അഴീക്കല്‍ തുറമുഖവികസനത്തിന് 450 കോടിരൂപയുടെ വികസനപദ്ധതി -മന്ത്രി
Posted on: 06 Sep 2010
തിരുവനന്തപുരം: അഴീക്കല്‍ തുറമുഖവികസനത്തിന് പൊതു-സ്വകാര്യമേഖലകളുടെ സംയുക്തസഹകരണത്തോടെ 450 കോടി രൂപയുടെ വികസനപദ്ധതിയ്ക്ക് നടപടി ആരംഭിച്ചതായി മന്ത്രി വി. സുരേന്ദ്രന്‍പിള്ള അറിയിച്ചു.
ഇതിനുവേണ്ടിയുള്ള ആഗോളടെന്‍ഡര്‍ ക്ഷണിച്ചിട്ടുണ്ട്. ലഭിക്കുന്ന ടെന്‍ഡറുകള്‍ സപ്തംബര്‍ 30-ന് തുറക്കുമെന്നും അഴീക്കല്‍ തുറമുഖത്തിന്റെ സമഗ്രവികസനത്തിനായി ചേര്‍ന്ന ഉദ്യോഗസ്ഥരുടെ യോഗത്തില്‍ മന്ത്രി അറിയിച്ചു.
തുറമുഖവികസനത്തിനായി ത്രിമാനലക്ഷ്യങ്ങള്‍ മന്ത്രി ഉദ്യോഗസ്ഥരുടെ മുന്‍പാകെവെച്ചു. വിസ്തൃതിയുള്ള വാര്‍ഫിന്റെ നിര്‍മാണം തുറമുഖവുമായി ബന്ധിപ്പിക്കുന്ന റോഡ്-റെയില്‍ സംവിധാനം, കാര്‍ഗോ കയറ്റിറക്കിന് ആവശ്യമായ ആധുനിക ഉപകരണങ്ങള്‍ തുറമുഖത്ത് സ്ഥാപിക്കല്‍ എന്നിവയാണ് ത്രിമാനപദ്ധതിയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഒരാഴ്ചയ്ക്കുള്ളില്‍ ഇവയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി സര്‍ക്കാരില്‍ സമര്‍പ്പിക്കുവാന്‍ മന്ത്രി തുറമുഖഡയറക്ടറെ ചുമതലപ്പെടുത്തി.
തുറമുഖവികസനത്തിനായി 60 ഏക്കര്‍ഭൂമിയുടെ സര്‍വേ പൂര്‍ത്തിയായിക്കഴിഞ്ഞു. 15 ഏക്കര്‍ കൂടി ആവശ്യമെന്ന് കണ്ടതിനാല്‍ ഇതിനുവേണ്ട വിജ്ഞാപനത്തിന് നടപടി സ്വീകരിക്കുവാനും മന്ത്രി ഉത്തരവിട്ടു. അഴീക്കല്‍ നിന്നും ലക്ഷദ്വീപിലേക്ക് സാധനങ്ങള്‍ കയറ്റി അയക്കുവാന്‍ കപ്പല്‍സംവിധാനം ഒരുക്കുന്നതിന് നടപടി സ്വീകരിക്കുവാനും മന്ത്രി നിര്‍ദേശം നല്‍കി.
എം. പ്രകാശന്‍മാസ്റ്റര്‍ എം.എല്‍.എ, തുറമുഖവകുപ്പ് സെക്രട്ടറി സഞ്ജീവ്കൗശിക്, തുറമുഖ ഡയറക്ടര്‍ ഡോ. ജേക്കബ്‌തോമസ്, തുറമുഖവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.