ഗില്‍ഗിത്തില്‍ പട്ടാളത്തെ ഇറക്കിയില്ലെന്ന് ചൈനയും

Posted on: 03 Sep 2010



കശ്മീര്‍ പ്രശ്‌നത്തില്‍ ഇടപെടില്ല


ബെയ്ജിങ്: പാക് അധീന കശ്മീരിലെ ഗില്‍ഗിത്-ബാള്‍ട്ടിസ്താന്‍ മേഖലയില്‍ പട്ടാളത്തെ വിന്യസിച്ചെന്ന വാര്‍ത്ത ചൈന നിഷേധിച്ചു. കശ്മീര്‍ പ്രശ്‌നത്തില്‍ ഇടപെടാന്‍ ഉദ്ദേശ്യമില്ലെന്നും ചൈന വ്യക്തമാക്കി. എന്നാല്‍ ജമ്മുകശ്മീരില്‍നിന്നുള്ളവര്‍ക്ക് പ്രത്യേക വിസ അനുവദിക്കുന്ന സമ്പ്രദായം പുനഃപരിശോധിക്കാന്‍ ഉദ്ദേശ്യമില്ലെന്ന് ചൈനയുടെ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

പാക് അധീന കശ്മീരിലെ ഗില്‍ഗിത്-ബാള്‍ട്ടിസ്താന്‍ പ്രദേശത്ത് പാകിസ്താന്റെ മൗനാനുവാദത്തോടെ ചൈന 11,000ഓളം പട്ടാളത്തെ വിന്യസിച്ചെന്ന 'ന്യൂയോര്‍ക്ക് ടൈംസ്' റിപ്പോര്‍ട്ടിനോട് ദിവസങ്ങള്‍ക്കുശേഷമാണ് ചൈന പ്രതികരിക്കുന്നത്. വാര്‍ത്ത ശരിയല്ലെന്ന് പാകിസ്താന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സംഭവത്തെപ്പറ്റി സ്വതന്ത്രാന്വേഷണം നടത്തുമെന്നായിരുന്നു ഇന്ത്യയുടെ പ്രതികരണം. ഇന്ത്യയുമായും പാകിസ്താനുമായും ചൈനയ്ക്കുള്ള ബന്ധം തകര്‍ക്കാന്‍ തത്പരകക്ഷികള്‍ പടച്ചുവിടുന്ന കള്ളക്കഥകളുടെ ഭാഗമാണീ വാര്‍ത്തയെന്നാണ് ചൈനയുടെ വിദേശകാര്യ വക്താവ് ജിയാങ്‌യു വ്യാഴാഴ്ച പറഞ്ഞത്.

ഇന്ത്യയുടെയും പാകിസ്താന്റെയും അയല്‍രാജ്യവും സുഹൃത്തുമാണ് ചൈന. അതുകൊണ്ടുതന്നെ കശ്മീര്‍പ്രശ്‌നം ഇന്ത്യയും പാകിസ്താനും ചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്നാണ് ചൈനയുടെ നിലപാട്- കശ്മീര്‍പ്രശ്‌നത്തില്‍ ഇടപെടാന്‍ ചൈന ഉദ്ദേശിക്കുന്നില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് ജിയാങ്‌യു പറഞ്ഞു. പാക് അധീനകശ്മീരിലെ ചൈനീസ് സൈനികരുടെ സാന്നിധ്യത്തെക്കുറിച്ച് വന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് പറഞ്ഞ യു അതിന് കൂടുതല്‍ വിശദീകരണമൊന്നും നല്‍കിയില്ല. വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ചൈനീസ് സംഘമാണ് അവിടെ പ്രവര്‍ത്തിക്കുന്നതെന്നാണ് ചൈനയിലെ പാക് അംബാസഡര്‍ മസൂദ്ഖാന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. ചൈനയുടെ ദിനപ്പത്രത്തിലാണ് പാകിസ്താന്റെ വിശദീകരണവും വന്നത്.

അതേസമയം, ജമ്മുകശ്മീരില്‍നിന്നുള്ളവര്‍ക്ക് പ്രത്യേക വിസ അനുവദിക്കുന്ന രീതി തുടരുമെന്നാണ് യുവിന്റെ പ്രസ്താവന സൂചിപ്പിക്കുന്നത്. ''ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള കശ്മീരില്‍നിന്നുള്ളവര്‍ക്ക് വിസ നല്‍കുന്ന കാര്യത്തില്‍ ചൈനയുടെ നിലപാട് സുസ്ഥിരമാണ്. അതില്‍ മാറ്റമൊന്നും വരുത്താന്‍ ഉദ്ദേശിക്കുന്നില്ല''- അവര്‍ പറഞ്ഞു. എന്നാല്‍ പാക് അധീന കശ്മീരില്‍നിന്നുള്ളവര്‍ക്ക് പ്രത്യേക വിസ നല്‍കുമോ എന്ന ചോദ്യത്തിന് അവര്‍ മറുപടി നല്‍കിയില്ല. ഇപ്പോഴത്തെ തര്‍ക്കങ്ങളുടെ പേരില്‍ ഇന്ത്യയും ചൈനയും സൈനിക സഹകരണം വിച്ഛേദിച്ചിട്ടില്ലെന്നും അവര്‍ പറഞ്ഞു.

ജമ്മുകശ്മീരില്‍നിന്നുള്ളവര്‍ക്ക് പ്രത്യേക വിസ നല്‍കുന്നതും കരസേനയുടെ നോര്‍തേണ്‍ കമാന്‍ഡ് മേധാവി ലഫ്.ജനറല്‍ ബി.എസ്. ജസ്വാളിന് വിസ നിഷേധിച്ചതും ഇന്ത്യ-ചൈന ബന്ധത്തില്‍ വിള്ളല്‍ സൃഷ്ടിച്ചിരുന്നു. തനിക്ക് വിസ നിഷേധിച്ച നടപടി ചൈനയുടെ ഇഷ്ടാനിഷ്ടങ്ങളുടെ ഭാഗമാണെന്ന് ജസ്വാള്‍ വ്യാഴാഴ്ച പറഞ്ഞു. വിസയ്ക്ക് അപേക്ഷ കൊടുത്തു, ചൈന അത് നിഷേധിച്ചു എന്നല്ലാതെ അതിന്റെ കാരണത്തെക്കുറിച്ചറിയില്ലെന്നും അത് അന്വേഷിക്കേണ്ടത് സൈനിക നേതൃത്വമാണെന്നും ജസ്വാള്‍ വ്യക്തമാക്കി.

Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/