ബി.പി.എല്‍. നിരക്കില്‍ സംസ്ഥാനങ്ങള്‍ക്ക് 25 ലക്ഷം ടണ്‍ ഭക്ഷ്യധാന്യം
Posted on: 03 Sep 2010
ന്യൂഡല്‍ഹി: പാവങ്ങള്‍ക്ക് ഭക്ഷ്യധാന്യങ്ങള്‍ സൗജന്യമായി നല്‍കണമെന്ന സുപ്രീംകോടതി നിര്‍ദേശം നടപ്പാക്കുന്നത് വ്യാഴാഴ്ച ചേര്‍ന്ന മന്ത്രിസഭാ ഉപസമിതി യോഗം ചര്‍ച്ച ചെയ്തു.
നിര്‍ദേശം നടപ്പാക്കുന്നതിന്റെ ആദ്യഘട്ടമെന്ന നിലയില്‍ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍ക്ക് (ബി.പി.എല്‍.) നല്കുന്ന നിരക്കില്‍ 25 ലക്ഷം ടണ്‍ അരിയും ഗോതമ്പും സംസ്ഥാനങ്ങള്‍ക്കു നല്‍കാന്‍ തീരുമാനിച്ചു. അന്തിമ തീരുമാനം പ്രതീക്ഷിച്ച് ഇടക്കാല നടപടിയെന്ന നിലയില്‍ ആറു മാസത്തേക്ക് 25 ലക്ഷം ടണ്‍ സംസ്ഥാനങ്ങള്‍ക്കു നല്‍കുമെന്ന് ഭക്ഷ്യമന്ത്രി ശരദ് പവാര്‍ പിന്നീട് പത്രലേഖകരെ അറിയിച്ചു.
പൊതുവിതരണ സംവിധാനം ഉടച്ചുവാര്‍ക്കാനും മന്ത്രിസഭാ ഉപസമിതി തീരുമാനിച്ചിട്ടുണ്ട്. ഭക്ഷ്യസുരക്ഷാ പദ്ധതിയുടെ ഭാഗമായിട്ടാണ് ഇതു നടപ്പാക്കുന്നത്.
സൗജന്യമായി ഭക്ഷ്യധാന്യങ്ങള്‍ പട്ടിണികിടക്കുന്നവര്‍ക്ക് നല്‍കണമെന്നത് ഉത്തരവു തന്നെയാണെന്ന് കഴിഞ്ഞദിവസം സുപ്രീംകോടതി വ്യക്തമാക്കിയതിനെത്തുടര്‍ന്നാണ് ധൃതിപിടിച്ചു തീരുമാനത്തിലേക്ക് സര്‍ക്കാര്‍ എത്തിയത്. നേരത്തേ കോടതി ഇത്തരത്തില്‍ പറഞ്ഞത് വെറും അഭിപ്രായപ്രകടനം മാത്രമാണെന്ന് പവാര്‍ പറഞ്ഞതിനെ ജസ്റ്റിസുമാരായ ദല്‍വീര്‍ ഭണ്ഡാരി, ദീപക് വര്‍മ്മ എന്നിവര്‍ വിമര്‍ശിച്ചിരുന്നു. ദാരിദ്ര്യരേഖയ്ക്ക് മുകളിലുള്ളവര്‍ക്ക് (എ.പി.എല്‍.) ഭക്ഷ്യസബ്‌സിഡി നല്‍കുന്നത് നിര്‍ത്തണമെന്ന് കോടതി ആവര്‍ത്തിച്ചിരുന്നു. അഥവാ നല്‍കുന്നെങ്കില്‍ തന്നെ രണ്ടു ലക്ഷം രൂപയ്ക്ക് താഴെ വാര്‍ഷിക വരുമാനമുള്ളവരിലേക്ക് ചുരുക്കണമെന്നും കഴിഞ്ഞ ദിവസം നിര്‍ദേശിച്ചിരുന്നു.
സൗജന്യമായി നല്‍കുന്നതിനുവേണ്ട ഭക്ഷ്യധാന്യങ്ങളില്ലെന്ന നിലപാടാണ് സര്‍ക്കാറിനുള്ളത്. ഭക്ഷ്യസുരക്ഷാ പദ്ധതിയുടെ ഭാഗമായി സാര്‍വത്രിക റേഷന്‍ സംവിധാനം വേണമെന്ന നിര്‍ദേശമുയര്‍ന്നെങ്കിലും ഇപ്പോഴത് എ. പി.എല്‍., ബി.പി.എല്‍. വിഭാഗങ്ങള്‍ക്കായി തരംതിരിക്കാനാണ് തീരുമാനം. സപ്തംമ്പര്‍ 24-ന് ചേരുന്ന ദേശീയ ഉപദേശക സമിതി യോഗം ഈ നിര്‍ദേശം ചര്‍ച്ച ചെയ്യും. കോടതി നിര്‍ദേശം ഭക്ഷ്യസുരക്ഷാ പദ്ധതിയുടെ ഭാഗമാക്കാന്‍ പറ്റുമോയെന്നതും സര്‍ക്കാര്‍ പരിശോധിക്കും.
കര്‍ഷകരില്‍ നിന്നു പണം നല്‍കി സംഭരിക്കുന്ന ഭക്ഷ്യധാന്യങ്ങള്‍ സൗജന്യമായി നല്‍കുന്നതിലെ സാമ്പത്തിക ബാധ്യത യോഗം ചര്‍ച്ച ചെയ്തു. സര്‍ക്കാറിനു താങ്ങാന്‍ കഴിയാത്തതാണിതെന്ന് യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. അധിക ബാധ്യതയുണ്ടാക്കുന്ന ഈ നിര്‍ദേശം നടപ്പാക്കുക പ്രായോഗികമല്ലെന്ന നിലപാടാണ് ധനമന്ത്രാലയത്തിനുള്ളത്. ധനമന്ത്രി പ്രണബ് മുഖര്‍ജിയുടെ നേതൃത്വത്തിലാണ് സമിതി യോഗം ചേര്‍ന്നത്.
Tags: Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam