
തിരുവനന്തപുരം: കേരളത്തിലെ മൂന്ന് വിമാനത്താവളങ്ങളില്‍നിന്നും ഗള്‍ഫിലേക്കുള്ള 203 എയര്‍ഇന്ത്യ എക്സ്പ്രസ് വിമാന സര്‍വീസുകള്‍ റദ്ദാക്കിയ നടപടി പുനഃപരിശോധിക്കണമെന്ന് കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തല പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ്ങിനും കേന്ദ്ര വ്യോമയാനമന്ത്രി പ്രഫുല്‍പട്ടേലിനും അയച്ച ഫാക്‌സ് സന്ദേശത്തില്‍ ആവശ്യപ്പെട്ടു.
കേരളത്തില്‍നിന്ന് ഗള്‍ഫ്‌രാജ്യങ്ങളിലേക്ക് പോകുന്നവരില്‍ ബഹുഭൂരിപക്ഷവും അവിടെ പണിയെടുക്കുന്ന സാധാരണക്കാരാണ്. ഓണം, റംസാന്‍ അവധിയും സ്‌കൂള്‍ അവധിയുമായി ബന്ധപ്പെട്ട് നാട്ടിലെത്തിയ അവര്‍ക്ക് എയര്‍ഇന്ത്യയുടെ പെട്ടെന്നുള്ള ഗള്‍ഫ് സര്‍വീസ് റദ്ദാക്കല്‍ ഇരുട്ടടിയായിരിക്കുകയാണ്. യഥാസമയം ജോലിക്ക് ഹാജരാകാന്‍ കഴിയാതെ വന്നാല്‍ അനേകം പേരുടെ ജോലി നഷ്ടമാകും. നേരത്തെ ടിക്കറ്റ് ബുക്കുചെയ്തവര്‍ക്ക് പകരം ടിക്കറ്റ് ലഭിക്കണമെങ്കില്‍ മൂന്നും നാലുമിരട്ടി തുക മുടക്കണം. അതിനാല്‍ പകരം യാത്രാസൗകര്യവും പകരം ടിക്കറ്റും ലഭ്യമാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ വേണ്ടത് ചെയ്യണമെന്ന് രമേശ് ചെന്നിത്തല അഭ്യര്‍ഥിച്ചു.