കശ്മീര്‍: വീട്ടുകാരെ ബന്ദികളാക്കിയ ഭീകരനെ വധിച്ചു

Posted on: 06 Sep 2010



ശ്രീനഗര്‍: ജമ്മുകശ്മീരില്‍ ഒരു വീട്ടില്‍ കയറി വീട്ടുകാരെ ബന്ദികളാക്കിയ ഭീകരരുമായി സുരക്ഷാസേന നടത്തിയ ഏറ്റുമുട്ടലില്‍ ഒരാള്‍ മരിച്ചു. 'ലഷ്‌കര്‍-ഇ-തൊയ്ബ' അംഗമാണ് മരിച്ചതെന്ന് ഔദ്യോഗികവൃത്തങ്ങള്‍ പറഞ്ഞു. ഏറ്റുമുട്ടലില്‍ ഒരു ഭടന് പരിക്കേറ്റു.

പൂഞ്ച് ജില്ലയിലെ മെന്ദാറിലാണ് സംഭവം. അവസാനറിപ്പോര്‍ട്ട് കിട്ടുമ്പോഴും ഏറ്റുമുട്ടല്‍ തുടരുകയാണ്. രണ്ടു ഭീകരര്‍കൂടി വീടിനകത്തുണ്ടെന്നാണ് വിവരം. വീട്ടുകാരെ സൈനികര്‍ മോചിപ്പിച്ചു.

സി.ആര്‍.പി.എഫില്‍നിന്ന് ഹവില്‍ദാറായി വിരമിച്ച അബ്ദുള്‍ ഖാലിക്കിന്റെ വീട്ടിലാണ് ഭീകരര്‍ അഭയം തേടിയത്. വിവരമറിഞ്ഞ് ഞായറാഴ്ച പുലര്‍ച്ചെ സുരക്ഷാഭടന്മാര്‍ സ്ഥലത്തെത്തുകയായിരുന്നു.

അതേസമയം, കശ്മീരികളുടെ ആവലാതികള്‍ പരിഹരിക്കുന്നതിന് ശക്തമായ നടപടികളുണ്ടാവണമെന്ന് ജമ്മുകശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള പറഞ്ഞു. രാഷ്ട്രീയ ചര്‍ച്ചകള്‍ പുനരാരംഭിക്കുക, സായുധസേനാ പ്രത്യേകാധികാരനിയമം ഭേദഗതി ചെയ്യുകയോ ഘട്ടംഘട്ടമായി പിന്‍വലിക്കുകയോ ചെയ്യുക എന്നിത്യാദി കാര്യങ്ങളില്‍ ഉറച്ച ചുവടുവെപ്പുകള്‍ വേണമെന്ന് അദ്ദേഹം കേന്ദ്രത്തോട് ആവശ്യപ്പെട്ടു.




Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/