ജാതി സെന്‍സസിനെതിരെ രജിസ്ട്രാര്‍ ജനറല്‍ ഓഫീസും രംഗത്ത്

Posted on: 07 Sep 2010


എം.കെ. അജിത്കുമാര്‍



ന്യൂഡല്‍ഹി: ജാതി സെന്‍സസിന്റെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കേന്ദ്രമന്ത്രിസഭാ യോഗം ഈ ആഴ്ച ചേരാനിരിക്കെ, അതിനെതിരെ രജിസ്ട്രാര്‍ ജനറലിന്റെ ഓഫീസ്തന്നെ (ഒ.ആര്‍.ജി.ഐ.) പുതിയ തടസ്സവാദം ഉന്നയിച്ചു. അടുത്ത ഫിബ്രവരിയിലെ വീടുവീടാന്തരമുള്ള ജനസംഖ്യാ കണക്കെടുപ്പിനോടൊപ്പം ജാതിക്കണക്കെടുക്കുന്നത് സെന്‍സസിന്റെ സമഗ്രതയെ ബാധിക്കുമെന്നും തലയെണ്ണി ജനസംഖ്യ കണക്കാക്കുന്നതിന്റെ കൃത്യതയെ ബാധിക്കുമെന്നുമാണ് സെന്‍സസ് കമ്മീഷണറുടെ ഓഫീസ് കേന്ദ്രം ആഭ്യന്തരമന്ത്രാലയത്തെ അറിയിച്ചത്.

ഇതുകൂടി ഉള്‍പ്പെടുത്തിയാണ് മന്ത്രാലയം ജൂണില്‍ പ്രത്യേക ജാതി സെന്‍സസ് എന്ന നിര്‍ദേശം മന്ത്രിസഭയുടെ പരിഗണനയ്ക്ക് സമര്‍പ്പിക്കുന്നത്. പിന്നാക്ക ജാതികളുടെ എണ്ണം കൂടുതലായി കാണിച്ച് ജനസംഖ്യയുടെ കണക്ക് ഊതിവീര്‍പ്പിക്കുമെന്നാണത്രെ ഒ.ആര്‍.ജി.ഐ.യുടെ ആശങ്ക. എന്നാല്‍ അവരുടെ ആശങ്ക തീര്‍ത്തും അടിസ്ഥാനരഹിതമാണെന്ന് മുന്‍ സെന്‍സസ് കമ്മീഷണറും കേരളത്തിലെ മുന്‍ ചീഫ് സെക്രട്ടറിയുമായ എം. വിജയനുണ്ണിയുടെ നേതൃത്വത്തിലുള്ള സംഘം മന്ത്രി പ്രണബ് മുഖര്‍ജിയെ സന്ദര്‍ശിച്ച് ബോധിപ്പിച്ചു.

