'ഇന്ത്യന്‍' വിമാനത്തില്‍ അയച്ച പാസ്‌പോര്‍ട്ട് മാലിന്യക്കൂമ്പാരത്തില്‍

Posted on: 03 Sep 2010



വടകര: 'ഇന്ത്യന്‍' എയര്‍ലൈന്‍സിന്റെ കാര്‍ഗോ വിഭാഗത്തിലൂടെ ഡല്‍ഹിക്കയച്ച പാസ്‌പോര്‍ട്ട് കാലിക്കറ്റ് സര്‍വകലാശാലയ്ക്കു സമീപത്തെ ലക്ഷംവീട് കോളനിക്കടുത്തുള്ള മാലിന്യക്കൂമ്പാരത്തില്‍നിന്ന് കണ്ടെത്തി.

ഓര്‍ക്കാട്ടേരി ശ്രീരാഗത്തില്‍ കെ.പി. റിനീഷാണ് ആഗസ്ത് 30ന് കാലത്ത് 9.45നുള്ള ഐ.സി. 76 വിമാനത്തില്‍ തന്റെ പാസ്‌പോര്‍ട്ട് കോഴിക്കോട് വിമാനത്താവളത്തിലെ എയര്‍കാര്‍ഗോ വഴി അയച്ചത്. ഇതിനുള്ള ചെലവിനത്തില്‍ അഞ്ഞൂറ് രൂപയും അടച്ചിരുന്നു. സാധാരണഗതിയില്‍ പാസ്‌പേൂര്‍ട്ട് മൂന്നുമണിക്കൂര്‍കൊണ്ട് ഡല്‍ഹിയില്‍ എത്തേണ്ടതാണ്.

എന്നാല്‍, രണ്ടുദിവസം കഴിഞ്ഞിട്ടും പാസ്‌പോര്‍ട്ട് എത്തിയില്ല. എയര്‍ലൈന്‍സ് അധികൃതരോട് അന്വേഷിച്ചപ്പോഴൊക്കെ കിട്ടിയ മറുപടി സംഭവത്തെപ്പറ്റി പരിശോധിക്കുന്നുണ്ടെന്നായിരുന്നു. റിനീഷിന് കൊറിയയിലെ കമ്പനിയില്‍ പരിശീലനം നേടുന്നതിനായി വിസ പതിക്കാനാണ് പാസ്‌പോര്‍ട്ട് അയച്ചിരുന്നത്. ഇതിനിടയില്‍ യൂണിവേഴ്‌സിറ്റിക്കു സമീപത്തെ താമസക്കാരനായ പുത്തോടിയില്‍ മമ്മത്, റിനീഷിന്റെ പാസ്‌പോര്‍ട്ട് തന്റെ ഭാര്യക്ക് മാലിന്യം തള്ളിയ കൂമ്പാരത്തില്‍നിന്ന് ലഭിച്ചതായി ഫോണിലൂടെ അറിയിക്കുകയായിരുന്നു.

പാസ്‌പോര്‍ട്ട് അയച്ച കവറിന്റെ പുറത്ത് റിനീഷിന്റെ ഫോണ്‍ നമ്പര്‍ രേഖപ്പെടുത്തിയിരുന്നു.

ഇന്ത്യന്‍ എയര്‍ലൈന്‍സ് അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/