ഓസ്‌ട്രേലിയയില്‍ ജൂലിയക്ക് വഴിതെളിയുന്നു

Posted on: 03 Sep 2010



മെല്‍ബണ്‍:പൊതുതിരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷം കിട്ടാത്ത ഓസ്‌ട്രേലിയയില്‍ ആദ്യത്തെ വനിതാ പ്രധാനമന്ത്രി ജൂലിയ ഗില്ലാര്‍ഡ് ഭരണം നിലനിര്‍ത്തുന്നതിനു വഴിതെളിയുന്നു. ടാസ്മാനിയയില്‍ നിന്നുള്ള സ്വതന്ത്ര എം.പി. ഗില്ലാര്‍ഡിന്റെ ലേബര്‍ പാര്‍ട്ടിക്കു പിന്തുണ പ്രഖ്യാപിച്ചതോടെയാണിത്.

ഒരു സ്വതന്ത്രനെയും ഏക ഗ്രീന്‍പാര്‍ട്ടി അംഗത്തെയും ഒപ്പം നിര്‍ത്താനായതോടെ ലേബര്‍ പാര്‍ട്ടിക്ക് 150 അംഗ സഭയില്‍ 74 പേരുടെ പിന്തുണയായി. ടോണി ആബ്ബട്ടിന്റെ പ്രതിപക്ഷ യാഥാസ്ഥിതിക സഖ്യത്തിന് 73 പേരുടെ പിന്തുണയാണുള്ളത്. ഭൂരിപക്ഷത്തിന് 76 സീറ്റാണു വേണ്ടത്. അവശേഷിക്കുന്ന മൂന്നു സ്വതന്ത്രരുടെ നിലപാടാണ് മന്ത്രിസഭാ രൂപവല്‍ക്കരണത്തില്‍ നിര്‍ണായകമാവുക. ഇതില്‍ രണ്ടു പേര്‍ ജൂലിയ ഗില്ലാര്‍ഡിനെ പിന്തുണയ്ക്കുമെന്നാണ് കരുതുന്നത്.

ആഗസ്ത് 21 ന് നടന്ന പൊതുതിരഞ്ഞെടുപ്പില്‍ തൂക്കുസഭ വന്നതിനെത്തുടര്‍ന്ന് ഓസ്‌ട്രേലിയയില്‍ മന്ത്രിസഭാ രൂപവത്കരണം അനിശ്ചിതത്വത്തിലായിരുന്നു.

സ്വന്തം മണ്ഡലത്തിലേക്ക് കോടിക്കണക്കിന് ഡോളര്‍ വാഗ്ദാനം ചെയ്തതും നിരന്തരം അപേക്ഷിച്ചതുകൊണ്ടുമാണ് താന്‍ ലേബര്‍ പാര്‍ട്ടിക്ക് പിന്തുണ നല്‍കാന്‍ തീരുമാനിച്ചതെന്ന് സ്വതന്ത്ര എം.പി. ആന്‍ഡ്രു ഹല്‍കി പറഞ്ഞു. ഇതോടെ 150 അംഗ പ്രതിനിധിസഭയില്‍ 74 അംഗങ്ങളായി. ബാക്കിയുള്ള മൂന്നു സ്വതന്ത്രമാരുടെ പിന്തുണ പിടിക്കാനുള്ള തത്രപ്പാടിലാണ് ഇരുപക്ഷവും. ഇവര്‍ മൂന്നു പേരും പിന്തുണച്ചാല്‍ മാത്രമേ പ്രതിപക്ഷത്തിനു ഭരണംകിട്ടൂ. അതിനുള്ള സാധ്യത കുറവാണെന്നാണ് കരുതുന്നത്.

Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/