കളിയറിവുകളും കാഴ്ചകളുമായി 'കോമണ്‍വെല്‍ത്ത് എക്സ്പ്രസ്...'
Posted on: 03 Sep 2010
പി. യാമിനി
ബാംഗ്ലൂര്‍: ബാംഗ്ലൂര്‍ കന്റോണ്‍മെന്റ് റെയില്‍വേ സ്റ്റേഷനിലെ മൂന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ പതിവില്ലാത്ത ഒരു അതിഥിയുണ്ട്. ഡല്‍ഹിയിലേക്ക് കൂകിപ്പാഞ്ഞുപോകുന്ന പച്ചനിറത്തിലുള്ള ഒരു തീവണ്ടിയാണ് ഈ അതിഥി. വ്യാഴാഴ്ച രാവിലെയാണ് ഈ 'അതിഥി' കന്റോണ്‍മെന്റ് സ്റ്റേഷനില്‍ സ്ഥാനമുറപ്പിച്ചത്. കോമണ്‍വെല്‍ത്ത്‌ഗെയിംസിന്റെ സന്ദേശവും അതിലേറെ ആവേശവും നിറച്ചാണ് 'കോമണ്‍വെല്‍ത്ത് എക്സ്പ്രസ്' ബാംഗ്ലൂരിലെത്തിയിരിക്കുന്നത്.
പച്ച നിറമുള്ള പെയിന്റടിച്ച എട്ട് ബോഗികളാണ് 'കോമണ്‍വെല്‍ത്ത് എക്സ്പ്രസിനു'ള്ളത്. വ്യാഴാഴ്ച രാവിലെ എത്തിയ തീവണ്ടി കാണാന്‍ വരുന്നവരില്‍ ഏറെയും സ്‌കൂള്‍ വിദ്യാര്‍ഥികളാണ്. കോമണ്‍വെല്‍ത്ത് എക്സ്പ്രസിന്റെ ചരിത്രവും മറ്റു വിവരങ്ങളും നിറഞ്ഞ കമ്പാര്‍ട്‌മെന്റിലൂടെ കടലാസും പേനയുമായാണ് മിക്കവരുടെയും യാത്ര. കമ്പാര്‍ട്‌മെന്റുകളുടെ ഇരു ചുമരുകളിലും ശേഖരിച്ചു ചേര്‍ത്തിരിക്കുന്ന വിവരങ്ങളുടെ ഖനി ഇവര്‍ എഴുതിയെടുക്കുന്നു.
ബന്നര്‍ഘട്ടറോഡിലെ നവഭാരത് നിര്‍മാണ്‍ സ്‌കൂളിലെ കിരണ്‍ എന്ന പത്താംക്ലാസുകാരനോട് കാരണം അന്വേഷിച്ചപ്പോള്‍ മറുപടിയിങ്ങനെ: ''കോമണ്‍വെല്‍ത്ത് ഗെയിംസിനെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ഈ തീവണ്ടിയിലുണ്ട്.
മുമ്പ് നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസുകള്‍, മെഡല്‍ നേടിയവര്‍, പങ്കെടുത്ത പ്രമുഖര്‍ എന്നിവയൊക്കെ വിജ്ഞാനപ്രദമാണ്''. വിവരങ്ങള്‍ ഗ്രഹിച്ചശേഷം അധ്യാപകര്‍ നടത്തുന്ന പരീക്ഷയ്ക്കും കിരണ്‍ തയ്യാറെടുക്കുന്നു.
എന്നാല്‍ എട്ടാംക്ലാസുകാരനായ സി.പുനീതിന് തീവണ്ടിയെക്കുറിച്ച് മറ്റൊരു അഭിപ്രായമാണ്. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഏതെല്ലാം ഇനങ്ങളുണ്ടെന്നുപോലും തനിക്കറിയില്ലായിരുന്നുവെന്ന് പുനീത് പറഞ്ഞു. ''എന്നാല്‍ തീവണ്ടിക്കുള്ളില്‍ കടന്നു പുറത്തുവന്നതോടെ വ്യക്തമായ ധാരണലഭിച്ചു''-പുനീത് പറയുന്നു.
മൂന്നാംപ്ലാറ്റ്‌ഫോമില്‍ സ്ഥാനമുറപ്പിച്ച തീവണ്ടിക്ക് എട്ട് കമ്പാര്‍ട്ടുമെന്റുകളാണുള്ളത്. ആദ്യ നാലു കമ്പാര്‍ട്ടുമെന്റുകളില്‍ കോമണ്‍വെല്‍ത്ത് ഗെയിംസിനെക്കുറിച്ചുള്ള വിവരങ്ങളും മറ്റ് നാലെണ്ണത്തില്‍ ഐ.ടി.-വിവരസാങ്കേതിക വിവരങ്ങളുമാണുള്ളത്.
ആദ്യ കോച്ചില്‍ ഇതുവരെ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസിനെക്കുറിച്ചുള്ള വിവരങ്ങള്‍ ഇരുചുമരുകളിലും ഭംഗിയായി എഴുതിച്ചേര്‍ത്തിരിക്കുന്നു. ഗെയിംസിന്റെ ഔദ്യോഗിക ചിഹ്നമായ 'ഷേരാ' എന്ന കടുവക്കുട്ടിയും ഇതിലുണ്ട്.
രണ്ടാംകോച്ചില്‍ ഗെയിംസിന്റെ മത്സരവേദികളെക്കുറിച്ചുള്ള പൂര്‍ണ വിവരങ്ങളുണ്ട്. കോമണ്‍വെല്‍ത്ത് ഗെയിംസിനു പുറമെ മറ്റ് പ്രധാന കായികമാമാങ്കങ്ങളെക്കുറിച്ചുള്ള വിവരങ്ങളാണ് മൂന്നാംകോച്ചിലുള്ളത്.
ഇതുവരെയുള്ള ഗെയിംസില്‍ സ്വര്‍ണം, വെള്ളി, വെങ്കലം മെഡല്‍ നേടിയവരുടെ പൂര്‍ണ വിവരങ്ങള്‍ നാലാം കോച്ചിലുണ്ട്. അഞ്ചാംകോച്ചില്‍ ഇന്ത്യന്‍ റെയില്‍വേയുടെ ചരിത്രവും കായികലോകവുമായുള്ള ബന്ധവും എഴുതിച്ചേര്‍ത്തിരിക്കുന്നു.
രാവിലെ 9.30ന് മുന്‍ വിക്കറ്റ്കീപ്പര്‍ താരം സയ്ദ് കിര്‍മാനി എക്സ്പ്രസ്സിനെ സ്വീകരിച്ചു. സൗത്ത്-വെസ്റ്റേണ്‍ റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ എസ്. മണിയും സന്നിഹിതനായിരുന്നു. വെള്ളിയാഴ്ച വൈകീട്ട് വരെ ബാംഗ്ലൂരിലുള്ള 'കോമണ്‍വെല്‍ത്ത് എക്സ്പ്രസ്' തുടര്‍ന്ന് ഹുബ്ലി വഴി ഗോവയിലേക്ക് യാത്രയാകും.