ആരോരുമില്ലാത്ത രാജകുടുംബാംഗം ഇനി 'സനാഥന്‍'

Posted on: 03 Sep 2010



കോഴിക്കോട്: അനാഥാവസ്ഥയില്‍ ആസ്​പത്രിക്കിടക്കയില്‍ കിടന്ന രാജകുടുംബാംഗം കൃഷ്ണവര്‍മയെ നഗരത്തിലെ ഒരു ചാരിറ്റബിള്‍ ട്രസ്റ്റ് ഏറ്റെടുത്തു. കോഴിക്കോട് മിംസ് ആസ്​പത്രിക്കടുത്ത് പ്രവര്‍ത്തിക്കുന്ന 'റിലീഫ്' വൃദ്ധസദനത്തിലാണ് ഇദ്ദേഹത്തെ മാറ്റിയത്.

ബാലുശ്ശേരി കൊളപ്രം കോവിലകാംഗമായ കൃഷ്ണവര്‍മയുടെ (63) ദുരവസ്ഥയെക്കുറിച്ച് 'മാതൃഭൂമി' കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് 'റിലീഫ് ഓള്‍ഡ് ഏജ് ഹോം' ചാരിറ്റബിള്‍ ട്രസ്റ്റ് അദ്ദേഹത്തെ വ്യാഴാഴ്ച ഏറ്റെടുത്തത്. നേരത്തേ ഇത്തരത്തില്‍ റെയില്‍വേസ്റ്റേഷനിലും ബസ്സ്റ്റാന്‍ഡിലും സര്‍ക്കാര്‍ ആസ്​പത്രികളിലും അനാഥാവസ്ഥയില്‍ കഴിഞ്ഞ എട്ട് വൃദ്ധരും ഇവിടെ കൃഷ്ണവര്‍മയ്ക്ക് കൂട്ടായുണ്ട്. പാസ്റ്റര്‍ ചാര്‍ളിയും വര്‍ഗീസും നേതൃത്വം നല്കുന്ന ചാരിറ്റബിള്‍ ട്രസ്റ്റ് ജാതിമതഭേദമെന്യേ വൃദ്ധരെ സംരക്ഷിക്കുന്നുണ്ട്. കാഴ്ചയും ഓര്‍മശക്തിയുമില്ലാതെ കോഴിക്കോട് ബീച്ച് ആസ്​പത്രിയില്‍ അനാഥാവസ്ഥയിലായിരുന്നു കൃഷ്ണവര്‍മ.

വൃദ്ധസദനത്തില്‍ എത്തിച്ച ഇദ്ദേഹത്തിന് പ്രത്യേക ഭക്ഷണത്തോടൊപ്പം വസ്ത്രവും മറ്റ് സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/