നോമ്പുതുറ കഴിഞ്ഞു മടങ്ങിയ വിദ്യാര്‍ഥികള്‍ ലോറിയിടിച്ച് മരിച്ചു

Posted on: 06 Sep 2010



അമ്പലപ്പുഴ: നോമ്പുതുറ കഴിഞ്ഞു മടങ്ങിയ ബന്ധുക്കളായ വിദ്യാര്‍ഥികള്‍ ലോറിയിടിച്ച് മരിച്ചു. അമ്പലപ്പുഴ നീര്‍ക്കുന്നം വെളിമ്പറമ്പ് സുബൈറിന്റെ മകന്‍ സക്കീര്‍ (18), വണ്ടാനം കാട്ടുങ്കല്‍ ജമാലി (റഷീദ്) ന്റെ മകന്‍ അജ്മല്‍ (13) എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ലോറിയിടിക്കുകയായിരുന്നു.

ഞായറാഴ്ച രാത്രി 8.30 ന് ദേശീയപാതയില്‍ നീര്‍കുന്നത്തായിരുന്നു അപകടം. അജ്മലിന്റെ വീട്ടില്‍ നോമ്പുതുറ കഴിഞ്ഞ് നീര്‍ക്കുന്നത്തുള്ള മറ്റൊരു ബന്ധുവിന്റെ വീട്ടിലേക്ക് പോവുകയായിരുന്നു ഇവര്‍. പിന്നാലെയെത്തിയ മണല്‍കയറ്റിയ ലോറി സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. തല തകര്‍ന്ന അജ്മല്‍ തത്ക്ഷണം മരിച്ചു. വണ്ടാനം മെഡിക്കല്‍കോളേജ് ആസ്​പത്രിയില്‍ എത്തിച്ച ശേഷമാണ് സക്കീര്‍ മരിച്ചത്. അപകടസ്ഥലത്തുനിന്ന് ലോറി ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. ലോറി അമ്പലപ്പുഴ പോലീസ് കസ്റ്റഡിയിലെടുത്തു.

അജ്മലിന്റെ അച്ഛനും സക്കീറിന്റെ അമ്മയും സഹോദരങ്ങളാണ്. ഇവരുടെ മറ്റൊരു സഹോദരനായ ഹംസക്കോയ (രാജു) യുടെ ചരമവാര്‍ഷിക മായതിനാലാണ് റഷീദിന്റെ വീട്ടില്‍ നോമ്പുതുറച്ചടങ്ങ് വച്ചിരുന്നത്.

വര്‍ഷങ്ങള്‍ക്ക് മുമ്പ് ഹംസക്കോയയും വാഹനാപകടത്തിലാണ് മരിച്ചത്. മാന്നാറില്‍ മുസ്‌ലിം ജമാഅത്ത് പള്ളിയില്‍ മതപഠനം നടത്തുകയാണ് സക്കീര്‍. അമ്മ: ഷഹ്ബാന. സഹോദരങ്ങള്‍: നിസാം, സൈഫുദ്ദീന്‍. കാക്കാഴം ഹൈസ്‌കൂളിലെ 8-ാം ക്ലാസ് വിദ്യാര്‍ഥിയാണ് അജ്മല്‍. അമ്മ: റാഷിദ. സഹോദരങ്ങള്‍: ബീമാ, ഫാത്തിമ. മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.

Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/