ഡി.യു. വിദ്യാര്‍ഥികള്‍ ഇന്ന് പോളിങ് ബൂത്തിലേക്ക്; വോട്ടെണ്ണല്‍ ശനിയാഴ്ച
Posted on: 03 Sep 2010
ന്യൂഡല്‍ഹി: ഡല്‍ഹി സര്‍വകലാശാലയില്‍ വെള്ളിയാഴ്ച തിരഞ്ഞെടുപ്പ് നടക്കും. കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി സംഘടനയായ എന്‍.എസ്.യു.ഐ.യും ബി.ജെ.പി.യുടെ വിദ്യാര്‍ഥി സംഘടനയായ എ.ബി.വി.പി.യും തമ്മിലാണ് ശക്തമായ മത്സരം നടക്കുന്നത്. എസ്.എഫ്.ഐ.യും എ.ഐ.എസ്.എഫും ഓള്‍ ഇന്ത്യ സ്റ്റുഡന്റ്‌സ് അസോസിയേഷനും (ഐസ) ഗോദയിലിറങ്ങുന്നുണ്ട്. രാവിലെയും വൈകിട്ടുമാണ് തിരഞ്ഞെടുപ്പ് നടക്കുക. രാവിലെ 8.30-നും 12.30-നും ഇടയിലാണ് ആദ്യ തിരഞ്ഞെടുപ്പ്. സായാഹ്ന കോളേജുകളില്‍ വൈകിട്ട് നാലിനും എട്ടിനുമിടയിലാണ് തിരഞ്ഞെടുപ്പ് നടക്കുക. ശനിയാഴ്ച ഫലം പ്രഖ്യാപിക്കും. ഡല്‍ഹി സര്‍വകലാശാലയ്ക്ക് കീഴിലെ 51 കോളേജുകളിലെ വിദ്യാര്‍ഥികളാണ് വെള്ളിയാഴ്ച പോളിങ് ബൂത്തിലേക്ക് പോകുന്നത്.
ആര്‍ക്കാണ് വിജയസാധ്യതയെന്ന് പ്രവചിക്കാന്‍ പറ്റാത്തവിധം ശക്തമായ മത്സരമാണ് നടക്കുന്നതെന്ന് ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ഥികള്‍ ചൂണ്ടിക്കാട്ടി. എന്‍.എസ്.യു.ഐ.ക്കും എ.ബി.വി.പി.ക്കും തന്നെയാണ് വിജയസാധ്യത. പ്രസിഡന്റ്, വൈസ്പ്രസിഡന്റ്, സെക്രട്ടറി, ജോയന്റ് സെക്രട്ടറി സ്ഥാനത്തേക്കാണ് മത്സരം. കഴിഞ്ഞവര്‍ഷം രണ്ട് പ്രമുഖ പാര്‍ട്ടികളുടെയും സ്ഥാനാര്‍ഥിത്വം തള്ളിപ്പോയിരുന്നു. ലിങ്‌ദോ കമ്മിറ്റിയുടെ ശുപാര്‍ശകള്‍ ലംഘിച്ചെന്നാരോപിച്ചായിരുന്നു എന്‍.എസ്.യു.ഐ, എ.ബി.വി.പി. പ്രതിനിധികളുടെ നോമിനേഷന്‍ റിട്ടേണിങ് ഓഫീസര്‍ തള്ളിയത്. ഇക്കുറി സ്ഥിതിവിശേഷം വ്യത്യസ്തമാണ്. എല്ലാ പോസ്റ്റിലേക്കും മിക്ക കക്ഷികളും സ്ഥാനാര്‍ഥികളെ ഇറക്കിയിട്ടുണ്ട്.
എന്‍.എസ്.യു.വിന്റെ പ്രസിഡന്റ് സ്ഥാനാര്‍ഥി ഹരീഷ് ചൗധരിയാണ്. എ.ബി.വി.പി.യുടെ പ്രസിഡന്റ് സ്ഥാനാര്‍ഥി വര്‍ധന്‍ ചൗധരിയും. എ.ഐ.എസ്.എഫിന്റെ പ്രസിഡന്റ് സ്ഥാനാര്‍ഥിയായി മലയാളിയായ അപരാജിത രാജയാണ് മത്സരിക്കുന്നത്. സി.പി.ഐ. നേതാവ് ഡി.രാജയുടെയും ദേശീയ വനിത ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി ആനി രാജയുടെയും മകളാണ് അപരാജിത. കഴിഞ്ഞവര്‍ഷം എ.ഐ.എസ്.എഫ്. സ്ഥാനാര്‍ഥിക്ക് പ്രസിഡന്റ് സ്ഥാനം നഷ്ടപ്പെട്ടത് വെറും പതിനൊന്ന് വോട്ടിനാണ്. എന്നാല്‍ ഇക്കുറി സ്ഥിതിഗതികള്‍ വ്യത്യസ്തമാണെന്നാണ് വിലയിരുത്തല്‍. ആകെ 11 പേരാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത്. മറ്റ് സ്ഥാനങ്ങളിലേക്ക് 30 പേരാണ് മത്സരിക്കുന്നത്.
