ദേശീയപണിമുടക്ക് തുടങ്ങി

Posted on: 07 Sep 2010



തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ നയങ്ങളില്‍ പ്രതിഷേധിച്ച് വിവിധ കേന്ദ്രതൊഴിലാളി സംഘടനകള്‍ ആഹ്വാനംചെയ്ത ദേശീയപണിമുടക്ക് ആരംഭിച്ചു. തിങ്കളാഴ്ച അര്‍ദ്ധരാത്രിമുതല്‍ ചൊവ്വാഴ്ച അര്‍ദ്ധരാത്രിവരെയാണ് പണിമുടക്ക്. പാല്‍, പത്രം, ആസ്​പത്രി എന്നിവയെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ഇടതുപക്ഷ ട്രേഡ്‌യൂണിയനുകള്‍ ആഹ്വാനം ചെയ്ത പണിമുടക്കിനോട് സംസ്ഥാനസര്‍ക്കാര്‍ പൊതുവേ അനുഭാവപൂര്‍ണമായ സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്. ഇതുമൂലം കേരളത്തില്‍ പണിമുടക്ക് ബന്ദിന്റെ സ്വഭാവം കൈവരിച്ചേക്കാം. എന്നാല്‍ ക്രമസമാധാനം ഉറപ്പാക്കുന്നതിന് പോലീസ്‌സേനാവിന്യാസം ഉള്‍പ്പെടെയുള്ള നടപടികള്‍ സംസ്ഥാനസര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്.

ഐ.എന്‍.ടി.യു.സി., സി.ഐ.ടി.യു., എ.ഐ.ടി. യു.സി, എസ്.ടി.യു, എച്ച്.എം.എസ്, യു.ടി.യു. സി, ടി.യു.സി.ഐ, എ.ഐ.യു.ടി.യു.സി., കെ.ടി.യു.സി. (എം), എന്‍.എല്‍.ഒ, കെ.ടി.യു.സി. (ജെ) തുടങ്ങിയ സംഘടനകളാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

വിലക്കയറ്റവും ഓഹരിവില്പനയും തടയുക, തൊഴില്‍ നിയമങ്ങള്‍ നടപ്പാക്കുക, അസംഘടിത മേഖലയിലെ തൊഴിലാളികളെ സഹായിക്കാന്‍ ദേശീയനിധി രൂപവത്കരിക്കുക എന്നീ ആവശ്യങ്ങള്‍ ഉയര്‍ത്തിയാണ് പണിമുടക്ക് നടത്തുന്നത്. കേന്ദ്ര-സംസ്ഥാന ജീവനക്കാരും വിവിധ സര്‍വീസ്‌മേഖലകളിലുള്ളവരും പണിമുടക്കില്‍ പങ്കെടുക്കും. ബാങ്ക്, ടെലികോം, എല്‍.ഐ.സി. തുടങ്ങിയ മേഖലകളെയും പണിമുടക്ക് ബാധിക്കും.

ചൊവ്വാഴ്ച നിശ്ചയിച്ച എല്‍.ഡി.എഫ്. യോഗം മാറ്റിവെച്ചിട്ടുണ്ട്. അടുത്ത യോഗത്തീയതി നിശ്ചയിച്ചിട്ടില്ല. സ്വകാര്യ വാഹനങ്ങളുള്ളതിനാല്‍ യോഗം ചേരുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ പൊതുപണിമുടക്കില്‍ ഭാരതീയ മസ്ദൂര്‍സംഘ് (ബി.എം.എസ്.) പങ്കെടുക്കില്ല.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/