ജി.കെ.പിള്ള തിരുത്തി; എന്‍.ഐ.എ അന്വേഷണം കേരളം ആവശ്യപ്പെട്ടിട്ടില്ല
Posted on: 07 Sep 2010
സംസ്ഥാനത്ത് 10 എ.ഡി.ജി.പി തസ്തിക
തിരുവനന്തപുരം: മുവാറ്റുപുഴയില്‍ അധ്യാപകന്റെ കൈവെട്ടിയ സംഭവം എന്‍.ഐ.എയെക്കൊണ്ട് അന്വേഷിക്കണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടുവെന്ന വിവാദ പ്രസ്താവന കേന്ദ്ര ആഭ്യന്തര സെക്രട്ടറി ജി.കെ.പിള്ള തിരുത്തി. കൈവെട്ടുകേസിനെക്കുറിച്ച് സംസ്ഥാന പോലീസ് കേന്ദ്രത്തെ അറിയിക്കുക മാത്രമാണുണ്ടായതെന്നും എന്‍.ഐ.എയുടെ അന്വേഷണം അവശ്യപ്പെട്ടിട്ടില്ലെന്നും പിള്ള അറിയിച്ചു. തലസ്ഥാനത്ത് നടന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു പിള്ള.
ഞായറാഴ്ച രാത്രി ഒരു ചാനല്‍ അഭിമുഖത്തിലും തിങ്കളാഴ്ച രാവിലെ കൊല്ലത്തുവെച്ചും സംസ്ഥാന പോലീസില്‍ നിന്ന് ലഭിച്ച കത്തിനെക്കുറിച്ച് ജി.കെ.പിള്ള സംസാരിച്ചിരുന്നു. എന്നാല്‍ സംസ്ഥാന ആഭ്യന്തര വകുപ്പ് ഇത് നിഷേധിച്ചു. കൈവെട്ടുകേസില്‍ എന്‍.ഐ.എ അന്വേഷണം ആവശ്യമില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് വൈകീട്ട് തലസ്ഥാനത്ത് നടന്ന പത്രസമ്മേളനത്തിലാണ് ജി.കെ.പിള്ള, തന്റെ വിവാദ പ്രസ്താവന തിരുത്തിയത്. കേരളത്തില്‍ ക്രമസമാധാന നില പൊതുവെ തൃപ്തികരമാണെന്ന് പിള്ള പറഞ്ഞു. പോപ്പുലര്‍ ഫ്രണ്ടിനെക്കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. സംഘടനയെ നിരോധിക്കണമോ വേണ്ടയോ എന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല. പോലീസ് നവീകരണ പദ്ധതി സംസ്ഥാനം കാര്യക്ഷമമായി നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്. രണ്ടാംഘട്ട പദ്ധതി 2011 മാര്‍ച്ചില്‍ തുടങ്ങും. അഞ്ചുവര്‍ഷത്തേക്കാണ് രണ്ടാംഘട്ട പദ്ധതി നടപ്പിലാക്കുന്നത്. രണ്ടാംഘട്ടം നടപ്പിലാക്കുന്നതോടെ സംസ്ഥാനത്തെ എ.ഡി.ജി.പിമാരുടെ എണ്ണം നാലില്‍ നിന്ന് 10 ആയി ഉയരും. ഐ.ജിമാരുടെ എണ്ണം 13-ല്‍ നിന്ന് 21 ആകും. ഡി.ഐ.ജിമാരുടെ എണ്ണം 14-ല്‍ നിന്ന് ഒന്‍പതായി കുറയും. എസ്.പിമാരുടെ എണ്ണം 44-ല്‍ നിന്ന് 47 ആയി ഉയരുമെന്നും ജി.കെ.പിള്ള പറഞ്ഞു.
പോലീസ് ആസ്ഥാനത്ത് നടന്ന ചര്‍ച്ചയില്‍ ചീഫ് സെക്രട്ടറി പി.പ്രഭാകരന്‍, അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.ജയകുമാര്‍, ഡി.ജി.പി. ജേക്കബ് പുന്നൂസ്, എ.ഡി.ജി.പിമാരായ സിബി മാത്യൂസ്, ജങ്പാംഗി, ഐ.ജിമാരായ എസ്.ആനന്ദകൃഷ്ണന്‍, കെ.പത്മകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.