ബിഹാറില്‍ മാവോവാദികള്‍ തട്ടിക്കൊണ്ടുപോയ പോലീസുകാരില്‍ ഒരാളെ വധിച്ചു

Posted on: 03 Sep 2010



പട്‌ന: ബിഹാറിലെ ലഖിസരായി ജില്ലയില്‍ ഏറ്റുമുട്ടലിനിടെ മാവോവാദികള്‍ തട്ടിക്കൊണ്ടുപോയ നാല് പോലീസുകാരില്‍ ഒരാളെ മാവോവാദികള്‍ വധിച്ചു. സബ് ഇന്‍സ്‌പെക്ടര്‍ അഭയ്പ്രസാദ് യാദവാണ് കൊല്ലപ്പെട്ടത്. സ്വയംപ്രഖ്യാപിത മാവോവാദി വക്താവായ അവിനാഷാണ് അഭയ്പ്രസാദ് യാദവ് കൊല്ലപ്പെട്ട വിവരം മാധ്യമങ്ങളെ അറിയിച്ചത്. എന്നാല്‍ പോലീസ് ഇത് സ്ഥിരീകരിച്ചിട്ടില്ല.

അതേസമയം, ബന്ദികള്‍ക്കായി തിരച്ചില്‍ ശക്തമാക്കിയതായി ബിഹാര്‍ ഡി.ജി.പി. നീല്‍മണി പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ മാവോവാദികളുമായി ചര്‍ച്ച നടത്തിവരികയാണെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി ജി.കെ. പിള്ള ന്യൂഡല്‍ഹിയില്‍ പറഞ്ഞു.രണ്ട് സബ് ഇന്‍സ്‌പെക്ടര്‍മാരെയും ബിഹാര്‍ മിലിട്ടറി പോലീസിലെ രണ്ട് പേരെയുമാണ് ഞായറാഴ്ച മാവോവാദികള്‍ തട്ടിക്കൊണ്ടുപോയത്. പോലീസ് കസ്റ്റഡിയില്‍ കഴിയുന്ന എട്ട് മാവോവാദികളെ ബുധനാഴ്ചയ്ക്കകം വിട്ടയച്ചില്ലെങ്കില്‍ പോലീസുകാരെ വധിക്കുമെന്ന് മാവോവാദികള്‍ ഭീഷണി മുഴക്കിയിരുന്നു.

ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ ബന്ദികളാക്കിയ മറ്റ് മൂന്ന് പേരെക്കൂടി വധിക്കുമെന്ന് അവിനാഷ് മുന്നറിയിപ്പ് നല്കിയതായി അറിയുന്നു.

ഞായറാഴ്ച കജ്‌ര പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നടന്ന ഏറ്റുമുട്ടലില്‍ ആറ് സൈനികരും ഖവയ്യ പോലീസ് സ്റ്റേഷന്‍ മേധാവി ഭുലന്‍ യാദവും ഒരു പോലീസുകാരനുമുള്‍പ്പെടെ എട്ട് പേരാണ് കൊല്ലപ്പെട്ടത്.

അതിനിടെ, ബന്ദികളുടെ മോചനത്തിനായി മാവോവാദികളുമായി ചര്‍ച്ച നടത്താന്‍ താന്‍ ഒരുക്കമാണെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാര്‍ അറിയിച്ചു. ചര്‍ച്ച നടത്താന്‍ തയ്യാറായിവരുന്ന മാവോവാദികള്‍ക്ക് സുരക്ഷിതപാതയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.

Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/