അസ്വാരസ്യങ്ങള്‍ക്കിടയിലും നെഹ്രുവിന് ചൈനീസ് നേതാവിന്റെ പ്രശംസ
Posted on: 06 Sep 2010
ബെയ്ജിങ്: പാക് അധീന കശ്മീരില്‍ ചൈന സൈന്യത്തെ വിന്യസിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ ഇന്ത്യ-ചൈന ബന്ധത്തില്‍ വിള്ളലുകള്‍ വീഴ്ത്തുന്നതിനിടെ, മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവിന് മുതിര്‍ന്ന ചൈനീസ് നേതാവിന്റെ സ്തുതി വചനം.
ബെയ്ജിങ്ങില്‍ കഴിഞ്ഞ ദിവസം സമാപിച്ച അന്താരാഷ്ട്ര പുസ്തകമേളയിലെ ഇന്ത്യന്‍ പവലിയന്‍ സന്ദര്‍ശിച്ച മുതിര്‍ന്ന കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാവ് ലീ ചാങ്ചുന്‍ ആണ് നെഹ്രുവിനെ പ്രശംസാ വചനങ്ങള്‍കൊണ്ട് മൂടിയത്. നെഹ്രു സമ്മാനിച്ച പഞ്ചശീലം എന്ന ആശയമാണ് ഇന്നും പല രാജ്യങ്ങളുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ചൈനയ്ക്ക് സഹായമാകുന്നതെന്ന് ലീ പറഞ്ഞു.
ചൈനയുടെ ഭരണം അണിയറയില്‍ നിന്ന് നിയന്ത്രിക്കുന്നവരില്‍ പ്രധാനിയായ ലീ പൊതുചടങ്ങുകളില്‍ വളരെ അപൂര്‍വമായാണ് പങ്കെടുക്കുന്നത്. മാവോ സേ തൂങ്ങിന്റെ സാംസ്‌കാരിക വിപ്ലവകാലത്ത് 'വില്ലനായി' അവതരിപ്പിക്കപ്പെട്ട നെഹ്രുവിനെ പ്രശംസിച്ചുകൊണ്ട് ലീ നടത്തിയ പരാമര്‍ശങ്ങള്‍ ഇന്ത്യന്‍ അധികൃതരെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്.
പാക് അധീന കശ്മീരിനെച്ചൊല്ലിയുള്ള വിവാദം തുടരുന്നതിനിടെ ലീ നടത്തിയ സന്ദര്‍ശനം ചൈന ഇന്ത്യയുമായി നല്ല ബന്ധം തുടരാന്‍ താത്പര്യപ്പെടുന്നുണ്ട് എന്നതിന്റെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്.
Tags: Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam