
ടെഹ്‌റാന്‍: അവിഹിത ബന്ധത്തിന്റെ പേരില്‍ കല്ലെറിഞ്ഞു കൊല്ലാന്‍ വിധിക്കപ്പെട്ട ഇറാനിയന്‍ സ്ത്രീക്ക് 99 ചാട്ടയടികൂടി നല്കാന്‍ അധികൃതരുടെ ഉത്തരവ്. തട്ടമിടാത്ത ചിത്രം പ്രസിദ്ധീകരണത്തിനു നല്കുകവഴി അസഭ്യമായി പെരുമാറിയെന്ന കുറ്റത്തിനാണ് പുതിയ ശിക്ഷ.
വിധവയായ സക്കിന മുഹമ്മദി അഷ്തിയാനിക്ക് രണ്ടു പുരുഷന്മാരുമായി ബന്ധം പുലര്‍ത്തിയെന്ന കുറ്റം ചുമത്തിയാണ് ഇറാന്‍ അധികൃതര്‍ വധശിക്ഷ വിധിച്ചത്. മനുഷ്യാവകാശ സംഘടനകള്‍ ഇടപെട്ടതിനെത്തുടര്‍ന്ന് കല്ലെറിഞ്ഞ് കൊല്ലല്‍ തല്‍ക്കാലം നിര്‍ത്തിവെച്ചിരിക്കയാണ്. ഇതുമായി ബന്ധപ്പെട്ട വാര്‍ത്തയ്‌ക്കൊപ്പം ലണ്ടനിലെ ടൈംസ് ദിനപത്രമാണ് തട്ടമില്ലാത്ത ചിത്രം പ്രസിദ്ധീകരിച്ചത്. ഈ ചിത്രം സക്കിനയുടേതല്ലെന്നും വേറൊരു ഇറാന്‍ യുവതിയുടേതാണെന്നും 'ടൈംസ്' പിന്നീട് വിശദീകരിച്ചിരുന്നു.
എന്നാല്‍ തട്ടമിടാതെ പരസ്യമായി പ്രത്യക്ഷപ്പെട്ടതിനു സക്കിനയെ ചാട്ടയടിക്ക് വിധേയമാക്കാന്‍ അധികൃതര്‍ ഉത്തരവിട്ടതായി അവരുടെ മകള്‍ പറഞ്ഞു. അമ്മയുടെ വധശിക്ഷ നടപ്പാക്കുന്നതിനുള്ള മുന്നൊരുക്കം എന്ന നിലയിലാണ് അധികൃതര്‍ പുതിയ കുറ്റങ്ങള്‍ ചുമത്തുന്നതെന്ന് മകന്‍ പഞ്ഞു. ജയിലിലുള്ള സക്കിനയെ കാണാന്‍ കുടുംബങ്ങളെ അനുവദിക്കുന്നില്ല.