കശ്മീരികളുടെ മരണം: കമ്മീഷന്‍ അന്വേഷണം തുടങ്ങി

Posted on: 03 Sep 2010



ശ്രീനഗര്‍: കശ്മീരില്‍ സംഘര്‍ഷത്തിനിടെ 17 പേര്‍ മരിക്കാനിടയായ സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ രൂപവത്കരിച്ച ജുഡീഷ്യല്‍ കമ്മീഷന്‍ തെളിവെടുപ്പ് തുടങ്ങി. ഈ വര്‍ഷം ജൂണ്‍ 11 മുതല്‍ ജൂലായ് 19 വരെയുണ്ടായ മരണങ്ങളെക്കുറിച്ച് അന്വേഷിക്കാനാണ് ജമ്മു കശ്മീര്‍ സര്‍ക്കാര്‍ കമ്മീഷനെ നിയമിച്ചത്.

ജൂണ്‍ 11ന് രജൗരിയില്‍ കണ്ണീര്‍ വാതകഷെല്‍ പൊട്ടി നഫൈല്‍ അഹമ്മദ് എന്ന പതിനേഴുകാരന്‍ മരിച്ചതിനെ തുടര്‍ന്നാണ് താഴ്‌വര പ്രശ്‌നകലുഷിതമായത്. തുടര്‍ന്ന് തെരുവിലിറങ്ങിയ പ്രതിഷേധക്കാര്‍ക്കുനേരേ സേന നടത്തിയ വെടിവെപ്പിലാണ് മുറ്റുള്ളവര്‍ മരിച്ചത്. കശ്മീര്‍ നിവാസികളുടെ മരണവുമായി ബന്ധപ്പെട്ടവിവരങ്ങളും സംഘടനകളെക്കുറിച്ചുള്ള വിശദാംശങ്ങളും നല്കാന്‍ അഭ്യര്‍ഥിച്ച് അന്വേഷണ കമ്മീഷന്‍ സെക്രട്ടറി താരിഖ് അഹമ്മദ് ബാന്‍ഡെ പൊതു നോട്ടീസിറക്കി. റിട്ട. ജസ്റ്റിസ് സയദ് ബഷിറുദ്ദീന്‍ അഹമ്മദ് അധ്യക്ഷനും റിട്ട. ജസ്റ്റിസ് വൈ.പി.നര്‍ഗോത്ര അംഗവുമായ കമ്മീഷനാണ് അന്വേഷിക്കുന്നത്.

ശ്രീനഗറിലെ പ്രധാന ഓഫീസിനു പുറമെ ബാരമുള്ളയിലും അനന്ത്‌നാഗിലും ഉപകേന്ദ്രങ്ങള്‍കൂടി കമ്മീഷന്‍ ഒരുക്കിയിട്ടുണ്ട്. അതേസമയം, വിഘടിത വിഭാഗം ഹൂറിയത്ത് കോണ്‍ഫറന്‍സ് ആഹ്വാനംചെയ്ത പണിമുടക്കില്‍ കശ്മീര്‍ താഴ്‌വരയിലെ ജനജീവിതം സ്തംഭിച്ചു. ബാരാമുള്ള, അനന്ത്‌നാഗ്, ശ്രീനഗര്‍ എന്നിവിടങ്ങളില്‍ കടകളും വ്യവസായ സ്ഥാപനങ്ങളും അടഞ്ഞുകിടന്നു. ബസ്സുകള്‍ നിരത്തിലിറങ്ങിയിട്ടില്ല.

പൂഞ്ച് ജില്ലയില്‍ സുരക്ഷാസേന വളഞ്ഞുവെച്ച ഭീകരരും അവരുടെ സഹായികളും രക്ഷപ്പെട്ടു. ഏറെനേരം നീണ്ട ഏറ്റുമുട്ടലിനൊടുവില്‍ ഭീകര്‍ സേനയുടെ കണ്ണുവെട്ടിച്ച് തെഹ്‌സില്‍ ഇന്‍ധറിലെ ഭേരാകിഗലി പ്രദേശത്തെ കാടുകളിലേക്ക് കടന്നു രക്ഷപ്പെടുകയായിരുന്നു.

Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/