ന്യൂഡല്‍ഹി: ചരിത്രം രചിച്ച് സോണിയാഗാന്ധി നാലാം തവണയും കോണ്‍ഗ്രസ്സിന്റെ അധ്യക്ഷസ്ഥാനത്തേക്ക്. പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിനമായ വ്യാഴാഴ്ച സോണിയയുടെ പത്രിക മാത്രമേ സമര്‍പ്പിക്കപ്പെട്ടുള്ളൂ. വെള്ളിയാഴ്ച സൂക്ഷ്മപരിശോധന നടക്കും. വൈകിട്ട് നാലരയ്ക്ക് സോണിയയെ എതിരില്ലാതെ തിരഞ്ഞെടുത്തതായ പ്രഖ്യാപനം നടക്കും. ഒന്നേകാല്‍ നൂറ്റാണ്ടിന്റെ ചരിത്രമുള്ള കോണ്‍ഗ്രസ്സില്‍ ഏറ്റവുമധികം കാലം അധ്യക്ഷയായ നേതാവെന്ന സ്ഥാനവും 63 കാരിയായ സോണിയയ്ക്ക് സ്വന്തമാവും. സോണിയാഗാന്ധിയെ അധ്യക്ഷയായി നിര്‍ദേശിക്കുന്ന 56 പത്രികകളാണ് സമര്‍പ്പിക്കപ്പെട്ടത്. ഇതില്‍ ഛണ്ഡീഗഢില്‍ നിന്നുള്ള രണ്ട് സെറ്റ് പത്രികകളില്‍ ഒന്ന് തള്ളപ്പെട്ടു. പത്രികയില്‍ പത്തുപേര്‍ ഒപ്പിടാതിരുന്നതാണ് കാരണം. 55 പത്രികകളും സോണിയയെ നിര്‍ദേശിക്കുന്നതാണെന്ന് കോണ്‍ഗ്രസിന്റെ കേന്ദ്ര തിരഞ്ഞെടുപ്പ് അതോറിറ്റി ചെയര്‍മാന്‍ ഓസ്‌കാര്‍ ഫെര്‍ണാണ്ടസ് അറിയിച്ചു.
പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിങ്, രാഹുല്‍ഗാന്ധി, കേന്ദ്രമന്ത്രിമാര്‍, പ്രവര്‍ത്തക സമിതിയംഗങ്ങള്‍ എന്നിവര്‍ വ്യാഴാഴ്ച രാവിലെ സോണിയയെ 10, ജനപഥിലെ വസതിയില്‍ സന്ദര്‍ശിച്ചു. നാമനിര്‍ദേശ പത്രികകളില്‍ സോണിയയുടെ ഒപ്പ് വാങ്ങിയതോടെയാണ് തിരഞ്ഞെടുപ്പു പ്രക്രിയ തുടങ്ങിയത്. തുടര്‍ന്ന് പത്രികകള്‍ എ.ഐ.സി.സി. ഓഫീസിലെത്തിച്ചു. കേന്ദ്ര തിരഞ്ഞെടുപ്പ് അതോറിറ്റിയുടെ ചെയര്‍മാനായ ഓസ്‌കാര്‍ ഫെര്‍ണാണ്ടസ് അവ ഏറ്റുവാങ്ങി. കേന്ദ്ര നേതൃത്വത്തില്‍ നിന്ന് പ്രധാനമന്ത്രി ആദ്യപേരുകാരനായ പത്രികയില്‍ വിവിധ കേന്ദ്രമന്ത്രിമാര്‍, കോര്‍.കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ ഒപ്പുവെച്ചിരുന്നു. കേന്ദ്രമന്ത്രിമാരായ പ്രണബ് മുഖര്‍ജി, വയലാര്‍ രവി എന്നിവരുടെ നേതൃത്വത്തില്‍ മറ്റൊരു പത്രിക, എ.ഐ.സി.സി. ട്രഷറര്‍മോത്തിലാല്‍ വോറയുടെ നേതൃത്വത്തില്‍ മറ്റൊരു പത്രിക എന്നിവ സമര്‍പ്പിച്ചു. ഈ പത്രികയിലാണ് രാഹുല്‍ഒപ്പുവെച്ചിട്ടുള്ളത്. കേന്ദ്രമന്ത്രിമാരും പ്രവര്‍ത്തക സമിതി അംഗങ്ങളുമാണ് ഇവയില്‍ ഒപ്പിട്ട മറ്റുള്ളവര്‍. തുടര്‍ന്ന് വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പത്രിക സമര്‍പ്പണമായി.
