വിവാദങ്ങള്‍ക്കുപിന്നില്‍ ഇന്ത്യയെന്ന് മാവോവാദികള്‍

Posted on: 06 Sep 2010



മാവോവാദികള്‍ക്ക് വീണ്ടും തോല്‍വി; നേപ്പാളില്‍ കോഴ വിവാദം


കാഠ്മണ്ഡു: നേപ്പാള്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഞായറാഴ്ച നടന്ന ആറാംവട്ട വോട്ടെടുപ്പിലും മാവോവാദി നേതാവ് പ്രചണ്ഡ പരാജയപ്പെട്ടു. കുതിരക്കച്ചവടത്തിലൂടെ അധികാരത്തിലേറാന്‍ ശ്രമിച്ചെന്ന ആരോപണംകൂടി നേരിടേണ്ടിവന്നതോടെ മാവോവാദികള്‍ തിരഞ്ഞെടുപ്പില്‍നിന്നും പിന്മാറാന്‍ ഒരുങ്ങുകയാണ്. കോഴവിവാദത്തിനു പിന്നില്‍ ഇന്ത്യയാണെന്നാണ് മാവോവാദികള്‍ പറയുന്നത്.

പണംനല്കി എം.പിമാരെ ചാക്കിട്ടുപിടിക്കാന്‍ മാവോവാദികള്‍ ചൈനയിലെ ചില 'സുഹൃത്തുക്കളില്‍'നിന്ന് പണം ആവശ്യപ്പെടുന്നതിന്റെ ടേപ്പ് കഴിഞ്ഞദിവസം മാധ്യമങ്ങള്‍ പുറത്തുകൊണ്ടുവന്നിരുന്നു. പാര്‍ട്ടിയുടെ വിദേശകാര്യ വിഭാഗം തലവന്‍ കൃഷ്ണബഹാദൂര്‍ മഹാര ചൈനയിലെ ഒരാളുമായി നടത്തിയ ഫോണ്‍ സംഭാഷണമാണ് പുറത്തായത്. ഒരു എം.പിക്ക് ഒരു കോടി രൂപ എന്ന നിരക്കില്‍ 50 എം.പിമാരുടെ പിന്തുണ നേടാനായി 50 കോടി രൂപയാണ് മഹാര ചൈനക്കാരനോട് ആവശ്യപ്പെട്ടത്. നേപ്പാളി കമ്യൂണിസ്റ്റ് പാര്‍ട്ടിയായ സി.പി.എന്‍. (യു.എം.എല്‍.) നേതാവ് സി.പി.മനാലി ദിവസങ്ങള്‍ക്കുമുമ്പ് തനിക്ക് മാവോവാദികള്‍ പണം വാഗ്ദാനം ചെയ്തതായി വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ടേപ്പ് കൃത്രിമമാണെന്നും അകാശപ്പെട്ട മാവോവാദികള്‍ ഇന്ത്യയാണ് ഇതിനു പിന്നിലെന്നും ആരോപിച്ചു. പ്രചണ്ഡ പ്രധാനമന്ത്രിയാവുന്നത് തടയാന്‍ റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിങ് (റോ) നടത്തിയ ഗൂഢാലോചനയാണിതെന്ന് മാവോവാദി മുഖപത്രമായ ജനദിശ ഞായറാഴ്ച പ്രസിദ്ധീകരിച്ച ലേഖനത്തില്‍ കുറ്റപ്പെടുത്തി.

ഞായറാഴ്ചത്തെ തിരഞ്ഞെടുപ്പില്‍ പ്രചണ്ഡ വിജയിക്കുമെന്ന് ഉറപ്പായതോടെ റോയാണ് വ്യാജടേപ്പ് സന്ദേശം നേപ്പാളിലെ മാധ്യമങ്ങള്‍ക്ക് വിതരണം ചെയ്തത്. ചൈനയെ പ്രശ്‌നത്തിലേക്ക് വലിച്ചിഴയ്ക്കുക എന്ന ലക്ഷ്യവും റോയ്ക്കുണ്ട്-ജനദിശ ലേഖനത്തില്‍ പറയുന്നു. ടെലിഫോണ്‍ സംഭാഷണം വ്യാജമാണെന്ന് മഹാരയും കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.

