
തിരുവനന്തപുരം: സ്മാര്‍ട്ട്‌സിറ്റി കരാര്‍ റദ്ദാക്കുന്നതിനുള്ള നടപടികള്‍ക്ക് സര്‍ക്കാര്‍ തുടക്കം കുറിച്ചു. ഇതിന്റെ ഭാഗമായി ടീകോമിനു നല്‍കാനുള്ള അന്ത്യശാസനകത്തിന് വ്യാഴാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗം അംഗീകാരം നല്‍കി. പദ്ധതി നടപ്പാക്കാന്‍ ഇനിയുംവൈകിയാല്‍ കടുത്ത നടപടികളിലേക്കു നീങ്ങേണ്ടിവരുമെന്ന മുന്നറിയിപ്പാണ് കത്തിലുള്ളത്.
ടീകോം സി.ഇ.ഒ. അബ്ദുള്‍ ലത്തീഫ് അല്‍ മുല്ല, സ്മാര്‍ട്ട് സിറ്റി സി.ഇ.ഒ. ഫരീദ് അബ്ദുള്‍ റഹ്മാന്‍ എന്നിവര്‍ക്കു നല്‍കാനുള്ള കത്ത് അംഗീകരിച്ച കാര്യം മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദനാണ് അറിയിച്ചത്. സ്മാര്‍ട്ട് സിറ്റി മേഖലയില്‍ സ്വതന്ത്രാവകാശം നല്‍കുന്ന 12 ശതമാനം ഭൂമി വില്‍ക്കാനാവില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. സ്വതന്ത്രാവകാശം നല്‍കുന്ന ഭൂമി പ്രത്യേക സാമ്പത്തിക മേഖലയ്ക്കുള്ളിലായിരിക്കും.
ഫ്രീ ഹോള്‍ഡ് അഥവാ സ്വതന്ത്രാവകാശം എന്നത് ഇന്ത്യന്‍ നിയമത്തിലില്ലാത്ത കാര്യമാണെന്ന് സര്‍ക്കാര്‍ തയ്യാറാക്കിയ കത്തില്‍ പറയുന്നു. അതിനാല്‍ത്തന്നെ ഫ്രീ ഹോള്‍ഡിന് സര്‍ക്കാരിന്‍േറതായ വ്യാഖ്യാനവും നല്‍കിയിട്ടുണ്ട്. ഫ്രീഹോള്‍ഡ് എന്നാല്‍ വില്പനാവകാശമില്ലാത്ത ഭൂമി എന്നാണര്‍ത്ഥമെന്നാണ് സര്‍ക്കാരിന്റെ വാദം.
സര്‍ക്കാരിന്റെ നിലപാട് അറിയിച്ചുകൊണ്ട് 15 ദിവസത്തെ അന്തിമനോട്ടീസ് നല്‍കാനുള്ള നടപടിയാണ് മന്ത്രിസഭ അംഗീകരിച്ചിട്ടുള്ളത്. അടുത്തദിവസം തന്നെ ഇത് ടീകോമിനു കൈമാറും. അവരുടെ മറുപടി ലഭിച്ചശേഷം അനന്തരനടപടികളെക്കുറിച്ച് തീരുമാനിക്കും.