വാഷിങ്ടണ്‍: ഇസ്രായേല്‍-പലസ്തീന്‍ സമാധാന ചര്‍ച്ച വ്യാഴാഴ്ച വാഷിങ്ടണില്‍ തുടങ്ങി. അമേരിക്കയുടെ മധ്യസ്ഥതയില്‍, 20 മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും പലസ്തീന്‍ പ്രസിഡന്റ് മെഹമൂദ് അബാസും നേരിട്ട് ചര്‍ച്ച നടത്തുന്നത്. യു.എസ്. വിദേശകാര്യ സെക്രട്ടറി ഹില്ലരി ക്ലിന്റനാണ് ചര്‍ച്ചയ്ക്ക് ആതിഥേയത്വം വഹിക്കുന്നത്. ഒരു വര്‍ഷത്തിനകം പലസ്തീന്‍ പ്രശ്‌നത്തിന് പരിഹാരം കാണണമെന്ന യു.എസ്. പ്രസിഡന്റ് ബരാക് ഒബാമയുടെ പ്രഖ്യാപനത്തെത്തുടര്‍ന്നാണ് അമേരിക്കയുടെ മധ്യസ്ഥതയില്‍ ചര്‍ച്ച നടക്കുന്നത്.
കിട്ടിയ അവസരം പ്രയോജനപ്പെടുത്തണമെന്നും ഇത്തരം സന്ദര്‍ഭങ്ങള്‍ ഇനി ഉടനെ ഉണ്ടാവണമെന്നില്ലെന്നും ചര്‍ച്ച ആരംഭിക്കുന്നതിന് മുമ്പേ ഇരു നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ ഒബാമ പറഞ്ഞു. ജോര്‍ദാന്‍ രാജാവ് അബ്ദുള്ള രണ്ടാമനുമായും ഈജിപ്ത് പ്രസിഡന്റ് ഹോസ്‌നി മുബാറക്കുമായും ഒബാമ ചര്‍ച്ച നടത്തി.
വൈറ്റ്ഹൗസില്‍ ഒബാമ നടത്തിയ അത്താഴവിരുന്നിനിടെ ബെഞ്ചമിന്‍ നെതന്യാഹുവും മെഹമൂദ് അബാസും സമാധാനത്തിനുള്ള തീവ്രാ ഭിലാഷമാണ് പങ്കുവെച്ചത്. വര്‍ഷങ്ങളായി തുടരുന്ന സംഘര്‍ഷത്തിന്, ഞങ്ങളുടെ കുട്ടികള്‍ക്കും അടുത്ത തലമുറകള്‍ക്കും വേണ്ടി, എന്നെന്നേക്കുമുള്ള പരിഹാരമാണ് ഇസ്രായേല്‍ ആഗ്രഹിക്കുന്നതെന്ന് പ്രധാനമന്ത്രി നെതന്യാഹു പറഞ്ഞു. പലസ്തീന്‍കാരുടെയോ ഇസ്രായേലുകാരുടെയോ ഒരു തുള്ളി രക്തംപോലും ചിന്തരുതെന്നാണ് തങ്ങളുടെ ആഗ്രഹമെന്ന് പലസ്തീന്‍ പ്രസിഡന്റ് അബാസും വ്യക്തമാക്കി.
പ്രശ്‌നപരിഹാരത്തിന് അമേരിക്ക എല്ലാ ശ്രമങ്ങളും നടത്തുമെന്ന് പ്രസിഡന്റ് ഒബാമ ഉറപ്പ് നല്കി. അതേസമയം, അമേരിക്കയുടെ തീരുമാനം അടിച്ചേല്‍പ്പിക്കുകയില്ലെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ, ചര്‍ച്ചയോട് പലസ്തീന്‍ പോരാളികളുടെ സംഘടനയായ ഹമാസ് എതിര്‍പ്പ് പ്രകടിപ്പിച്ചു. ഹമാസിന്റെ പ്രാതിനിധ്യമില്ലാതെ നടക്കുന്ന ചര്‍ച്ച വിജയകരമാവില്ലെന്ന് ആശങ്ക ഉയര്‍ന്നിട്ടുണ്ട്. പലസ്തീനില്‍ കഴിഞ്ഞ ദിവസമുണ്ടായ രണ്ട് ആക്രമണങ്ങളുടെയും ഉത്തരവാദിത്വം ഹമാസ് ഏറ്റെടുത്തു. കിഴക്കന്‍ റാമള്ളയ്ക്കടുത്തുണ്ടായ വെടിവെപ്പിലും തുടര്‍ന്നുണ്ടായ തീപ്പിടിത്തത്തിലും രണ്ട് ഇസ്രായേലുകാര്‍ക്ക് പരിക്കേറ്റു. വെസ്റ്റ്ബാങ്കിലുണ്ടായ മറ്റൊരു ആക്രമണത്തില്‍ നാല് ഇസ്രായേലുകാര്‍ കൊല്ലപ്പെട്ടിരുന്നു.