സി.പി.ഐ. നേതാവ് കെ.എസ്.ആനന്ദന്‍ അന്തരിച്ചു

Posted on: 06 Sep 2010



കൊല്ലം: സി.പി.ഐ. സംസ്ഥാന കൗണ്‍സില്‍ മുന്‍ അസി.സെക്രട്ടറിയും അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കൊല്ലം ജില്ലാ സെക്രട്ടറിയും ആയിരുന്ന കെ.എസ്.ആനന്ദന്‍ (85) അന്തരിച്ചു. ദീര്‍ഘകാലം നെയ്ത്തു തൊഴിലാളി ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറിയാ യിരുന്നു.

കൊല്ലത്തെ ഒരു സ്വകാര്യ ആസ്​പത്രിയില്‍ ഞായറാഴ്ച ഉച്ചയോടെയായിരുന്നു അന്ത്യം. മൃതദേഹം എം.എന്‍.സ്മാരകത്തില്‍ പൊതുദര്‍ശനത്തിനു വച്ചപ്പോള്‍ സി.പി.ഐ. സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗ്ഗവന്‍, പന്ന്യന്‍ രവീന്ദ്രന്‍, മന്ത്രിമാരായ മുല്ലക്കര രത്‌നാകരന്‍, സി.ദിവാകരന്‍, എന്‍.അനിരുദ്ധന്‍ എം.എല്‍.എ., കെ.ആര്‍.ചന്ദ്രമോഹനന്‍ തുടങ്ങി ഒട്ടേറെപ്പേര്‍ ആദരാഞ്ജലി അര്‍പ്പിച്ചു.

തുടര്‍ന്ന് മൃതദേഹം മുള്ളുവിളയിലെ വീട്ടില്‍ കൊണ്ടു വന്നപ്പോള്‍ മന്ത്രിമാരായ പി.കെ.ഗുരുദാസന്‍, എന്‍.കെ.പ്രേമചന്ദ്രന്‍ തുടങ്ങിയവരും ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

14-ാമത്തെ വയസ്സില്‍ കോണ്‍ഗ്രസ്സുകാരനായി പൊതുപ്രവര്‍ത്തനമാരംഭിച്ച കെ.എസ്.ആനന്ദന്‍ നെയ്ത്തു തൊഴിലാളികളെ സംഘടിപ്പിച്ച് നന്നേ ചെറുപ്രായത്തില്‍ത്തന്നെ മികച്ച സംഘാടകന്‍ എന്ന് പേരെടുത്തു.

പുന്നപ്ര വയലാര്‍ സമരത്തോട് കോണ്‍ഗ്രസ് സ്വീകരിച്ച സമീപനത്തില്‍ പ്രതിഷേധിച്ച് പാര്‍ട്ടിവിട്ട കെ.എസ്.ആനന്ദന്‍ തുടര്‍ന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നു. 1948ല്‍ കൊല്ലത്തുനിന്ന് തിരുവനന്തപുരത്തേക്ക് നെയ്ത്തുതൊഴിലാളികളുടെ കാല്‍നടജാഥ നയിച്ച് അറസ്റ്റിലായി. ആറുമാസം തടവുശിക്ഷ ലഭിച്ചു.

സി.പി.ഐ.യുടെ താലൂക്ക് സെക്രട്ടറി, പാര്‍ട്ടി പിളരുമ്പോള്‍ ജില്ലാ സെക്രട്ടറി, തുടര്‍ന്ന് സി.പി.ഐ. ജില്ലാ സെക്രട്ടറി, സംസ്ഥാന അസി. സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. നെയ്ത്തുതൊഴിലാളികളുടെ സമുന്നത നേതാവ് എന്നനിലയിലാണ് കാല്‍നൂറ്റാണ്ടായി അദ്ദേഹം അറിയപ്പെട്ടിരുന്നത്. കെ.സി.വാമദേവന്‍ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.

കൊല്ലം ബേസിക് ട്രെയിനിങ് സ്‌കൂളിലെ റിട്ട. അധ്യാപിക സുധര്‍മ്മിണിയാണ് ഭാര്യ. എമിലി, തിരുവനന്തപുരം ഉപഭോക്തൃ തര്‍ക്ക പരിഹാരഫോറം അംഗം അഡ്വ.ബീന, അജയകുമാര്‍, സുനില്‍ കുമാര്‍ (കര്‍ണ്ണാടക ഇലക്ട്രിസിറ്റി ബോര്‍ഡ്), മിനി എന്നിവര്‍ മക്കളും ഗോപാലകൃഷ്ണന്‍ (കെ.എസ്.ഇ.ബി. റിട്ട. എന്‍ജിനിയര്‍), രാജേന്ദ്രന്‍ (ബിസിനസ്സ്,തിരുവനന്തപുരം), സുനിത, ബിന്ദു, സുരേന്ദ്രന്‍ (ബിസിനസ്സ്) എന്നിവര്‍ മരുമക്കളുമാണ്.

മൃതദേഹം ഞായറാഴ്ച രാത്രി മുള്ളുവിള വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.

Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/