വിവരാവകാശ കമ്മീഷന്‍ ഓഡിറ്റ് വിവരം പ്രസിദ്ധീകരിച്ചില്ലെന്ന് ആക്ഷേപം

Posted on: 06 Sep 2010



ന്യൂഡല്‍ഹി: വിവരാവകാശ നിയമത്തിനു കീഴിലുള്ള കേസുകള്‍ തീര്‍പ്പാക്കുന്ന പരമോന്നതവിഭാഗമായ കേന്ദ്ര വിവരാവകാശ കമ്മീഷന്റെ ഓഡിറ്റ് വിവരങ്ങള്‍ ജനങ്ങളില്‍നിന്ന് മറയ്ക്കുന്നതായി ആക്ഷേപം. ഓഡിറ്റ് ഡയറക്ടര്‍ ജനറലും കേന്ദ്ര റവന്യൂ വിഭാഗവും ചേര്‍ന്നുതയ്യാറാക്കിയ ആദ്യ ഓഡിറ്റ് റിപ്പോര്‍ട്ടാണ് വിവാദമായത്. റിപ്പോര്‍ട്ട് വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തുമെന്ന് കമ്മീഷന്‍ നേരത്തെ അറിയിച്ചിരുന്നു.

വാഹന പാര്‍ക്കിങ്ങിന് സ്ഥലം അനുവദിച്ചതിലും ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതിലും ഔദ്യോഗിക വാഹനങ്ങളിലെ ഇന്ധന ഉപയോഗത്തിലും ക്രമക്കേട് നടന്നതായി ഓഡിറ്റ് റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു. ഇത് പുറത്തുവരാതിരിക്കാനാണ് ശ്രമമെന്ന് ആരോപണമുണ്ട്. വിവരാവകാശ നിയമത്തിന്റെ നാലാം വകുപ്പനുസരിച്ച് സര്‍ക്കാറിന്റെ എല്ലാ വിഭാഗവും ഇത്തരം റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധപ്പെടുത്തണമെന്ന് നിര്‍ദേശമുള്ളപ്പോഴാണ് ഈ ഓഡിറ്റ് റിപ്പോര്‍ട്ട് വെളിപ്പെടുത്താന്‍ അധികൃതര്‍ തയ്യാറാവാത്തത്.

വിഹാര്‍ ദര്‍വ് നല്‍കിയ അപേക്ഷയ്ക്കുള്ള മറുപടിയില്‍ ഓഡിറ്റ് റിപ്പോര്‍ട്ട് ഔദ്യോഗിക വെബില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്ന് ജോയന്റ് സെക്രട്ടറിയടക്കമുള്ളവര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, സൈറ്റില്‍ റിപ്പോര്‍ട്ട് കാണാനായില്ല. സംഭവം വിവാദമായപ്പോള്‍ റിപ്പോര്‍ട്ട് ഉടന്‍ സൈറ്റിലുണ്ടാവുമെന്ന് കേന്ദ്ര വിവരാവകാശ കമ്മീഷണര്‍ വജാഹത്ത് ഹബീബുള്ള ഉറപ്പുനല്‍കി.

റിപ്പോര്‍ട്ട് വെബ്‌സൈറ്റില്‍ ഉണ്ടായിരിക്കുമെന്ന് പിന്നീട് ഉറപ്പുനല്‍കി.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/