
തിരുവനന്തപുരം: ഏറെ വിവാദം സൃഷ്ടിച്ച കുമരകത്തെ മെത്രാന്‍കായല്‍ പദ്ധതിക്ക് അനുമതി നല്‍കേണ്ടെന്ന് മന്ത്രിസഭായോഗം തീരുമാനിച്ചു. എന്നാല്‍ ആറന്മുളയില്‍ വിമാനത്താവളം തുടങ്ങാനുള്ള അപേക്ഷയില്‍ നിയമത്തില്‍ ഇളവുകള്‍ അനുവദിക്കാന്‍ പാടില്ലെന്ന വ്യവസ്ഥയില്‍ അംഗീകാരവും നല്‍കും. കായലും നെല്പാടവും നികത്തിയുള്ള പദ്ധതികളായതിനാലാണ് ഇവ രണ്ടും വിവാദമായത്. മന്ത്രിസഭയില്‍ ഈ രണ്ട് പദ്ധതികളെച്ചൊല്ലിയും തര്‍ക്കവും വാദപ്രതിവാദവും നടന്നു.
കുമരകത്തെ മെത്രാന്‍കായലിലെ 400-ല്പരം സ്ഥലം നികത്തി ടൂറിസത്തിനായി റിസോര്‍ട്ടുകള്‍ തുടങ്ങുന്നതായിരുന്നു പദ്ധതി. ഭൂമാഫിയ ഈ പാടശേഖരത്തിലെ 90 ശതമാനം ഭൂമിയും പലരുടെയും പേരില്‍ വാങ്ങിയിരുന്നു. പദ്ധതിക്ക് തത്വത്തില്‍ അംഗീകാരം നല്‍കണമെന്ന വ്യവസായവകുപ്പിന്റെ നിര്‍ദേശം കഴിഞ്ഞ മൂന്ന് മന്ത്രിസഭാ യോഗങ്ങളിലായി മാറ്റിവെച്ചുകൊണ്ടിരിക്കയായിരുന്നു. പദ്ധതിക്കുവേണ്ടി മന്ത്രിമാരായ എളമരം കരീമും സി. ദിവാകരനും നിലകൊണ്ടപ്പോള്‍ മന്ത്രിമാരായ മുല്ലക്കര രത്‌നാകരന്‍, എന്‍.കെ. പ്രേമചന്ദ്രന്‍, കെ.പി. രാജേന്ദ്രന്‍ എന്നിവര്‍ എതിര്‍ത്തു. സ്വാമിനാഥന്‍ കമ്മീഷന്‍ ശുപാര്‍ശ ചെയ്ത കുട്ടനാട് പാക്കേജില്‍ മെത്രാന്‍ കായലും ഉള്‍പ്പെട്ടതാണെന്നും ഈ പാടശേഖരത്തില്‍ കൃഷിയിറക്കുകയാണ് വേണ്ടതെന്നും മുല്ലക്കര രത്‌നാകരന്‍ പറഞ്ഞു. മെത്രാന്‍ കായലിന് 16 കോടി രൂപയാണ് കുട്ടനാട് പാക്കേജില്‍ വകയിരുത്തിയിരിക്കുന്നത്. ഈ സ്ഥലത്ത് ടൂറിസം പദ്ധതിക്ക് അനുമതി നല്‍കാനാകില്ലെന്നും ഭക്ഷ്യസുരക്ഷയ്ക്ക് മുന്‍തൂക്കം നല്‍കണമെന്നും അദ്ദേഹം വാദിച്ചു. നെല്‍വയല്‍ സംരക്ഷണനിയമം, ഭൂസംരക്ഷണ നിയമം എന്നിവ മറികടന്നേ ഈ പദ്ധതിക്ക് അനുമതി നല്‍കാനാകൂവെന്ന് കെ.പി. രാജേന്ദ്രനും എന്‍.കെ. പ്രേമചന്ദ്രനും ചൂണ്ടിക്കാണിച്ചു.
