ഭക്ഷ്യധാന്യ സംഭരണം: സുപ്രീംകോടതി ഉത്തരവ് താങ്ങുവിലയെയും ബാധിക്കും

Posted on: 06 Sep 2010



ന്യൂഡല്‍ഹി: ഗോഡൗണുകളുടെ ലഭ്യതയ്ക്കനുസരിച്ചേ ഭക്ഷ്യധാന്യങ്ങള്‍ സംഭരിക്കാവൂ എന്ന സുപ്രീം കോടതി ഉത്തരവ് നിലവിലുള്ള താങ്ങുവില സമ്പ്രദായത്തെ ബാധിക്കും. കാര്‍ഷികോത്പന്നത്തിന്മേല്‍ നിശ്ചിത തുക കര്‍ഷകനു ഉറപ്പു നല്‍കുന്നതാണ് താങ്ങുവില. ഗോഡൗണുകളിലെ സ്ഥല സൗകര്യം നോക്കി ഭക്ഷ്യധാന്യങ്ങള്‍ സംഭരിച്ചാല്‍ മതിയെന്നാണ് കഴിഞ്ഞ മാസം സുപ്രീം കോടതി കേന്ദ്രത്തോട് നിര്‍ദേശിച്ചത്.

ഇക്കൊല്ലം 800 ലക്ഷം ടണ്‍ ഭക്ഷ്യധാന്യങ്ങളാണ് സംഭരിച്ചത്. എന്നാല്‍, 600 ലക്ഷം ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ സംഭരിച്ചു സൂക്ഷിക്കാനുള്ള സൗകര്യമേയുള്ളൂ. കേടുകൂടാതെ സൂക്ഷിക്കാന്‍ കഴിയാത്ത 200 ലക്ഷം ടണ്ണോളം ഭക്ഷ്യധാന്യങ്ങള്‍ നശിക്കുന്നത് മാധ്യമങ്ങളിലൂടെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് അവ പാവങ്ങള്‍ക്ക് സൗജന്യമായി വിതരണം ചെയ്യാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചത്. സംഭരണ ശേഷിക്കനുസരിച്ച് ഭക്ഷ്യധാന്യങ്ങള്‍ ശേഖരിച്ചാല്‍, കര്‍ഷകരില്‍ നല്ലൊരു വിഭാഗത്തെ താങ്ങുവില നല്‍കുന്നതില്‍ നിന്ന് ഒഴിവാക്കേണ്ടി വരുമെന്ന് കൃഷി മന്ത്രാലയ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

താങ്ങുവില പ്രഖ്യാപിച്ചാല്‍ ആ വിലയ്ക്കു കര്‍ഷകനില്‍ നിന്ന് ഭക്ഷ്യധാന്യങ്ങള്‍ എത്രയേറെയുണ്ടെങ്കിലും സംഭരിച്ചേ പറ്റു. ഗോഡൗണുകളുടെ കാര്യത്തില്‍ നിലവിലുള്ള കുറവു പരിഹരിക്കാന്‍ നടപടിയെടുത്തുവരികയാണ് സര്‍ക്കാര്‍. കോടതി നിര്‍ദേശപ്രകാരം സ്വകാര്യ മേഖലയുടെ സഹായവും തേടാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ ഉപസമിതി തീരുമാനിച്ചിട്ടുണ്ട്. കൂടുതല്‍ ഗോഡൗണുകള്‍ സംസ്ഥാന-ദേശീയ തലത്തില്‍ സ്ഥാപിക്കണമെന്നാണ് കോടതി ആവശ്യപ്പെട്ടിട്ടുള്ളത്.

സുപ്രീം കോടതി നിയമിച്ച ഭക്ഷ്യ കമ്മീഷണറുടെ റിപ്പോര്‍ട്ട് പ്രകാരം 50000 ടണ്‍ ഗോതമ്പ് നശിച്ചു കഴിഞ്ഞു. ലക്ഷക്കണക്കിന് ടണ്‍ ഗോതമ്പ് കേടുകൂടാതെ സൂക്ഷിക്കാനാവാത്ത അവസ്ഥയുമുണ്ട്.

ഇതോടൊപ്പം, എ.പി.എല്ലുകാരെ ഒഴിവാക്കണമെന്ന നിര്‍ദേശത്തിലെ രാഷ്ട്രീയ വശവും കേന്ദ്രത്തെ കുഴക്കുന്നു. രാജ്യത്താകമാനമുള്ള ബി. പി.എല്‍. കാര്‍ഡുടമകളെക്കാള്‍ കൂടുതലാണ് എ.പി.എല്‍. കാര്‍ഡുടമകള്‍. 11 കോടി കുടുംബങ്ങള്‍ക്ക് എ.പി.എല്‍. കാര്‍ഡുള്ളപ്പോള്‍, ബി.പി.എല്‍. കാര്‍ഡ് 6.5 കോടി കുടുംബങ്ങള്‍ക്കാണ്. കേരളം ഇക്കാര്യത്തില്‍ ഇതിനകം പ്രതിഷേധം അറിയിച്ചു കഴിഞ്ഞു. സര്‍വകക്ഷി യോഗം വിളിച്ച് വിഷയം ചര്‍ച്ച ചെയ്യാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. രണ്ടു ലക്ഷം രൂപയില്‍ താഴെ വരുമാനമുള്ള എ.പി.എല്ലുകാര്‍ക്കായി റേഷന്‍ ചുരുക്കണമെന്ന സുപ്രീം കോടതി നിര്‍ദേശവും നടപ്പാക്കുന്നത് എങ്ങനെയെന്നറിയാതെ കുഴയുകയാണ് സര്‍ക്കാര്‍. അതേസമയം ബി.പി.എല്‍. പട്ടിക പുതുക്കണമെന്ന നിര്‍ദേശം നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/