തടവുകാരുടെ മോചനം: ഹൈക്കോടതി എട്ടിന് വാദം കേള്‍ക്കും
Posted on: 03 Sep 2010
ചെന്നൈ: അണ്ണാദുരെയുടെ പിറന്നാളിനോടനുബന്ധിച്ച് തടവുകാരെ മോചിപ്പിക്കുന്നതിനെതിരെ ജനതാപാര്‍ട്ടി നേതാവ് എം.സുബ്രഹ്മണ്യസ്വാമി നല്‍കിയ ഹര്‍ജിയില്‍ മദ്രാസ് ഹൈക്കോടതി സപ്തംബര്‍ എട്ടിന് വാദം കേള്‍ക്കും.2008-ല്‍ ഡി.എം.കെ. സ്ഥാപകനും മുന്‍ മുഖ്യമന്ത്രിയുമായ സി.എന്‍.അണ്ണാദുരെയുടെ പിറന്നാള്‍ ദിനമായ സപ്തംബര്‍ 15നോട് അനുബന്ധിച്ച് 1400 തടവുകാരെ മോചിപ്പിച്ചിരുന്നു. കൊലപാതക കുറ്റത്തിന് ശിക്ഷിക്കപ്പെട്ടവര്‍ ഉള്‍പ്പെടെയുള്ളവരെ ഒറ്റയടിക്ക് മോചിപ്പിച്ചതിനെതിരെ സുബ്രഹ്മണ്യം സ്വാമി 2008-ല്‍ മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഹര്‍ജി മദ്രാസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്.
ഈ വര്‍ഷവും സപ്തംബര്‍ 15നോട് അനുബന്ധിച്ച് അഞ്ഞൂറോളം തടവുകാരെ മോചിപ്പിക്കുന്നതിനായി സര്‍ക്കാര്‍ തലത്തില്‍ നടപടികള്‍ ആരംഭിച്ചതായുള്ള മാധ്യമ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ വ്യാഴാഴ്ച സുബ്രഹ്മണ്യം സ്വാമി മദ്രാസ് ഹൈക്കോടതിയില്‍ നേരിട്ട് ഹാജരായി. വീണ്ടും തടവുകാരെ മോചിപ്പിക്കാനുള്ള നീക്കങ്ങള്‍ നടക്കുന്ന സാഹചര്യത്തില്‍ 2008-ല്‍ നല്‍കിയ ഹര്‍ജിയില്‍ ഉടന്‍ തീര്‍പ്പ് കല്പിക്കണമെന്ന് സുബ്രഹ്മണ്യം സ്വാമി ചീഫ്ജസ്റ്റീസ് ഇക്ബാല്‍, ജസ്റ്റീസ് ശിവജ്ഞാനം എന്നിവരടങ്ങിയ ബെഞ്ചിന് മുമ്പാകെ അഭ്യര്‍ഥിച്ചു.
എന്നാല്‍ ഇത് സംബന്ധിച്ച് ഇതുവരെ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. തുടര്‍ന്ന് കേസില്‍ കൂടുതല്‍ വാദം കേള്‍ക്കാനായി സപ്തംബര്‍ എട്ടിലേയ്ക്ക് മാറ്റി.
Tags: Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam