പ്രത്യക്ഷ നികുതി ചട്ടം: വിദേശ ഇന്ത്യാക്കാര്‍ക്കും നികുതി വരുന്നു

Posted on: 06 Sep 2010


പി. ബസന്ത്‌



ന്യൂഡല്‍ഹി: പ്രവാസികളുടെ വരുമാനത്തിനു നികുതി ഏര്‍പ്പെടുത്താന്‍ പ്രത്യക്ഷ നികുതി ചട്ടത്തില്‍ നിര്‍ദേശം. കൂടുതല്‍ നാളുകള്‍ ഇന്ത്യയില്‍ തങ്ങുന്ന വിദേശ ഇന്ത്യക്കാരുടെ വരുമാനം നികുതി വിധേയമാക്കുന്ന നിര്‍ദേശമാണ് കേന്ദ്രം പുതിയ ചട്ടത്തില്‍ നിര്‍ദേശിച്ചിരിക്കുന്നത്. കഴിഞ്ഞാഴ്ച പാര്‍ലമെന്റില്‍ അവതരിപ്പിച്ച്, സഭാ സമിതിയുടെ പരിഗണനയ്ക്കു വിട്ട പ്രത്യക്ഷ നികുതി ചട്ടത്തിലെ ഈ നികുതി നിര്‍ദേശം, ലക്ഷക്കണക്കിന് മലയാളികളെ പ്രതികൂലമായി ബാധിക്കും.

നിലവിലുള്ള ആദായനികുതി ചട്ടമനുസരിച്ച് 182 ദിവസത്തില്‍ താഴെ ഇന്ത്യയില്‍ താമസിക്കുന്നവരെയാണ് എന്‍. ആര്‍. ഐ (വിദേശ ഇന്ത്യക്കാര്‍) എന്ന ഗണത്തില്‍പ്പെടുത്തിയിരിക്കുന്നത്. വിദേശത്തുനിന്നുള്ള ഇവരുടെ സമ്പാദ്യത്തിന് നികുതിയില്ല. എന്നാല്‍, പ്രത്യക്ഷ നികുതി ചട്ടത്തില്‍ ഇന്ത്യയിലെ താമസം വിശദീകരിക്കുന്ന ഭാഗത്ത് ഇന്ത്യയില്‍ 60 ദിവസത്തില്‍ കൂടുതല്‍ താമസിക്കുന്നവരെയെല്ലാം ഇന്ത്യക്കാരായി കണക്കാക്കുമെന്ന് വ്യക്തമാക്കുന്നു. നികുതി കണക്കാക്കുന്ന വര്‍ഷത്തിനു മുമ്പുള്ള നാലു കൊല്ലത്തിനിടെ 365ഓ അതില്‍ കൂടുതലോ ദിവസങ്ങള്‍ അല്ലെങ്കില്‍ വര്‍ഷം 60ഓ അതില്‍ കൂടുതലോ ദിവസം ഇന്ത്യയില്‍ താമസിക്കുന്നവരെല്ലാം സ്ഥിരതാമസക്കാരായിരിക്കുമെന്നാണ് പുതുക്കിയ ചട്ടത്തില്‍ പറയുന്നത്. ഇതു പ്രകാരം ഒരു വര്‍ഷം ഇത്രയും ദിവസങ്ങള്‍ ഇന്ത്യയില്‍ താമസിച്ചാലും എന്‍. ആര്‍. ഐ. പദവി നഷ്ടമാകും. അവരുടെ വരുമാനത്തിന് നികുതി കൊടുക്കേണ്ടി വരും.

നിലവിലുള്ള ആദായനികുതി ചട്ടമനുസരിച്ച് 182ഓ അതില്‍ കുറവോ ദിവസം മാത്രം അല്ലെങ്കില്‍, നാലു കൊല്ലത്തിനകം 365ഓ അതില്‍ കുറവോ ദിവസം ഇന്ത്യയില്‍ കഴിഞ്ഞാല്‍ നികുതിയില്‍ നിന്നൊഴിവായിരുന്നു. വിദേശ ഇന്ത്യക്കാരന്‍ എന്ന വിഭാഗത്തിലാവാന്‍ രണ്ടു കൊല്ലത്തെ സാവകാശം നല്‍കും. അതിനു ശേഷമേ, വിദേശ വരുമാനത്തിന് നികുതിഈടാക്കിത്തുടങ്ങൂ. നികുതി വെട്ടിപ്പ് ഒഴിവാക്കുന്നതിനുവേണ്ടിയാണ് പുതിയ നിര്‍ദേശമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

പുതിയ ചട്ടത്തില്‍ നികുതി കണക്കാക്കുന്നതിന് രണ്ടു വിഭാഗങ്ങളേ ഉണ്ടാവൂ. റസിഡന്റ്, നോണ്‍ റസിഡന്റ് എന്നിവ. നിലവില്‍ ആദായ നികുതി ചട്ടങ്ങളിലുള്ള റസിഡന്റ് നോട്ട് ഓര്‍ഡിനറിലി റസിഡന്റ് (ആര്‍. എന്‍. ഒ. ആര്‍) എന്ന വിഭാഗം ഇല്ലാതാകും. പുതിയ നിര്‍ദേശ പ്രകാരം, ഇന്ത്യയില്‍ കഴിയാന്‍ അനുവദിച്ചിരുന്ന പരിധി കുറച്ചതോടെ ഒരു വിദേശ ഇന്ത്യക്കാരന്‍, രാജ്യത്തെ സ്ഥിരതാമസക്കാരനായി മാറുന്നതിനും അവരുടെ വരുമാനം നികുതിക്ക് വിധേയമാകുന്നതിനുമുള്ള സാധ്യത കൂടുതലാണ്. ഇരട്ട നികുതി ഒഴിവാക്കുന്നത് സംബന്ധിച്ച് കരാറില്ലാത്ത രാജ്യങ്ങളിലെ താമസക്കാര്‍ക്കുള്ള നികുതി ബാധ്യത കൂടുതലായിരിക്കും. രണ്ടു രാജ്യത്തും നികുതി നല്‍കേണ്ടിയും വരും.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/