തങ്കമണി വധം: 13 പവന്‍ സ്വര്‍ണ്ണാഭരണം കണ്ടെടുത്തു

Posted on: 03 Sep 2010



നീലേശ്വരം: കരിന്തളം മയ്യങ്ങാനത്തെ കെ.ഭാസ്‌കരന്റെ ഭാര്യ കെ.പി.തങ്കമണിയെ കൊന്ന കേസില്‍ അറസ്റ്റിലായ കാഞ്ഞങ്ങാട്ടെ ഫര്‍ണിച്ചര്‍ വ്യാപാരി അബ്ദുള്ളാഹി താസിയെ (27) അന്വേഷണ സംഘം വളപട്ടണം, പാപ്പിനിശ്ശേരി തുടങ്ങിയ പ്രദേശങ്ങളില്‍ കൊണ്ടുപോയി തെളിവെടുത്തു.

തങ്കമണിയുടെയും പേരക്കുട്ടിയുടെയും 13 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ പ്രതി കവര്‍ന്നെടുത്തിരുന്നു. വളപട്ടണം, പാപ്പിനിശ്ശേരി എന്നീ സ്ഥലങ്ങളിലെ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളില്‍ പണയംവെച്ച ഈ ആഭരണങ്ങള്‍ പോലീസ് കണ്ടെടുത്തു. അന്വേഷണ സംഘത്തലവന്‍ വെള്ളരിക്കുണ്ട് സി.ഐ. സി.കെ.സുനില്‍ കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് വ്യാഴാഴ്ചയാണ് താസിയെ തെളിവെടുപ്പിനായി കൊണ്ടുപോയത്.

കണ്ണൂര്‍ പാപ്പിനിശ്ശേരി സ്വദേശിയായ അബ്ദുള്ളാഹി താസിയെ ഹൊസ്ദുര്‍ഗ്ഗ് ഒന്നാം ക്ലാസ്സ് കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. കൂടുതല്‍ തെളിവെടുപ്പിനും അന്വേഷണങ്ങള്‍ക്കുമായി താസിയെ പോലീസ് കസ്റ്റഡിയില്‍ വിട്ടു കിട്ടാനും തിരിച്ചറിയല്‍ പരേഡിന് വിധേയമാക്കാനും സി.ഐ. സുനില്‍കുമാര്‍ ഹൊസ്ദുര്‍ഗ്ഗ് കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.

രഹസ്യമായിട്ടാണ് താസിയെ തെളിവെടുപ്പിനായി സ്വന്തം നാട്ടിലേക്ക് പൊലീസ് സംഘം കൊണ്ടുപോയത്. എങ്കിലും വിവരം അറിഞ്ഞ് നിരവധി പേര്‍ പ്രതിയെ കാണാന്‍ എത്തിയിരുന്നു.

ഇക്കഴിഞ്ഞ ആഗസ്ത് 17നാണ് മയ്യങ്ങാനത്തെ വീട്ടില്‍ വെച്ച് തങ്കമണിയെ കൊലപ്പെടുത്തിയത്. സാമ്പത്തിക ഇടപാട് സംബന്ധിച്ച തര്‍ക്കമാണ് കൊലയില്‍ കലാശിച്ചത്.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/