജിയില്‍ പറയുന്നു.

ഇന്ത്യയിലെ വ്യക്തിനിയമങ്ങള്‍ക്കു വിരുദ്ധമാണ് ഹൈക്കോടതിയുടെ കണ്ടെത്തല്‍. രാജ്യത്തെ വ്യക്തിനിയമം പ്രകാരം അച്ഛന്റെ ജാതിയാണ് കുട്ടികള്‍ക്കു ലഭിക്കുക. പ്രഖ്യാപിത കമ്യൂണിസ്റ്റുകാരനായ ബിജു, പട്ടിക വിഭാഗങ്ങള്‍ക്കുള്ള ആനുകൂല്യങ്ങള്‍ക്കു വേണ്ടിയാണ് മതം മാറിയത്. നാമനിര്‍ദേശ പത്രിക നല്‍കുന്നതിന് മൂന്നുമാസം മുമ്പ് ശുദ്ധിക്രിയ നടത്തി പട്ടികവിഭാഗ ആനുകൂല്യം നേടുകയായിരുന്നു -പരാതിയില്‍ പറയുന്നു.

അഡ്വ.സുള്‍ഫിക്കര്‍ അലിയും ഹര്‍ജിക്കാരനുവേണ്ടി ഹാജരായി.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/