1871 മുതല്‍ 1931 വരെ ഓരോ പത്തുവര്‍ഷത്തെ ഇടവേളയിലും ഒ.ആര്‍.ജി.ഐ. ജാതിസെന്‍സസ് വിജയകരമായി നടത്തിയിരുന്നുവെന്ന് വിജയനുണ്ണി ചൂണ്ടിക്കാട്ടി. ''1941-ലെ സെന്‍സസിന്റെ കൂടെ ജാതിവിവരം ശേഖരിച്ചിരുന്നെങ്കിലും രണ്ടാംലോക മഹായുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ചെലവു ചുരുക്കലിന്റെയും മറ്റും ഭാഗമായി ബ്രിട്ടീഷ് സര്‍ക്കാര്‍ കണക്ക് വിശകലനം ചെയ്യുകയോ പ്രസിദ്ധപ്പെടുത്തുകയോ ചെയ്തില്ല. 1951 മുതല്‍ ജാതി സെന്‍സസ് നിര്‍ത്തിവെച്ചു. എങ്കിലും പട്ടികജാതി-വര്‍ഗ വിഭാഗത്തിന്റെ കണക്കെടുപ്പ് സെന്‍സസിനോടൊപ്പം നടത്തുന്നുണ്ട്. അവരുടെ ജനസംഖ്യ ഊതിവീര്‍പ്പിക്കപ്പെട്ടിട്ടില്ല. അതിനുള്ള ശ്രമവും നടന്നിട്ടില്ല. വീടുവീടാന്തരം കയറി ഓരോ വ്യക്തിയുടെയും പേര്, വയസ്സ്, വിദ്യാഭ്യാസം, തൊഴില്‍ തുടങ്ങിയ വിവരം ശേഖരിക്കുമ്പോള്‍ ജാതിക്കണക്കില്‍മാത്രം ഊതിവീര്‍പ്പിക്കല്‍ സാധ്യമല്ല. സെന്‍സസിന്റെ കൂടെ ജാതിവിവരവും ശേഖരിക്കുന്നതിനും അത് വിശകലനം ചെയ്യുന്നതിനും അധികച്ചെലവുണ്ടാകില്ല. യഥാര്‍ഥത്തിലുള്ള വിവരശേഖരണം നടത്താനുള്ള അനുഭവസമ്പത്തും വിദഗ്ധരും ഇപ്പോള്‍ ഒ.ആര്‍.ജി.ഐ.യ്ക്കു മാത്രമേയുള്ളൂ''-അദ്ദേഹം ചൂണ്ടിക്കാട്ടി.

പട്ടികജാതി-വര്‍ഗ സെന്‍സസ് കമ്മീഷണറുടെ അധികാരപരിധിയില്‍നിന്ന് എടുത്തുമാറ്റാനും സാമൂഹികക്ഷേമ മന്ത്രാലയത്തെ ഏല്പിക്കാനും കഴിഞ്ഞ സെന്‍സസിന്റെ സമയത്ത് ചില കേന്ദ്രങ്ങളില്‍നിന്ന് ശ്രമമുണ്ടായിരുന്നു. എന്നാല്‍ പട്ടികജാതി-വര്‍ഗ കണക്കെടുപ്പിന്, അനുഭവസമ്പത്തുള്ള സ്ഥാപനം ഒ.ആര്‍.ജി.ഐ. ആണെന്ന് കേന്ദ്രമന്ത്രിസഭ ആ സന്ദര്‍ഭത്തില്‍ ചൂണ്ടിക്കാട്ടുകയായിരുന്നു. 140 കൊല്ലത്തെ പാരമ്പര്യമുള്ള സെന്‍സസ് സ്ഥാപനത്തിന്റെ കാര്യക്ഷമത പ്രത്യേകം ഓര്‍മിപ്പിച്ചാണ് വാജ്‌പേയി സര്‍ക്കാര്‍, പട്ടികജാതി സെന്‍സസിന്റെ ചുമതല അവരെ ഏല്പിച്ചത്. പട്ടികജാതി സെന്‍സസ് സാമൂഹികക്ഷേമ മന്ത്രാലയത്തെ ഏല്പിക്കണമെന്ന നിര്‍ദേശം അന്ന് മന്ത്രിസഭ നിരസിക്കുകയാണുണ്ടായത്. അര്‍പ്പിതമായ ചുമതലയും വിശ്വാസ്യതയും സ്വയം കൈയൊഴിയുന്നതിനുള്ള നീക്കം ഇപ്പോള്‍ ഒ.ആര്‍.ജി.ഐ.യിലെ ചില കേന്ദ്രങ്ങളില്‍നിന്ന് ഉയര്‍ന്നത് വിമര്‍ശനവിധേയമായിട്ടുണ്ട്. ഉത്തരവാദിത്വത്തില്‍നിന്ന് ഒഴിഞ്ഞുമാറാനുള്ള നീക്കമാണ് ഇതെന്ന് ആക്ഷേപമുണ്ട്.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/