ആയുര്‍വേദ കോളേജുകള്‍ക്ക് ബി.എ.എം.എസ് കോഴ്‌സിനുള്ള അംഗീകാരം നഷ്ടപ്പെട്ടു
Posted on: 03 Sep 2010
പി.ബാലകൃഷ്ണന്‍
കോട്ടയ്ക്കല്‍: സംസ്ഥാനത്ത് 18 ആയുര്‍വേദ കോളേജുകളില്‍ 11 എണ്ണത്തിനും ബി.എ.എം.എസ് കോഴ്‌സിനുള്ള അംഗീകാരം നഷ്ടമായി.
ആവശ്യമായ പഠനസൗകര്യം ഇല്ലാത്തതുകാരണമാണ് അംഗീകാരം എടുത്തുകളയുന്നതെന്ന് കേന്ദ്രസര്‍ക്കാരിന്റെ സെന്‍ട്രല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യന്‍ മെഡിസിന്റെ അറിയിപ്പില്‍ പറയുന്നു.
ബി.എ.എം.എസ് കോഴ്‌സിന് പുതിയ വര്‍ഷത്തേക്കുള്ള അനുമതി ലഭിച്ച കോളേജുകള്‍: കോട്ടയ്ക്കല്‍ വൈദ്യരത്‌നം പി.എസ്. വാരിയര്‍ ആയുര്‍വേദ കോളേജ്, ഒല്ലൂര്‍ വൈദ്യരത്‌നം ആയുര്‍വേദ കോളേജ്, തൃപ്പൂണിത്തുറ ഗവ. ആയുര്‍വേദ കോളേജ്, കാഞ്ഞങ്ങാട് പി.എന്‍. പണിക്കര്‍ ആയുര്‍വേദ മെഡിക്കല്‍ കോളേജ്, പന്തളം മന്നം ആയുര്‍വേദ മെഡിക്കല്‍ കോളേജ്, പറശ്ശിനിക്കടവ് ആയുര്‍വേദ കോളേജ്, കണ്ണൂര്‍ പരിയാരം ഗവ. ആയുര്‍വേദ കോളേജ്. മുന്‍വര്‍ഷങ്ങളില്‍ കോഴ്‌സിനുള്ള അടിസ്ഥാന സൗകര്യങ്ങളില്‍ 80ശതമാനം പൂര്‍ത്തിയാക്കിയാല്‍ സി.സി.ഐ.എം അംഗീകാരം ലഭിച്ചിരുന്നു. ഈ വര്‍ഷം മുതലിത് 90ശതമാനമാക്കി ഉയര്‍ത്തി നിയമം കര്‍ശനമാക്കിയിരുന്നു.
മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ എം.ബി.ബി.എസ് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ പ്രവേശനമാഗ്രഹിക്കുന്നത് ബി.എ.എം.എസ്സിനാണ്. ബി.എ.എം.എസ് കോഴ്‌സിന് സി.സി.ഐ.എമ്മില്‍ നിന്ന് അനുമതി ലഭിക്കാനുണ്ടായ കാലതാമസം കാരണം കൗണ്‍സലിങ് തുടങ്ങിയ നടപടിക്രമങ്ങള്‍ നീണ്ടുപോവാനിടയാക്കിയിട്ടുണ്ട്. ഇനി കൗണ്‍സലിങ് പൂര്‍ത്തിയാക്കി സീറ്റ് അലോട്ട്‌മെന്റ് ആകുമ്പോഴേക്കും ഒരുമാസം കൂടി കഴിയും. തൃപ്പൂണിത്തുറ ഗവ. ആയുര്‍വേദ കോളേജിന് 50 ഡിഗ്രി സീറ്റുകളും 21 പിജി സീറ്റുകളും പി.എന്‍.പണിക്കര്‍ ആയുര്‍വേദ മെഡിക്കല്‍ കോളേജിന് 50ഡിഗ്രി സീറ്റുകളും വൈദ്യരത്‌നം ആയുര്‍വേദ കോളേജിന് 40 ഡിഗ്രി സീറ്റുകളും അനുവദിച്ചിട്ടുണ്ട്.
കോട്ടയ്ക്കല്‍ ആയുര്‍വേദ കോളേജിന് 50 ഡിഗ്രി സീറ്റുകളം എട്ട് പി.ജി. സീറ്റുകളും മന്നം ആയുര്‍വേദ കോളേജിന് 50 ഡിഗ്രിസീറ്റും പറശ്ശിനിക്കടവ് ആയുര്‍വേദ കോളേജിന് 50 ഡിഗ്രി സീറ്റുകളും അനുവദിച്ചു.
കണ്ണൂര്‍ ഗവ. ആയുര്‍വേദ കോളേജില്‍ 40 ഡിഗ്രി സീറ്റിലും അഞ്ച് പി.ജി. സീറ്റിലുമാണ് പ്രവേശനാനുമതി.