വര്‍ധന്‍ ചൗധരി (എന്‍.എസ്.യു.ഐ.), പ്രിയ ദാബാസ്(എ.ബി.വി.പി.) എന്നിവര്‍ തമ്മിലാണ് വൈസ്പ്രസിഡന്റ് സ്ഥാനത്തേക്കുള്ള പ്രധാന മത്സരം. ദീപിക ദേഷ്വാളും(എന്‍.എസ്.യു.ഐ), നീതു ദേബാസും(എ.ബി.വി.പി) സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്ന പ്രധാന സ്ഥാനാര്‍ഥികളാണ്. അക്ഷയ്കുമാര്‍(എന്‍.എസ്.യു.ഐ), സൗരഭ് ഉ നിയല്‍(എ.ബി.വി.പി) എന്നിവര്‍ ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് പോരിനിറങ്ങുന്ന പ്രധാന സ്ഥാനാര്‍ഥികളാണ്.പോസ്റ്ററുകളും ബാനറുകളുമൊന്നുമില്ലെങ്കിലും ലിങ്‌ദോ കമ്മിറ്റി ശുപാര്‍ശകള്‍ കാറ്റില്‍പ്പറത്തിയാണ് മത്സരം പൊടിപൊടിക്കുന്നതെന്നാണ് അണിയറയിലെ വര്‍ത്തമാനം. ലിങ്‌ദോ കമ്മിറ്റി ശുപാര്‍ശപ്രകാരം അയ്യായിരം രൂപ വരെ മാത്രമേ ഒരു സ്ഥാനാര്‍ഥിക്ക് ചെലവഴിക്കാന്‍ പറ്റൂ. എന്നാല്‍ സ്ഥാനാര്‍ഥികള്‍ വോട്ട് പിടിക്കാന്‍ പതിനായിരങ്ങള്‍ ചെലവഴിക്കുന്നുണ്ടെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. വിദ്യാര്‍ഥികള്‍ക്ക് വിലപിടിപ്പുള്ള ഭക്ഷണങ്ങള്‍ സ്ഥാനാര്‍ഥികളും രാഷ്ട്രീയ കക്ഷിനേതാക്കളും വാങ്ങിക്കൊടുക്കുന്നുണ്ട്. മുതിര്‍ന്ന രാഷ്ട്രീയക്കാരും രംഗത്തിറങ്ങുന്നുണ്ട്.
തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ സര്‍വകലാശാലയില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കാമ്പസ്സുകളില്‍ പോലീസ് പട്രോളിങ് നടത്തിവരുന്നു. കോളേജുകള്‍ക്ക് മുന്‍വശത്ത് പോലീസ് പിക്കറ്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്. 875 ഇലക്‌ട്രോണിക് വോട്ടിങ് മെഷിനുകളുമുണ്ട്.
ഈ വര്‍ഷം മുതല്‍ നടപ്പാക്കാനിരിക്കുന്ന സെമസ്റ്റര്‍ സമ്പ്രദായമാണ് തിരഞ്ഞെടുപ്പിലെ മുഖ്യചര്‍ച്ചാ വിഷയം. എല്ലാ സംഘനടകളും സെമസ്റ്റര്‍ സമ്പ്രദായത്തെ എതിര്‍ക്കുകയാണ്. കൂടുതല്‍ പഠനഭാരം ഏല്‍പ്പിക്കുന്നുവെന്നാണ് സെമസ്റ്ററിനെതിരായ ആരോപണം. വേണ്ടത്ര സമയമില്ല, ഇന്റേണല്‍ മാര്‍ക്കിന് പ്രാധാന്യം, സമയമില്ലായ്മ എന്നിവയൊക്കെയാണ് സെമസ്റ്ററിനെതിരെ വിദ്യാര്‍ഥികള്‍ ഉന്നയിക്കുന്ന പ്രശ്‌നങ്ങള്‍.
കോമണ്‍വെല്‍ത്ത് ഗെയിംസുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികളെ ഹോസ്റ്റലില്‍ നിന്ന് ഒഴിപ്പിച്ചതും തിരഞ്ഞെടുപ്പില്‍ വിഷയമായിട്ടുണ്ട്. രണ്ടായിരത്തിലേറെ വിദ്യാര്‍ഥികളെയാണ് ഗെയിംസിനുവേണ്ടി ഒഴിപ്പിച്ചത്. ഇതിനെതിരെ വിദ്യാര്‍ഥികള്‍ സമരം നടത്തിയിരുന്നു. എ.ബി.വി.പി.യാണ് ഇത് ഉയര്‍ത്തിക്കൊണ്ടുവരുന്നത്.