ആണവ ശാസ്ത്രജ്ഞന്‍ ഹോമി എന്‍. സെത്‌ന അന്തരിച്ചു

Posted on: 07 Sep 2010



മുംബൈ: ആണവോര്‍ജ കമ്മീഷന്‍ (എ.ഇ.സി.) മുന്‍ ചെയര്‍മാനും ഇന്ത്യയിലെ ആദ്യ ആണവ പരീക്ഷണത്തിന് നേതൃത്വം കൊടുത്തയാളുമായ ആണവ ശാസ്ത്രജ്ഞന്‍ ഹോമി നുസെര്‍വന്‍ജി സെത്‌ന (86) അന്തരിച്ചു. മുംബൈയിലെ മലബാര്‍ ഹില്‍സിലുള്ള വസതിയില്‍ ഞായറാഴ്ച രാത്രിയായിരുന്നു അന്ത്യം. ഭാര്യയും രണ്ട് മക്കളുമുണ്ട്.

ആണവ ശാസ്ത്രജ്ഞനും കെമിക്കല്‍ എന്‍ജിനീയറുമായ സെത്‌നയാണ് 1959-ല്‍ ഇന്ത്യയിലെ ആദ്യ പ്ലൂട്ടോണിയം പ്ലാന്റ് ട്രോംബെയില്‍ സ്ഥാപിച്ചത്. ഉദ്യോഗമണ്ഡലിലെ ഇന്ത്യന്‍ റെയര്‍ എര്‍ത്ത് ലിമിറ്റഡ് ഡയറക്ടറായി സേവനം ചെയ്തിട്ടുണ്ട്.

പിന്നീട് എ.ഇ.സി. ചെയര്‍മാനായ അദ്ദേഹം 1984-ല്‍ വിരമിച്ചു. 1989-2000 കാലയളവില്‍ ടാറ്റ പവറിന്റെ ചെയര്‍മാന്‍ പദവി വഹിച്ചു. ടാറ്റ സണ്‍സ്, ബോംബെ ഡൈയിങ് എന്നിവയുള്‍പ്പെടെ പല കമ്പനികളുടെയും ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സില്‍ അംഗമായിരുന്നു.

സെത്‌ന എ.ഇ.സി. ചെയര്‍മാന്‍ ആയിരിക്കെയാണ് 1974 മെയ് 18ന് ഇന്ത്യ രാജസ്ഥാനിലെ പൊഖ്‌റാനില്‍ ആദ്യ അണുബോംബ് സ്‌ഫോടനം നടത്തിയത്.

ബിഹാറിലെ ജഡുഗുഡയിലുള്ള യുറേനിയം മില്‍ 1967-ല്‍ ഇദ്ദേഹത്തിന്റെ മാര്‍ഗ നിര്‍ദേശത്തിലാണ് സ്ഥാപിച്ചത്. 1956-58 കാലത്ത് സിറസിന്റെ (കാനഡ ഇന്ത്യ റിയാക്ടര്‍) പ്രോജക്ട് മാനേജരായിരുന്നു.

1975-ല്‍ രാജ്യം പദ്മവിഭൂഷണ്‍ നല്‍കി ഇദ്ദേഹത്തെ ആദരിച്ചു. 1959-ല്‍ പദ്മശ്രീയും 1966-ല്‍ പത്മഭൂഷണും മുംബൈ സ്വദേശിയായ ഇദ്ദേഹത്തെ തേടിയെത്തി.

നല്ലവനും ഊര്‍ജസ്വലനുമായ എന്‍ജിനീയറായിരുന്നു സെത്‌ന എന്ന് എ.ഇ.സി. മുന്‍ ചെയര്‍മാന്‍ പി.കെ. അയ്യങ്കാര്‍ അനുസ്മരിച്ചു. വെല്ലുവിളികള്‍ ഏറ്റെടുത്ത് രാജ്യത്തെ ആദ്യ പുനഃസംസ്‌കരണ പ്ലാന്റ് അദ്ദേഹം ട്രോംബെയില്‍ സ്ഥാപിച്ചു. ആരെയും കൂസാത്ത മനോഭാവമായിരുന്നു അദ്ദേഹത്തിന്‍േറത്. ഒരു പ്രവൃത്തി നടപ്പാക്കാന്‍ വേണ്ടി അദ്ദേഹം ഒരിക്കലും ഉദ്യോഗസ്ഥ അനുമതിക്കായി കാത്തില്ല -അയ്യങ്കാര്‍ പറഞ്ഞു.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/