കുട്ടനാട് പാക്കേജ്: കര്‍ഷകര്‍ക്കും പങ്കാളിത്തം നല്‍കും

Posted on: 07 Sep 2010


എസ്.ഡി.വേണുകുമാര്‍



ആലപ്പുഴ: കുട്ടനാട് പാക്കേജ് നടത്തിപ്പില്‍ കര്‍ഷകര്‍ക്കും പങ്കാളിത്തം നല്‍കുന്നു. പദ്ധതിനടത്തിപ്പ് സുതാര്യമാക്കാന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണിത്.

ഇതനുസരിച്ച് ജലസേചനവകുപ്പ് ടെന്‍ഡര്‍ ചെയ്തിരിക്കുന്ന പുറംബണ്ടുകളുടെ നിര്‍മാണം നിരീക്ഷിക്കാന്‍ പാടശേഖരസമിതികളെ ചുമതലപ്പെടുത്തും. ജോലികളില്‍ പോരായ്മ ഉണ്ടെങ്കില്‍ കര്‍ഷകര്‍ക്ക് അതു ചൂണ്ടിക്കാട്ടി നടപടി എടുക്കാനാകും.

കരാറുകാരുടെയും എന്‍ജിനീയര്‍മാരുടെയും ഇഷ്ടംപോലെ പണി നടന്നാല്‍പ്പോരാ എന്നാണ് ഇതുസംബന്ധിച്ച് മുഖ്യമന്ത്രി ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കിയതെന്നാണ് വിവരം.

2,111 കോടി രൂപയുടെ ജോലിയാണ് ജലസേചനവകുപ്പിന്റെ കീഴില്‍ കുട്ടനാട്ടില്‍ നടക്കാന്‍ പോകുന്നത്. ഇതിന്റെ ടെന്‍ഡര്‍ നടപടിക്രമങ്ങളടക്കം എല്ലാം സുതാര്യമായിരിക്കണമെന്നാണ് നിര്‍ദേശം.

ജലസേചനവകുപ്പ് സെക്രട്ടറി ചെയര്‍മാനായി ഒരു സര്‍ക്കാര്‍ സമിതിയാണ് നിലവില്‍ നിരീക്ഷണത്തിനുള്ളത്. ഇതിനുപുറമെ താഴെത്തട്ടില്‍ പണിയില്‍ ക്രമക്കേടില്ലെന്ന് ഉറപ്പുവരുത്താനാണ് കര്‍ഷകരുടെ നിരീക്ഷണസംവിധാനം ഏര്‍പ്പെടുത്തുന്നത്.

കുട്ടനാട് പാക്കേജിന്റെ ടെന്‍ഡര്‍ അടക്കം എല്ലാം ആര്‍ക്കും മനസ്സിലാകുംവിധം ഒരു വെബ്‌സൈറ്റും രൂപകല്പന ചെയ്യുന്നുണ്ട്. നവംബറില്‍ ഇതിന്റെ ഉദ്ഘാടനം ഡോ. എം.എസ്. സ്വാമിനാഥനെക്കൊണ്ട് നടത്തിക്കാനാണ് നീക്കം.

കുട്ടനാട് പാക്കേജ് നടത്തിപ്പിനുള്ള ജലസേചനവകുപ്പിന്റെ ഓഫീസ് ചെങ്ങന്നൂരില്‍നിന്നു കുട്ടനാട്ടിലേക്കു മാറ്റിയേക്കും. ഈ ഓഫീസ് ചെങ്ങന്നൂരില്‍ തുറന്നത് ആക്ഷേപത്തിനിടയാക്കിയിരുന്നു. ബണ്ടുനിര്‍മാണമടക്കം കുട്ടനാട്ടിലെ കര്‍ഷകരുടെ സംശയം തീര്‍ക്കാന്‍ ചെങ്ങന്നൂരില്‍ പോകേണ്ട അവസ്ഥയാണ് നിലവിലുള്ളത്. ഉദ്യോഗസ്ഥര്‍ക്ക് തീവണ്ടി സൗകര്യത്തിനായിട്ടാണ് ഓഫീസ് ചെങ്ങന്നൂരില്‍ തുറന്നതെന്നായിരുന്നു വിശദീകരണം.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/