
വാഷിങ്ടണ്‍: ഡിസ്‌കവറി ചാനല്‍ ആസ്ഥാനത്ത് സ്‌ഫോടകവസ്തുക്കളുമായെത്തി മൂന്നുപേരെ ബന്ദികളാക്കിയ തീവ്രപരിസ്ഥിതിവാദിയെ പോലീസ് വെടിവെച്ചു കൊന്നു.
വാഷിങ്ടണിനടുത്തുള്ള മെരിലാന്‍ഡിലെ ചാനല്‍ ആസ്ഥാനത്ത് ബുധനാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്ക് ഒരുമണിയോടെയാണ് ശരീരത്തില്‍ സ്‌ഫോടകവസ്തുക്കളും കൈയില്‍ തോക്കുമായി ജയിംസ്‌ലീ എന്ന ഏഷ്യന്‍ വംശജനായ അമേരിക്കക്കാരന്‍ ഇരച്ചുകയറിയത്. ഡിസ്‌കവറിയുടെ പരിപാടികള്‍ക്ക് പാരിസ്ഥിതികാഭിമുഖ്യം പോരെന്നായിരുന്നു ലീയുടെ പരാതി.
പ്രകൃതിയെയും വന്യജീവികളെയും വിഷയമാക്കുന്ന ഡിസ്‌കവറി ഭൂമിയെ രക്ഷിക്കണമെന്ന അവബോധം പ്രേക്ഷകരിലുണ്ടാക്കുന്ന പരിപാടികള്‍ സംപ്രേഷണം ചെയ്യണമെന്ന് ജീവനക്കാരെ ബന്ദികളാക്കിയ ശേഷം ലീ ആവശ്യപ്പെട്ടു. പരാന്ന ജീവിയായ മനുഷ്യന്റെ ജനനത്തെ വലിയ കാര്യമായി അവതരിപ്പിക്കുന്ന പരിപാടികള്‍ ഒഴിവാക്കി പകരം വന്ധ്യംകരണം പ്രോത്സാഹിപ്പിക്കുന്ന പരിപാടികള്‍ സംപ്രേഷണം ചെയ്യണമെന്നതായിരുന്നു മറ്റൊരാവശ്യം.
ലീ യുമായി ചര്‍ച്ച നടത്തി അനുനയത്തിലൂടെ പ്രശ്‌നം തീര്‍ക്കാന്‍ ശ്രമം നടന്നെങ്കിലും ബന്ദികളിലൊരാളുടെ തലയ്ക്കുനേരെ ലീ തോക്ക് ചൂണ്ടിയതോടെ പോലീസ് ഉടന്‍ വെടിവെച്ച് വീഴ്ത്തുകയാണുണ്ടായതെന്ന് മോണ്ട്‌ഗോമറി പോലീസ് മേധാവി ജെ തോമസ് മാഞ്ചര്‍ പറഞ്ഞു. കെട്ടിടത്തിലുണ്ടായിരുന്ന 1900ത്തോളം ജീവനക്കാരെ പോലീസ് നേരത്തേതന്നെ സുരക്ഷിതമായി മാറ്റിയിരുന്നു. ഡിസ്‌കവറി ആസ്ഥാനത്തിന് മുന്നില്‍ ഏറെ നാളായി പ്രതിഷേധം നടത്തിവന്ന ലീയെ അസ്വാഭാവിക പെരുമാറ്റത്തിന്റെ പേരില്‍ 2008ല്‍ കോടതി ആറുമാസം നല്ലനടപ്പിന് ശിക്ഷിച്ചിരുന്നു.
മുന്‍ യു.എസ്. വൈസ് പ്രസിഡന്റായ അല്‍ഗോറിന്റെ കാലാവസ്ഥാവ്യതിയാനം സംബന്ധിച്ച 'ഇന്‍ കണ്‍വീനിയന്റ് ട്രൂത്ത്' എന്ന ഡോക്യുമെന്ററിയാണ് പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ തനിക്ക് പ്രചോദനമായതെന്നും ലീ അഭിപ്രായപ്പെട്ടിരുന്നു.