എന്‍.ഡി.എഫ് നേതാവിന് വ്യാജ പാസ്‌പോര്‍ട്ട്: റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശം

Posted on: 06 Sep 2010



മേലാറ്റൂര്‍:കൊല്ലം ജില്ലക്കാരനും കൊലക്കേസ് പ്രതിയുമായ എന്‍.ഡി.എഫ് നേതാവിന് മേലാറ്റൂരിലെ വേങ്ങൂര്‍ പോസ്റ്റോഫീസില്‍ നിന്ന് വ്യാജവിലാസത്തില്‍ പാസ്‌പോര്‍ട്ട് ലഭിച്ചതിനെക്കുറിച്ച് അന്വേഷിക്കാന്‍ ജില്ലാ പോലീസ് സൂപ്രണ്ട് മേലാറ്റൂര്‍ പോലീസിന് നിര്‍ദേശം നല്‍കി.

സി.പി.എം പുനലൂര്‍ ഏരിയാ കമ്മിറ്റി അംഗവും ഇടമുളയ്ക്കല്‍ ഗ്രാമപ്പഞ്ചായത്ത് അംഗവും അറയ്ക്കല്‍ സഹകരണബാങ്ക് പ്രസിഡന്റുമായിരുന്ന തടിക്കാട് പുളിമുക്ക് പാട്ടപ്പള്ളി വീട്ടില്‍ എം.എ അഷറഫിനെ 2002 ജൂലായ് 18ന് രാത്രി വീട്ടില്‍ അതിക്രമിച്ച് കയറി വെട്ടിക്കൊലപ്പെടുത്തിയിരുന്നു. സംഭവത്തിലെ ഒന്നാം പ്രതിയാണ് അഞ്ചല്‍ ഏറം സ്വദേശി പോങ്ങുംമുകള്‍ അബ്ദുള്‍ഖാദര്‍. ഇയാളാണ് വേങ്ങൂര്‍ പോസ്റ്റോഫീസ് മുഖേന 2005 സപ്തംബറില്‍ വ്യാജവിലാസത്തില്‍ പാസ്‌പോര്‍ട്ട് സംഘടിപ്പിച്ച് വിദേശത്തേക്ക് കടന്നത്.

അബ്ദുള്‍ ലത്തീഫ്, കാവില്‍ വീട്, വേങ്ങൂര്‍, മലപ്പുറം എന്ന വ്യാജവിലാസത്തിലാണ് പാസ്‌പോര്‍ട്ട് കൈപ്പറ്റിയിട്ടുള്ളത്.

വ്യാജപാസ്‌പോര്‍ട്ടുമായി വിദേശത്തേക്ക് കടന്ന അബ്ദുള്‍ഖാദര്‍ നാട്ടില്‍ തിരിച്ചെത്തി വീണ്ടും വിദേശത്തേക്ക് പോകാനായി മുംബൈയിലെത്തിയപ്പോള്‍ ജൂലായ് 28ന് അഞ്ചല്‍ പോലീസിന്റെ പിടിയിലാവുകയായിരുന്നു.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാളില്‍ നിന്ന് പോലീസ് പാസ്‌പോര്‍ട്ട് കണ്ടെത്തിയത്.

തുടരന്വേഷണങ്ങള്‍ക്കായി കൊല്ലം എസ്.പി മലപ്പുറം എസ്.പിക്ക് വിവരങ്ങള്‍ കൈമാറിയിരുന്നു.

ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മലപ്പുറം എസ്.പി മേലാറ്റൂര്‍ പോലീസിന് നിര്‍ദേശം നല്‍കിയത്.

പാസ്‌പോര്‍ട്ട് ലഭിക്കാനിടയായ സാഹചര്യം, അതിനായി ഹാജരാക്കിയ രേഖകള്‍, പാസ്‌പോര്‍ട്ട് നല്‍കുന്നതിന് കൂട്ടുനിന്നവര്‍ എന്നിവയെക്കുറിച്ച് അന്വേഷണം നടത്താനാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്. ഇതുപ്രകാരം ക്രൈം നമ്പര്‍ 253/10 ആയി കേസ് രജിസ്റ്റര്‍ചെയ്ത് മേലാറ്റൂര്‍ എസ്.ഐ എ. സുനില്‍രാജിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ആരംഭിച്ചു.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/