തിരുവനന്തപുരം: ലോട്ടറി ഓര്‍ഡിനന്‍സിനെച്ചൊല്ലി സി.പി.എമ്മില്‍ രാഷ്ട്രീയവിവാദം പുകയുന്നു. ഓര്‍ഡിനന്‍സില്‍ മുഖ്യമന്ത്രി നിര്‍ദേശിച്ച ഭേദഗതി ധനമന്ത്രി ഡോ. തോമസ് ഐസക് തത്ത്വത്തില്‍ അംഗീകരിച്ചിട്ടുണ്ടെങ്കിലും ഇരുവരും തമ്മിലുള്ള ചേരിതിരിവ്

മുറുകുകയാണ്. പ്രതിരോധത്തിലായ ധനവകുപ്പാകട്ടെ ലോട്ടറികേസുകളില്‍ തുടര്‍നടപടികള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നു. ഓര്‍ഡിനന്‍സ്‌കൊണ്ട് കാര്യമില്ലെന്നും സുപ്രീംകോടതിയെ സമീപിക്കുക മാത്രമാണ് പോംവഴിയെന്നുമാണ് ധനവകുപ്പിന്റെ നിലപാട്.
മൂന്നുമാസംമുന്‍പ് മേഘയ്ക്കും ലോട്ടറികച്ചവടക്കാര്‍ക്കുമെതിരെ എടുത്ത കേസുകളില്‍ തുടര്‍നടപടിയെടുക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് ധനവകുപ്പ് സുപ്രീംകോടതിയെ സമീപിക്കുന്നത്.
ലോട്ടറി ഓര്‍ഡിനന്‍സില്‍ മുഖ്യമന്ത്രി നിര്‍ദേശിച്ച ഭേദഗതിയുടെ നിയമസാധുതയെപ്പറ്റി അണിയറയില്‍ അഭിപ്രായവ്യത്യാസം രൂക്ഷമാണ്. കേന്ദ്രലോട്ടറി നിയമത്തിലെ നാലാംവകുപ്പ് ലംഘിക്കുന്ന അന്യസംസ്ഥാന ലോട്ടറിക്കാരില്‍നിന്ന് മുന്‍കൂര്‍ നികുതി ഈടാക്കില്ലെന്ന വ്യവസ്ഥവെക്കണമെന്നാണ് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ നിര്‍ദേശിച്ചത്. ചട്ടം ലംഘിക്കുന്ന അന്യസംസ്ഥാനലോട്ടറിക്കാരുടെ സംസ്ഥാനത്തെ പ്രവര്‍ത്തനം തടയാന്‍ ഇതിലൂടെ കഴിയുമെന്നാണ് മുഖ്യമന്ത്രിയുടെ കണക്കുകൂട്ടല്‍.
ഓര്‍ഡിനന്‍സ് ഇപ്പോള്‍ നിയമവകുപ്പിന്റെ പരിഗണനയിലാണ്. മുഖ്യമന്ത്രിയുടെ ഭേദഗതിയോട് നിയമവകുപ്പിന് അനുകൂലസമീപനമാണ് ഉള്ളതെന്ന് അറിയുന്നു. നിലവിലുള്ള നിയമങ്ങള്‍ക്ക് കൂടുതല്‍ വ്യക്തത വരുത്താനും അത് പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും ഇതിലൂടെ കഴിയുമെന്നാണ് നിയമവകുപ്പ് വിലയിരുത്തുന്നത്. എന്നാല്‍, ഈ ഭേദഗതിക്ക് നിയമസാധുതയുണ്ടാവില്ലെന്ന വാദമാണ് ധനവകുപ്പിന്. നാലാംവകുപ്പ് ലംഘിക്കാതെ പ്രവര്‍ത്തിക്കുന്നവയെ മാത്രമേ കേന്ദ്രനിയമം ലോട്ടറിക്കായി അംഗീകരിച്ചിട്ടുള്ളൂ. നാലാംവകുപ്പ് ലംഘിച്ചാല്‍ നടപടിയെടുക്കേണ്ടത് കേന്ദ്രവും. നികുതിയീടാക്കാന്‍ മാത്രമേ സംസ്ഥാനസര്‍ക്കാരിന് അധികാരമുള്ളൂ. ഈ സാഹചര്യത്തില്‍, കേന്ദ്രം നടപടിയെടുക്കാത്തപക്ഷം, സംസ്ഥാനത്തിന് നികുതി സ്വീകരിക്കാതിരിക്കാന്‍ പറ്റില്ലെന്നാണ് ധനവകുപ്പിന്റെ നിലപാട്. എന്നാല്‍ ഈ സമീപനം അന്യസംസ്ഥാനലോട്ടറിക്കാരെ സഹായിക്കാനാണെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.
ഓര്‍ഡിനന്‍സിന് അംഗീകാരം കിട്ടാന്‍ ഇനിയും കാലതാമസമുണ്ടാകും. മേഘ ഡിസ്ട്രിബ്യൂട്ടേഴ്‌സിന്റെ കേസില്‍ വൈകാതെ വിധിയുണ്ടാവും. വിധി സര്‍ക്കാരിന് പ്രതികൂലമാണെങ്കില്‍ പ്രതിരോധത്തിലാവുന്നത് ധനവകുപ്പായിരിക്കും. മുഖ്യമന്ത്രി നിര്‍ദേശിച്ച ഭേദഗതികള്‍ ഇത്രയുംകാലം നിയമത്തില്‍ ഉള്‍പ്പെടുത്താത്തതെന്തെന്നാവും അപ്പോള്‍ ഉയരുന്ന ചോദ്യം.