ഇതേത്തുടര്‍ന്ന് പദ്ധതിക്ക് അംഗീകാരം നല്‍കേണ്ടെന്ന് അന്തിമമായി തീരുമാനിക്കേണ്ടെന്നും അജണ്ട മാറ്റിവെയ്ക്കാമെന്നും സി. ദിവാകരനും എളമരം കരീമും നിലപാട് മാറ്റി. മൂന്ന് മന്ത്രിസഭായോഗങ്ങളിലായി മാറിമാറി പരിഗണിക്കുന്ന ഈ പദ്ധതി സംബന്ധിച്ച് തീരുമാനം നീട്ടിക്കൊണ്ടുപോകുന്നതില്‍ അര്‍ഥമില്ലെന്ന് മന്ത്രി മുല്ലക്കര പറഞ്ഞു. കുട്ടനാട് പാക്കേജിന്റെ ഉദ്ഘാടനം ഉടനെ നടക്കാന്‍പോകുന്നതിനാല്‍ ഇക്കാര്യത്തില്‍ തീരുമാനം ഉടനുണ്ടാകണമെന്നും അദ്ദേഹം വാദിച്ചു. മന്ത്രിമാരുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് പദ്ധതിക്ക് അനുമതി നല്‍കേണ്ടെന്ന് ഒടുവില്‍ തീരുമാനിക്കുകയായിരുന്നു.
ആറന്മുള വിമാനത്താവളപദ്ധതിക്കെതിരെ മന്ത്രി മുല്ലക്കര രത്‌നാകരന്‍ മുഖ്യമന്ത്രിക്ക് കത്തുനല്‍കിയിരുന്നു. നെല്പാടം നികത്തി വിമാനത്താവള പദ്ധതിക്ക് അനുമതി നല്‍കുന്നതിനും ഭൂസംരക്ഷണ നിയമം, നെല്‍വയല്‍ സംരക്ഷണ നിയമം എന്നിവ ഇളവുചെയ്ത് നല്‍കേണ്ടിവരുമെന്ന് അദ്ദേഹം കത്തില്‍ ചൂണ്ടിക്കാണിച്ചിരുന്നു. ഈ കത്തും മന്ത്രിസഭ പരിഗണിച്ചു. നെടുമ്പാശ്ശേരി വിമാനത്താവളത്തിന് ദോഷകരമാകുമെന്നതിനാല്‍ മന്ത്രി എസ്. ശര്‍മയും ആറന്മുളക്കെതിരായ നിലപാടെടുത്തു. വ്യവസായ മന്ത്രിയാണ് ഈ പദ്ധതിക്കായും നിലകൊണ്ടത്. ഒടുവില്‍ മന്ത്രി കോടിയേരി ബാലകൃഷ്ണനും നിയമത്തില്‍ ഇളവ് അനുവദിക്കേണ്ടെന്ന് അഭിപ്രായപ്പെട്ടു.
തുടര്‍ന്ന് നിലവിലുള്ള നിയമങ്ങളില്‍ ഇളവ് അനുവദിക്കാനാകില്ലെന്ന വ്യവസ്ഥയില്‍ പദ്ധതിക്ക് അനുമതി നല്‍കി. എന്നാല്‍ നിയമത്തില്‍ ഇളവ് അനുവദിക്കാതെ വിമാനത്താവളം യാഥാര്‍ഥ്യമാക്കാന്‍ കഴിയില്ല.
മെത്രാന്‍കായല്‍ പദ്ധതിയുടെ പേരില്‍ സി.പി.ഐ.യില്‍ നേതൃത്വം രണ്ടായി പിരിഞ്ഞിരുന്നു. ആ വിഭജനം മന്ത്രിസഭയിലും പ്രതിഫലിച്ചു. യു.ഡി.എഫില്‍ നിന്ന് വി.എം. സുധീരന്‍, കെ.സി. ജോസഫ്, പി.സി. ജോര്‍ജ് എന്നിവര്‍ പദ്ധതിക്ക് അനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. പദ്ധതിക്കനുകൂലമായി വന്‍ സമ്മര്‍ദവും ഭരണ, പ്രതിപക്ഷ ഭേദമെന്യേ ഭൂമാഫിയ ചെലുത്തിയിരുന്നു.