ജി.കെ. പിള്ളയുടെ സന്ദര്‍ശനം വിവാദത്തിലേക്ക്; ക്രമസമാധാനം ചര്‍ച്ച ചെയ്യേണ്ടെന്ന് സംസ്ഥാനം

തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര സെക്രട്ടറി ജി.കെ.പിള്ളയുടെ കേരളസന്ദര്‍ശനം വിവാദത്തിലേക്ക്. കേന്ദ്ര ഉദ്യോഗസ്ഥനായ ജി.കെ. പിള്ള ഇവിടെ ക്രമസമാധാനത്തെക്കുറിച്ച് ചര്‍ച്ച ചെയ്യേണ്ടതില്ലെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്.
ആഭ്യന്തര സുരക്ഷയെയും തീവ്രവാദ ഭീഷണിയെയും പറ്റി ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്യാനാണ് ജി.കെ. പിള്ള തലസ്ഥാനത്ത് എത്തിയത്. തിങ്കളാഴ്ചയാണ് ചര്‍ച്ച. എന്നാല്‍ ക്രമസമാധാനം പൂര്‍ണമായും സംസ്ഥാന വിഷയമായതിനാല്‍ ഈ യോഗത്തില്‍ ഇതേപ്പറ്റി ചര്‍ച്ച ചെയ്യേണ്ടതില്ലെന്നാണ് സര്‍ക്കാരിന്റെ അഭിപ്രായം. ആഭ്യന്തര സെക്രട്ടറിയും ഡി.ജി.പിയും മാത്രമേ ജി.കെ. പിള്ളയെ കാണുന്നുള്ളൂ. കേന്ദ്ര ഫണ്ടുപയോഗിച്ച് നടത്തുന്ന പോലീസ് നവീകരണ പരിപാടികളുടെ വിലയിരുത്തല്‍ മാത്രമായിരിക്കും യോഗത്തിലുണ്ടാവുകയെന്ന് സംസ്ഥാന ആഭ്യന്തരവകുപ്പ് കേന്ദ്രങ്ങള്‍ വ്യക്തമാക്കി. ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ തിങ്കളാഴ്ച തലസ്ഥാനത്ത് ഉണ്ടാവുകയുമില്ല. ആഭ്യന്തരമന്ത്രിയെക്കണ്ട് ജി.കെ.പിള്ള ചര്‍ച്ച നടത്തുന്നതില്‍ സാംഗത്യമില്ലെന്നും ആഭ്യന്തരവകുപ്പ് കരുതുന്നു.
അധ്യാപകന്റെ കൈവെട്ടിയ കേസും എന്‍.ഐ.എയുമായി ബന്ധപ്പെടുത്തി ചാനല്‍ അഭിമുഖത്തില്‍ ജി.കെ. പിള്ള നടത്തിയ പരാമര്‍ശവും വിവാദമായിട്ടുണ്ട്. കൈവെട്ടിയ കേസ് അന്വേഷിക്കാന്‍ എന്‍.ഐ.എയോട് ആവശ്യപ്പെടുന്ന കത്ത് സംസ്ഥാനം നല്‍കിയെന്ന ധാരണയാണ് അഭിമുഖത്തിലൂടെ വന്നത്. കത്തിന്മേല്‍ ഉടന്‍ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞതായാണ് റിപ്പോര്‍ട്ട്. എന്നാലിത് ആഭ്യന്തരവകുപ്പ് നിഷേധിച്ചു. ഈ കേസ് അന്വേഷിക്കാന്‍ എന്‍.ഐ.എയോട് ആവശ്യപ്പെട്ടിട്ടില്ല. തീവ്രവാദ ബന്ധമുള്ള കേസുകള്‍ എന്‍.ഐ.എയെ അറിയിക്കണമെന്ന് ഇതു സംബന്ധിച്ച നിയമത്തില്‍ വ്യവസ്ഥയുണ്ട്. ഇതുപ്രകാരം സംസ്ഥാനം അറിയിച്ചെന്നേയുള്ളൂ. കേസ്സിലെ പ്രതികളില്‍ ഏറെപ്പേരെയും ഇതിനകം അറസ്റ്റ് ചെയ്തുകഴിഞ്ഞു. കേസ് എന്‍.ഐ.എ. അന്വേഷിക്കേണ്ട ആവശ്യമില്ലെന്ന് സംസ്ഥാനം ഹൈക്കോടതിയെയും അറിയിച്ചിട്ടുണ്ട്-വകുപ്പ് കേന്ദ്രങ്ങള്‍ പറഞ്ഞു.
നീണ്ടകരയിലെ കോസ്റ്റ് ഗാര്‍ഡ് സ്റ്റേഷനും തിരുവനന്തപുരത്തെ എസ്.എ.പി ക്യാമ്പും പോലീസ് ട്രെയിനിങ് കോളേജും ജി.കെ. പിള്ള സന്ദര്‍ശിക്കുന്നുണ്ട്. പോലീസ് നവീകരണഫണ്ടിന്റെ വിനിയോഗം വിലയിരുത്താനാണിത്.
മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി എന്നിവരുമായുള്ള ചര്‍ച്ചയും സന്ദര്‍ശനത്തിന്റെ ഭാഗമായി ജി.കെ. പിള്ള ഉദ്ദേശിക്കുന്നുണ്ട്. രണ്ടുദിവസത്തെ സന്ദര്‍ശനത്തിനുശേഷം ചൊവ്വാഴ്ച അദ്ദേഹം മടങ്ങും.