വിദേശ സന്ദര്‍ശനത്തിലുള്ള കോണ്‍ഗ്രസ് കോര്‍ സമിതി അംഗവും പ്രതിരോധമന്ത്രിയുമായ എ.കെ.ആന്റണിയും സോണിയയെ അധ്യക്ഷപദവിയിലേക്ക് നിര്‍ദേശിക്കുന്ന പത്രികയില്‍ ഒപ്പുവെച്ചിരുന്നു. മുതിര്‍ന്ന പാര്‍ട്ടി നേതാവ് കെ.കരുണാകരന്‍, കേന്ദ്രമന്ത്രി വയലാര്‍ രവി എന്നിവരും സോണിയയുടെ വസതിയില്‍ എത്തിയിരുന്നു.
കേരളത്തില്‍ നിന്ന് മൂന്നു സെറ്റ് പത്രികകളാണ് സമര്‍പ്പിച്ചത്. കെ. കരുണാകരന്‍, കെ.പി.സി.സി.അധ്യക്ഷന്‍ രമേശ്‌ചെന്നിത്തല, ജി.കാര്‍ത്തികേയന്‍, എം.പി.മാരായ പ്രൊഫ. പി.ജെ.കുര്യന്‍, എം.ഐ.ഷാനവാസ്, പീതാംബരക്കുറുപ്പ്, കൊടിക്കുന്നില്‍ സുരേഷ്, ആന്‍േറാആന്റണി, എന്‍.എസ്.യു. അധ്യക്ഷന്‍ ഹൈബിഈഡന്‍, എ.ഐ.സി.സി. സെക്രട്ടറിമാരായ ടോം വടക്കന്‍, രഞ്ജിതോമസ് എന്നിവരാണ് പത്രികാസമര്‍പ്പണത്തില്‍ സോണിയയെ സന്ദര്‍ശിച്ച് അനുമതി തേടിയത്. കെ.പി.സി.സി. എക്‌സിക്യൂട്ടീവ് അംഗം ഇബ്രാഹിം കുട്ടി കല്ലാര്‍, ഡി.പി.സി.സി. സെക്രട്ടറി കെ.എന്‍.ജയരാജ് എന്നിവരും പങ്കെടുത്തു.
സോണിയയെ തിരഞ്ഞെടുത്തതായി വെള്ളിയാഴ്ച ഔദ്യോഗിക പ്രഖ്യാപനം വരുന്നതോടെ നിലവിലെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി സ്വാഭാവികമായും ഇല്ലാതാകും. തുടര്‍ന്ന് ഡിസംബറിലെ പ്ലീനറി സമ്മേളനം വരെ പ്രവര്‍ത്തക സമിതി സ്റ്റിയറിങ് സമിതിയായി പ്രവര്‍ത്തിക്കും. പ്ലീനറി സമ്മേളനത്തിലാവും പുതിയ പ്രവര്‍ത്തക സമിതിയെ തിരഞ്ഞെടുക്കുക.
സീതാറാം കേസരിയുടെ പിന്‍ഗാമിയായി 1998 ഏപ്രിലിലാണ് സോണിയ കോണ്‍ഗ്രസ് അധ്യക്ഷപദമേല്‍ക്കുന്നത്. ഒരേയൊരു തവണ മാത്രമേ അവര്‍ക്ക് അധ്യക്ഷപദവിയില്‍ മത്സരം നേരിടേണ്ടിവന്നുള്ളൂ. പത്തുവര്‍ഷം മുമ്പ് സോണിയയ്‌ക്കെതിരെ മത്സരിച്ചത് മുതിര്‍ന്ന നേതാവ് ജിതേന്ദ്രപ്രസാദായിരുന്നു. എന്നാല്‍ ആകെയുള്ളതില്‍ ഒരുശതമാനം വോട്ടുമാത്രം നേടി അദ്ദേഹം അടിയറവു പറഞ്ഞു.