കോഴ വിവാദത്തിന്റെ നിഴലില്‍ ഞായറാഴ്ച നടന്ന തിരഞ്ഞെടുപ്പില്‍ മാവോവാദികള്‍ നാണംകെട്ട തോല്‍വിയാണ് ഏറ്റുവാങ്ങിയത്. ആദ്യറൗണ്ട് തിരഞ്ഞെടുപ്പുകളില്‍ നിന്ന് വിട്ടുനിന്ന ചെറു പാര്‍ട്ടികളുടെ പിന്തുണ ഏതുവിധേനയും നേടാനുള്ള മാവോവാദികളുടെശ്രമമാണ് വിഫലമായത്. 601 അംഗ സഭയില്‍ 301 അംഗങ്ങളുടെ പിന്തുണയാണ് ഭൂരിപക്ഷത്തിനാവശ്യം. 236 എം.പി.മാര്‍ സ്വന്തംനിലയിലുള്ള മാവോവാദികള്‍ക്ക് ആറാംവട്ട വോട്ടെടുപ്പില്‍ നാല് എം.പി.മാരുടെ പിന്തുണ മാത്രമാണ് അധികം നേടാനായത്. 101 പേര്‍ പ്രചണ്ഡയ്‌ക്കെതിരെ വോട്ട് ചെയ്തപ്പോള്‍ 163 പേര്‍ വിട്ടുനിന്നു. എതിര്‍ സ്ഥാനാര്‍ഥിയായ നേപ്പാളി കോണ്‍ഗ്രസ് നേതാവ് രാംചന്ദ്രപൗഡലിന് 122 വോട്ട് ലഭിച്ചപ്പോള്‍ 242 പേര്‍ എതിര്‍ത്ത് വോട്ടുചെയ്തു. 172 പേര്‍ നിഷ്പക്ഷത പാലിച്ചു. നേപ്പാളിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയായ സി.പി.എന്‍. (യു.എം.എല്‍)ഉം നാല് തേരായി മധേശി പാര്‍ട്ടികളുമാണ് ഇത്തവണയും വിട്ടുനിന്നത്. 50 മധേശി എം.പിമാരെ വിലയ്‌ക്കെടുക്കാനാണ് മാവോവാദികള്‍ ലക്ഷ്യമിട്ടിരുന്നത്. ആവര്‍ത്തിച്ചുള്ള തോല്‍വിയുടെയും കോഴ ആരോപണത്തിന്റെയും പശ്ചാത്തലത്തില്‍ തിരഞ്ഞെടുപ്പില്‍നിന്ന് വിട്ടുനില്‍ക്കാന്‍ മാവോവാദികള്‍ ഏകദേശ ധാരണയിലെത്തിയിട്ടുണ്ട്. പാര്‍ട്ടി ഘടകങ്ങളുമായി ചര്‍ച്ച നടത്തിയശേഷമായിരിക്കും ഇതുസംബന്ധിച്ച തീരുമാനം പ്രഖ്യാപിക്കുക. ചൊവ്വാഴ്ചയാണ് അടുത്ത വോട്ടെടുപ്പ്.

കുതിരക്കച്ചവടത്തിലൂടെ അധികാരം പിടിക്കാന്‍ ശ്രമിച്ച മാവോവാദികളുടെ യഥാര്‍ഥ മുഖം പുറത്തുവന്നതായി നേപ്പാളികോണ്‍ഗ്രസ് വക്താവ് അര്‍ജുന്‍നരസിഘ് പറഞ്ഞു. മാവോവാദികള്‍ ടേപ്പ് വ്യാജമാണെന്ന് അവകാശപ്പെടുന്ന സാഹചര്യത്തില്‍ ശബ്ദപരിശോധന നടത്തി സത്യം പുറത്തുകൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ത്യയുമായുള്ള നേപ്പാളിന്റെ മികച്ച ബന്ധം തകിടം മറിക്കാനുള്ള മാവോവാദികളുടെ ശ്രമത്തില്‍ ആശങ്കയുണ്ടെന്നും അര്‍ജുന്‍നരസിഘ് പറഞ്ഞു.

ടേപ്പ് വിവാദം സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് മാവോവാദികളും ആവശ്യമുന്നയിച്ചിട്ടുണ്ട്. ഇതിനെക്കുറിച്ച് സ്വന്തംനിലയില്‍ അന്വേഷണം നടത്തുമെന്നും മാവോവാദികള്‍ വ്യക്തമാക്കി.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/